ഇസ്രയേലില്‍ ഹമാസ് നടത്തിയത് ഭീകരാക്രമണമെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍. ഇന്ത്യ ഇസ്രയേലിനോടൊപ്പമാണ്. ഇന്ത്യക്കാരോട് സുരക്ഷിതരായി ഇരിക്കാന്‍ ഇന്ത്യന്‍ എംബസി നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും വി മുരളീധരന്‍ പറഞ്ഞു.ഇസ്രയേലിന്റെ വിവിധ പ്രദേശങ്ങളെ ലക്ഷ്യമിട്ട് ഹമാസ് നടത്തിയ മിന്നാലാക്രമണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ഞെട്ടല്‍ രേഖപ്പെടുത്തിയിരുന്നു. ഇസ്രയേലിലെ ഭീകരാക്രമണ വാര്‍ത്തകള്‍ ഞെട്ടിപ്പിക്കുന്നതാണെന്നും പ്രാര്‍ത്ഥനകള്‍ നിരപരാധികളായ ഇരകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഒപ്പമാണെന്നും പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു. ഇസ്രായേലിനോട് ഐക്യദാര്‍ഢ്യപ്പെടുന്നതായും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.അതേസമയം, ഇസ്രായേലിലെ ഇന്ത്യന്‍ എംബസി ഇന്ത്യന്‍ പൗരന്മാരോടും ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അനാവശ്യ സഞ്ചാരം ഒഴിവാക്കാനും സുരക്ഷാ ഷെല്‍റ്ററുകളില്‍ നില്‍ക്കാനുമാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.ഇസ്രയേല്‍, ഫലസ്തീന്‍ പ്രദേശങ്ങളില്‍ വ്യാപക ആക്രമണം തുടരുകയാണ്. ഇന്നലെ മാത്രം 450 ലേറെ പേരാണ് ഇരുപക്ഷത്തും കൊല്ലപ്പെട്ടത് 3000 ല്‍ ഏറെ പേര്‍ക്ക് പരിക്കുണ്ട്. .നിരവധി പേരെ ഹമാസ് ബന്ദികളാക്കിയതായി ഇസ്രയേല്‍ സ്ഥിരീകരിച്ചു.ഇസ്രയേല്‍ ഗസ്സയില്‍ നടത്തിയ പ്രത്യാക്രമണത്തില്‍ കൊല്ലപ്പെട്ടത് 232 ഫലസ്തീനികളാണ്. 1697 പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചേയും ഗസ്സക്കു മേല്‍ ഇസ്രായേല്‍ സൈന്യത്തിന്റെ വ്യോമാക്രമണം തുടര്‍ന്നു. യഹ്യ അല്‍ സിന്‍വര്‍ ഉള്‍പ്പെടെ ഹമാസ് നേതാക്കളുടെ ഗസ്സ വസതികളിലും സൈന്യം ബോംബിട്ടു. ഇതിനു മറുപടിയായി തെല്‍അവീവിന് നേര്‍ക്ക് 150 ഓളം മിസൈലുകള്‍ ഹമാസ് തൊടുത്തുവിട്ടു. ചില മിസൈലുകള്‍ കെട്ടിടത്തില്‍ പതിച്ച് നാശനഷ്ടം ഉണ്ടായി. വിജയം വരെ പോരാട്ടം തുടരുമെന്ന് ഇസ്രയേലും ഹമാസും വ്യക്തമാക്കി. ഇസ്രായേലില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.റോക്കറ്റാക്രമണത്തോടൊപ്പം ഇസ്രയേല്‍ പ്രദേശങ്ങളിലേക്ക് പോരാളികളെ അയച്ചും ഫലസ്തീന്‍ പ്രതിരോധ സംഘടനയായ ഹമാസ് ഇന്നലെ നടത്തിയ സൈനിക നടപടിയുടെ ആഘാതത്തില്‍ നിന്ന് ഇസ്രയേല്‍ നേതൃത്വം ഇനിയും മോചിതമായില്ല. ആക്രമണത്തില്‍ 250 പേര്‍ ഇസ്രയേലില്‍ കൊല്ലപ്പെട്ടതായി സൈന്യം അറിയിച്ചു. പരിക്കേറ്റവരുടെ എണ്ണം 1100ന് മുകളിലാണ്.ഇസ്രയേലിനുള്ളില്‍ ഇരുപതിലേറെ കേന്ദ്രങ്ങളില്‍ ഹമാസ് പോരാളികളും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടര്‍ന്നു. ഹമാസ് പോരാളികള്‍ ബന്ദികളാക്കിയ നിരവധി സൈനികരെയും സാധാരണക്കാരെയും മോചിപ്പിക്കാനുള്ള ഇസ്രായേല്‍ സൈനികനീക്കം ഇനിയും വിജയിച്ചിട്ടില്ല. ഉയര്‍ന്ന ഓഫീസര്‍മാര്‍ ഉള്‍പ്പെടെ നിരവധി സൈനികര്‍ തങ്ങളുടെ സുരക്ഷിത കസ്റ്റഡിയിലാണെന്ന് ഹമാസ് നേതൃത്വം വ്യക്തമാക്കി. അധിനിവേശ ശക്തിക്കെതിരെ നിര്‍ണായക പോരാട്ടം ആരംഭിച്ചതേയുള്ളൂവെന്നാണ് ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യ വ്യക്തമാക്കിയത്. ഭീകരര്‍ക്കെതിരായ വ്യാപകയുദ്ധത്തിന് അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്‍ പൂര്‍ണപിന്തുണ പ്രഖ്യാപിച്ചതായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു അറിയിച്ചു.










