Home Special Story അദാനിയുടെ ചിറകുകള്‍

അദാനിയുടെ ചിറകുകള്‍

2
0

പി. എ. അലക്‌സാണ്ടര്‍
വ്യോമയാത്ര ഇന്ന് സാധാരണക്കാരന്റെ ആശ്രയങ്ങളില്‍ ഒന്നാണ്. സമ്പന്നര്‍ മാത്രം പതിവായി വിമാനയാത്ര ചെയ്തിരുന്ന കാലം പോയി. സമയത്തിന്റെ വില മനസ്സിലാക്കിയ ആധുനികമനുഷ്യന്‍ ഉദ്ദിഷ്ട സ്ഥലങ്ങളില്‍ വേഗമെത്തിച്ചേരാന്‍ വിമാനയാത്ര ശീലമാക്കിയിരിക്കുന്നു. യൂറോപ്യന്‍ നാടുകളില്‍ കരഗതാഗതമാര്‍ഗ്ഗത്തേക്കാള്‍ കുറഞ്ഞ ചെലവില്‍ വിമാനയാത്ര നടത്താം. നമ്മുടെ രാജ്യത്ത് ട്രെയിന്‍ മാര്‍ഗ്ഗമാണ് ഏറ്റവും ചെലവ് കുറഞ്ഞത്. എന്നാല്‍ ജനസംഖ്യയില്‍ വലിയ ഒരു ശതമാനം വ്യോമമാര്‍ഗ്ഗം ഒന്നാമത്തെ യാത്രാമാര്‍ഗ്ഗമായി പരിഗണിക്കാന്‍ തുടങ്ങുന്നതുവരെ ഇന്ത്യയിലും വിമാനയാത്രാ താരതമ്യേന ചെലവ് കുറഞ്ഞതാകും. ഈ സാഹചര്യത്തില്‍ വേണം രാജ്യത്തെ പ്രമുഖ വിമാനത്താവളങ്ങള്‍ ദീര്‍ഘകാല പാട്ടത്തിന് എടുത്തു നടത്താന്‍ വന്‍കിട കമ്പനികള്‍ മുന്നോട്ടുവരുന്നതിനെ വീക്ഷിക്കാന്‍.
രാജ്യത്തെ പ്രമുഖ വ്യവസായ ഗ്രൂപ്പായ അദാനി ലിമിറ്റഡ് തിരുവനന്തപുരം അടക്കം ഇന്ത്യയിലെ 5 വിമാനത്താവളങ്ങളുടെ നടത്തിപ്പ് ഏറ്റെടുക്കാന്‍ യോഗ്യത നേടിയിരിക്കുന്നു. വരുന്ന അരനൂറ്റാണ്ട് കാലം ഈ വിമാനത്താവളങ്ങള്‍ അദാനി കമ്പനിയുടെ പൂര്‍ണ്ണ നിയന്ത്രണത്തിലാകും. കരാര്‍ വ്യവസ്ഥ പ്രകാരം തിരുവനന്തപുരം വിമാനത്താവളം വഴി യാത്ര ചെയ്യുന്ന ഒരാളിന് 168 രൂപ എന്ന കണക്കില്‍ എയര്‍പോര്‍ട്ട് അതോറിറ്റിക്ക് നല്‍കിയാല്‍ മതി. ചെലവും വരുമാനവും സ്വകാര്യകമ്പനി നോക്കിക്കോളും. പ്രത്യക്ഷത്തില്‍ ലഘു എന്നു തോന്നിയാലും സഹസ്രകോടിക്കണക്കിന് രൂപ ചെലവാക്കി നിര്‍മ്മിച്ച അന്താരാഷ്ട്ര വിമാനത്താവളം പൊടുന്നനെ ഒരു കമ്പനിക്ക് ഈ വ്യവസ്ഥയില്‍ അപ്പടി കൈമാറുന്നത് ന്യായമാണോ എന്ന സന്ദേഹം സാധാരണക്കാരില്‍ ഉയരുന്നുണ്ട്. എയര്‍പോര്‍ട്ട് അതോറിറ്റിയോ, കേന്ദ്രസര്‍ക്കാരോ ഈ സംശയത്തിന് നിവാരണം ഉണ്ടാക്കിയേ തീരൂ. കേരള സംസ്ഥാന സര്‍ക്കാര്‍ വിമാനത്താവളം സ്വകാര്യവല്ക്കരിക്കുന്നതിനോട് ആശയപരമായി യോജിക്കുന്നില്ല. എന്നാല്‍ ന്യായമായ ഒരു വ്യവസ്ഥയില്‍ സംസ്ഥാന സര്‍ക്കാര്‍ വിമാനത്താവളത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാത്തതെന്ത് എന്ന ചോദ്യം ഉത്തരം കിട്ടാതെ അവശേഷിക്കുന്നു.
ആഗോളവല്‍ക്കരണവും കമ്പോളസാമ്പത്തികവ്യവസ്ഥയും യാഥാര്‍ത്ഥ്യമാണ്. വിമാനത്താവള നടത്തിപ്പ് സ്വകാര്യകമ്പനിക്ക് വിട്ടുകൊടുക്കുന്നതുപോലെ ഭാവിയില്‍ റെയില്‍വേ സ്‌റ്റേഷനുകളുടേയും ബസ് സ്റ്റാന്റുകളുടേയും നടത്തിപ്പ് ഓരോരോ സ്വകാര്യ കമ്പനിക്ക് വിട്ടുകൊടുക്കുമോ? എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷന്റെ മൊത്തം നടത്തിപ്പ് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഏറ്റെടുക്കാന്‍ സന്നദ്ധനായാല്‍ കേന്ദ്ര റെയില്‍വേ വകുപ്പ് അതനുവദിക്കുമോ? പാളങ്ങളില്‍ ഓടുന്ന ട്രെയിനുകള്‍ ഇംഗ്ലണ്ടിലൊക്കെ സ്വകാര്യ കമ്പനികളുടെ ഉടമസ്ഥതയിലാണ്. ഇങ്ങനെപോയാല്‍ ഭാവിയില്‍ അത്തരം രീതി ഇവിടെയും വന്നുകൂടായ്കയില്ല. ദേശീയ സുരക്ഷയുടെ കാര്യത്തിലും വ്യക്തതയില്ല. വിമാനത്താവളത്തില്‍ സുരക്ഷ ഒരുക്കുന്നത് ആരായിരിക്കും? സ്വര്‍ണ്ണ കള്ളക്കടത്തുകളും മയക്കുമരുന്നുകളും എല്ലാം വിമാനത്താവളം വഴി കടന്നുപോകുന്നുണ്ട്. സ്വകാര്യ കമ്പനിയെ ഇത് ഏല്പിച്ചാല്‍ ഇതൊക്കെ നിയന്ത്രിക്കാനും പിടിക്കാനും മറ്റും കഴിയുമോ? ചുരുക്കത്തില്‍ സമൂഹത്തിന്റെ കെട്ടുറപ്പിനെ ഇത് ബാധിക്കും. അഹമ്മദാബാദ്, ജയ്പ്പൂര്‍, ലക്‌നൗ, തിരുവനന്തപുരം, മംഗളൂരു വിമാനത്താവളങ്ങള്‍ പി.പി.പി മാതൃകയില്‍ അരനൂറ്റാണ്ട് അദാനിക്ക് പാട്ടത്തിന് കിട്ടുമെന്നുള്ളതാണ് സത്യം. പുതിയ കരാര്‍ പ്രകാരം വ്യാഴാഴ്ച അദാനിക്ക് വിമാനത്താവളങ്ങള്‍ പാട്ടത്തിന് ലഭിച്ചേക്കും. എയര്‍പോര്‍ട്ടിന്റെ സ്വകാര്യവത്ക്കരണം നയതീരുമാനമാണെന്നും ഇതുള്‍പ്പെടെ 5 വിമാനത്താവളങ്ങള്‍ പാട്ടം നല്‍കുന്നതിനുള്ള ലേലം നടപടിക്രമം പാലിച്ചാണെന്നും കേന്ദ്ര സര്‍ക്കാര്‍ നിലപാട് എടുത്തിട്ടുണ്ട്.
അഹമ്മദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനിയാണ് അദാനി ഗ്രൂപ്പ്. 1988-ല്‍ കമ്പനി സ്ഥാപിതമായി. ഗൗതം ശാന്തിലാല്‍ അദാനിയാണ് അദാനി ഫൗണ്ടേഷന്റെ തലവന്‍. 77,000 കോടിയാണ് കമ്പനിയുടെ ആസ്തി. തുറമുഖ വികസന കമ്പനിയായി തുടങ്ങിയ അദാനി പിന്നീട് ഊര്‍ജ്ജം, ലോജിസ്റ്റിക്, കല്‍ക്കരി, കൃഷി, പ്രതിരോധം, ബഹിരാകാശം തുടങ്ങിയ മേഖലകളിലേക്ക് കാലുവെച്ചു. ഇപ്പോള്‍ ഇന്ത്യ, ഓസ്‌ട്രേലിയ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങള്‍ അദാനി ഗ്രൂപ്പിന്റെ പ്രവര്‍ത്തനമേഖലയാണ്.
കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രാലയത്തിന്റെ അനുമതിയോടെയാണ് വിമാനത്താവള അതോറിറ്റി നടപടികള്‍ സ്വീകരിച്ചത്. ഡല്‍ഹി, ഹൈദരാബാദ് വിമാനത്താവളങ്ങളുടെ നടത്തിപ്പുകാരായ ജി.എം.ആര്‍ എല്ലാ വിമാനത്താവളങ്ങളുടേയും ലേലത്തില്‍ പങ്കെടുത്തെങ്കിലും കിട്ടിയില്ല. അദാനി ഗ്രൂപ്പ് ഈ മേഖലയില്‍ തുടക്കക്കാരാണെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. വിമാനത്താവളങ്ങള്‍ക്കായി കണ്ണൂര്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് ശ്രമിച്ചെങ്കിലും അവര്‍ പിന്തള്ളപ്പെട്ടു.
വിമാനത്താവളങ്ങള്‍ നടത്തി പരിചയമില്ലാത്ത അദാനിക്ക് തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പിനുള്ള പാട്ടം നല്‍കിയതിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശിച്ചിട്ടുണ്ട്. നരേന്ദ്ര മോദിയും അദാനിയും പരിചയക്കാരായതുകൊണ്ടാവാം ഇത് നല്കിയത് എന്ന് അദ്ദേഹം ആരോപിക്കുന്നു. 5 വിമാനത്താവളങ്ങളുടെ നടത്തിപ്പ് അവകാശം സംബന്ധിച്ച ബിഡ്ഡിംഗില്‍ നടന്നത് വിചിത്ര കഥകളാണെന്ന് മുഖ്യമന്ത്രി തുറന്നുപറയുന്നു. 5 വിമാനത്താവളങ്ങള്‍ ഒരു കൂട്ടര്‍ക്ക് തന്നെ കിട്ടുമ്പോള്‍ അതില്‍ അസ്വഭാവികത തീര്‍ച്ചയായും ഉണ്ടെന്ന് മുഖ്യമന്ത്രി പറയുന്നു. തിരുവനന്തപുരം വിമാനത്താവളം പൂര്‍ണ്ണമായും സംസ്ഥാന സര്‍ക്കാരിന് വിട്ടുകിട്ടണമെന്നാണ് ആവശ്യം. സംസ്ഥാനമാണ് വേണ്ടത്ര സ്ഥലം നല്‍കേണ്ടത്. സംസ്ഥാനത്തെ ശത്രുപക്ഷത്ത് നിര്‍ത്തിയല്ല കേന്ദ്രം മുന്നോട്ടു പോകേണ്ടത്. അദാനി എന്ന കുത്തകയ്ക്ക് കേരളത്തിലെ സര്‍ക്കാര്‍ വഴങ്ങില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് സ്വന്തമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും ആ നീക്കം വിജയത്തിലെത്താതെ പോകുകയാണുണ്ടായത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലൂടെ തിരുവനന്തപുരം തീരഗതാഗതത്തിന്റെ നിയന്ത്രണം നേടിയെടുത്ത് അദാനി ആകാശ നിയന്ത്രണവും തന്റെ വരുതിയിലാക്കാന്‍ ഒരുങ്ങുകയാണ്. ബിഡ്ഡിംഗില്‍ മുന്നിലെത്തിയ അദാനി ഗ്രൂപ്പ് പിന്മാറുകയോ കേന്ദ്രസര്‍ക്കാര്‍ സ്വകാര്യവല്‍ക്കരണ തീരുമാനം മാറ്റുകയോ ചെയ്തില്ലെങ്കില്‍ തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അവകാശം അദാനിക്ക് തന്നെ കിട്ടും.
വിമാനത്താവളം അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നതിനെതിരെ കേരളത്തില്‍ പ്രക്ഷോഭങ്ങളോ തടസ്സങ്ങളോ സൃഷ്ടിക്കാന്‍ ഇടതുമുന്നണി ശ്രമിക്കും. സ്ഥലമെടുക്കുന്ന കാര്യത്തിലും മറ്റും സംസ്ഥാന സര്‍ക്കാരിന്റെ സഹകരണമില്ലെങ്കില്‍ മുമ്പോട്ടു പോക്ക് ബുദ്ധിമുട്ടാകും. അടുത്തു നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ബി.ജെ.പിക്കെതിരെ ഇത് ഒരു ആയുധമാക്കി എടുത്തേക്കാം.
സ്വകാര്യവല്‍ക്കരണ തീരുമാനം വന്നപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തെങ്കിലും അതിനെ നിയമപരമായി നേരിടാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. പക്ഷേ, സ്വന്തം കമ്പനി രൂപീകരിച്ച് ടെന്‍ഡറില്‍ പങ്കെടുക്കാനുള്ള താല്‍പര്യമാണ് കേരള സര്‍ക്കാര്‍ പ്രകടിപ്പിച്ചത്. കൊച്ചി വിമാനത്താവളം നടത്തുന്ന സിയാലിന്റെ മാതൃകയില്‍ ടിയാല്‍ രൂപവല്‍ക്കരിച്ച് ടിയാലിനുവേണ്ടി സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ രംഗത്തുവരുകയാണ് ചെയ്തത്. സര്‍ക്കാര്‍ കമ്പനി എന്ന നിലയ്ക്ക് ടിയാലിന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ പരിമിതമായ ഇളവുകളേ നല്‍കിയിരുന്നുള്ളൂ. ടെന്‍ഡറില്‍ പങ്കെടുക്കുന്ന കമ്പനികള്‍ നിര്‍ദ്ദേശിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയേക്കാള്‍ 10% താഴെയാണ് കെ.എസ്.ഐ.ഡി.സി നിര്‍ദ്ദേശിക്കുന്നതെങ്കില്‍ അവര്‍ക്ക് തുക ഉയര്‍ത്താന്‍ അനുമതി ഉണ്ടായിരുന്നു. പക്ഷേ, തുകയുടെ കാര്യത്തില്‍ 20ശതമാനത്തില്‍ അധികം അന്തരം വന്നു. അതാണ് പിന്തള്ളപ്പെട്ടത്.
തിരുവനന്തപുരം വിമാനത്താവളത്തിന്റെ കാര്യത്തില്‍ അദാനിക്ക് പ്രത്യേക താല്പര്യം ഉണ്ടായിരുന്നു. വിഴിഞ്ഞത്തെ അന്താരാഷ്ട്ര തുറമുഖത്തിന്റെ പണി ഇന്നത്തെ നിലയില്‍ പോയാല്‍ 2020-ല്‍ അത് പൂര്‍ത്തിയാകും. രാജ്യത്തെ തന്ത്രപ്രധാന തുറമുഖമായി വിഴിഞ്ഞത്തെ ഉയര്‍ത്തുകയാണ് അദാനിയുടെ ലക്ഷ്യം. തുറമുഖത്തുനിന്ന് ചരക്കുകള്‍ ആകാശമാര്‍ഗ്ഗം എത്തിക്കുന്നതിന് വിഴിഞ്ഞത്തോട് തൊട്ടുരുമ്മി കിടക്കുന്ന വിമാനത്താവളത്തിന്റെ നിയന്ത്രണം അദാനിക്ക് ആവശ്യമാണ്. ആകാശത്തിന്റേയും കടലിന്റേയും നിയന്ത്രണം കിട്ടുക എന്ന താല്പര്യം അദാനി ഗ്രൂപ്പിനുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here