പെര്‍ത്ത്: ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള രണ്ടാം ടെസ്റ്റിന്റെ നാലാം ദിനത്തിലും ക്യാപ്റ്റന്‍മാര്‍ തമ്മില്‍ ഉരസി. നാലാം ദിനത്തിലെ ആദ്യ സെഷനിലാണ് ടിം പെയ്നും വിരാട് കോലിയും തമ്മില്‍ കൊമ്പു കോര്‍ത്തത്. അമ്പയര്‍ ക്രിസ് ജെഫാനി തൊട്ടടുത്ത് നില്‍ക്കേയാണ് ഇരുവരും വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടത്. ക്യാപ്റ്റന്‍മാര്‍ അതിരുവിടുന്നതു കണ്ട ജെഫാനി പ്രശ്നത്തില്‍ ഇടപെട്ടു. ക്യാപ്റ്റന്‍മാരാണെന്ന കാര്യം മറക്കരുതെന്ന് അമ്പയര്‍ ഇരുവര്‍ക്കും മുന്നറിയിപ്പ് നല്‍കി. ഓസീസ് ഇന്നിങ്സിന്റെ 71-ാം ഓവറിലായിരുന്നു സംഭവം. ഉസ്മാന്‍ ഖ്വാജയ്ക്കൊപ്പം ഓസീസ് ഇന്നിങ്സിനെ മികച്ച രീതിയില്‍ ടിം പെയ്ന്‍ മുന്നോട്ടുനയിക്കുന്നതിനിടെ കോലി ഓസീസ് ക്യാപ്റ്റനെ പ്രകോപിപ്പിക്കുകയായിരുന്നു. റണ്‍ പൂര്‍ത്തിയാക്കാന്‍ പെയ്ന്‍ ഓടുന്നതിനിടയിലാണ് ഇത്. ഇത് ശ്രദ്ധയില്‍പെട്ട അമ്പയര്‍ ഇരുവരേയും ശാസിച്ചു. ‘ഇതു മതി, ഇനി കളിക്കാന്‍ നോക്കൂ’ എന്നായിരുന്നു അമ്പയറുടെ നിര്‍ദേശം. ‘വെറുതെ സംസാരിക്കുകയാണ്. പ്രകോപനമൊന്നുമില്ല’ എന്നായിരുന്നു അമ്പയറോട് പെയ്നിന്റെ മറുപടി. ഈ ന്യായീകരണം അമ്പയര്‍ക്ക് അത്ര രസിച്ചില്ല. നിങ്ങള്‍ ടീമിന്റെ ക്യാപ്റ്റനാണ് എന്ന് പെയ്നിനെ അമ്പയര്‍ ഓര്‍മിപ്പിച്ചു. ഇതിനിടെ സ്‌ക്വയര്‍ ലെഗ് അമ്പയറായ കുമാര്‍ ധര്‍മസേനയോട് കോലി പരാതി പറയുന്നതും കാണാമായിരുന്നു. ഇതിനിടയില്‍ സെന്‍ റേഡിയോയില്‍ മുന്‍ ടെസ്റ്റ് ബൗളര്‍ ഡാമിയന്‍ ഫ്ളെമിങ്ങിന്റെ കമന്റ് ഇങ്ങനെയായിരുന്നു ‘ഇന്ത്യ മത്സരം തോല്‍ക്കാന്‍ പോകുന്നതിന്റെ ആദ്യ സൂചനായണിത്’. ‘ഇന്ത്യ മത്സരം തോല്‍ക്കാന്‍ പോകുന്നതിന്റെ ആദ്യ സൂചനായണിത്’. എന്നാല്‍ ഇരുവരുടേയും പ്രവര്‍ത്തിയില്‍ തടയപ്പെടേണ്ട എന്തെങ്കിലും ഉണ്ടെന്ന് കരുതുന്നില്ല എന്നായിരുന്നു റിക്കി പോണ്ടിങ്ങിന്റെ അഭിപ്രായം.
മൂന്നാം ദിനം കളിയവസാനിക്കവെയാണ് നായകന്‍മാര്‍ തമ്മില്‍ വാക്ക്‌പോര് തുടങ്ങിയത്. മത്സരശേഷം ഡ്രസിംഗ് റൂമിലേക്ക് മടങ്ങവെ ഇരുവരും പരസ്പരം പ്രകോപനം സൃഷ്ടിച്ച് സംസാരിക്കുകയായിരുന്നു. അവസാന ഓവറില്‍ പെയ്നെ പുറത്താക്കാന്‍ ഇന്ത്യന്‍ ടീം ഒന്നാകെ അപ്പീല്‍ ചെയ്തതാണ് ഈ തര്‍ക്കത്തിന് തുടക്കമിട്ടത്. അമ്പയര്‍ ഔട്ട് നിഷേധിച്ചെങ്കിലും ഇന്ത്യ അദ്ദേഹത്തിന്റെ തീരുമാനം റിവ്യൂ ചെയ്തിരുന്നില്ല. ഇതിനു പിന്നാലെയാണ് ഇരുവരും തമ്മില്‍ ഇടഞ്ഞത്.
‘ഈ ഔട്ട് അമ്പയര്‍ അനുവദിച്ചിരുന്നെങ്കില്‍ പരമ്പര 2-0 ആയേനെ’ എന്നായിരുന്നു കോലിയുടെ പരാമര്‍ശം. ‘അതിനു മുന്‍പ് നിങ്ങള്‍ ഒന്നുകൂടി ബാറ്റു ചെയ്യണം, വിരാട്. ഇതിനോട് പെയ്നിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു’.







