Home Special Story ധീരദേശാഭിമാനി ചന്ദ്രശേഖര ആസാദിന്റെ രക്തസാക്ഷിത്വത്തിന് ഇന്ന് 88 വയസ്സ്

ധീരദേശാഭിമാനി ചന്ദ്രശേഖര ആസാദിന്റെ രക്തസാക്ഷിത്വത്തിന് ഇന്ന് 88 വയസ്സ്

6
0

ജോസ് ചന്ദനപ്പള്ളി

ഭാരതത്തിന്റെ മോചനത്തിനുവേണ്ടി ഗാന്ധിജിയുടെ നേതൃത്വത്തില്‍ നിസ്സഹകരണസമരവും സിവില്‍നിയമലംഘനവും ആരംഭിച്ച സമയം. ബ്രിട്ടീഷ് ഗവണ്‍മെന്റുമായി നിസ്സഹകരിക്കാനും അവര്‍ ഇന്ത്യയില്‍ നടപ്പിലാക്കുന്ന നിയമങ്ങള്‍ ലംഘിക്കാനും ഗാന്ധിജി ജനങ്ങളെ ആഹ്വാനംചെയ്തു. ഭാരതത്തിലെ ജനങ്ങളെല്ലാം ആ ആഹ്വാനം നെഞ്ചിലേറ്റി തെരുവിലേക്കിറങ്ങി. തൊഴിലാളികള്‍ തൊഴിലിടങ്ങള്‍ ഉപേക്ഷിച്ച് നിരത്തിലിറങ്ങി. അധ്യാപകരും വിദ്യാര്‍ത്ഥികളും വിദ്യാലയങ്ങള്‍ വിട്ടിറങ്ങി. ജഡ്ജിമാരും നിയമജ്ഞരും കോടതികള്‍ ബഹിഷ്‌കരിച്ചു. ഭാരതമെങ്ങും ബ്രിട്ടീഷുകാര്‍ക്കെതിരെ കലാപമാരംഭിച്ചു. സ്വാതന്ത്ര്യസമരത്തെ എന്തുവിലകൊടുത്തും അടിച്ചമര്‍ത്താന്‍ ബ്രിട്ടീഷ് പൊലീസും തയ്യാറായി. നേതാക്കളെ ഓരോരുത്തരായി അറസ്റ്റുചെയ്തു. കോടതിയില്‍ ഹാജരാക്കിയവരുടെ കൂട്ടത്തില്‍ ഒരു കൊച്ചുബാലനുമുണ്ടായിരുന്നു. വിചാരണവേളയില്‍ പതിമൂന്നോ പതിനാലോ വയസ്സുമാത്രം പ്രായമുള്ള കുട്ടിയോട് മജിസ്‌ട്രേറ്റ് ചോദിച്ചു. നിന്റെ പേരെന്താണ്? ആസാദ് (സ്വാതന്ത്ര്യം). മജിസ്‌ട്രേറ്റ് അല്പം നീരസത്തോടെ വീണ്ടും, ചോദിച്ചു നിന്റെ അച്ഛന്റെ പേരെന്താ? ആസാദ്, കൂസലില്ലാതെ ബാലന്‍ വീണ്ടും പറഞ്ഞു. മജിസ്‌ട്രേറ്റിന് കുട്ടിയുടെ തര്‍ക്കുത്തരം കേട്ട് ദേഷ്യംവന്നു. അദ്ദേഹം വീണ്ടും ചോദിച്ചു. നിന്റെ വീടെവിടെയാ? ജയില്‍. ഭാവഭേദമൊന്നുമില്ലാതെ ആ ബാലന്‍ മറുപടിനല്‍കി. ദേഷ്യംകൊണ്ട് വിറച്ച ന്യായാധിപന്‍ ക്രുദ്ധനായിപ്പറഞ്ഞു. ധിക്കാരി – നീ കോടതിയെ പരിഹസിക്കുന്നുവോ? ഇവിടെങ്ങും നിന്നെയിനി കണ്ടുപോകരുത്? ങ്ഹും, വേഗം ഓടിക്കോ.
ജഡ്ജി ഇരിപ്പിടത്തില്‍ ഒന്നിളകിഇരുന്നു. എന്നാല്‍ ധൈര്യശാലിയായ ബാലന്‍ അവിടെത്തന്നെ നിന്നതേയുള്ളൂ. അവന്‍ ജഡ്ജിയോട് യാതൊരു മടിയും കൂടാതെ ചോദിച്ചു. ‘എന്തിനാണ് പിന്നെ നിങ്ങള്‍ എന്നെ അറസ്റ്റുചെയ്തത്?’ ഇതോടെ മജിസ്‌ട്രേറ്റിന്റെ കോപം ഇരട്ടിച്ചു. പതിനഞ്ചു വയസ്സു തികയാത്ത ഈ ബാലനെ ജയിലിലടയ്ക്കാന്‍ നിയമം അനുശാസിക്കുന്നില്ല. എന്നാലും ഇവനെ അങ്ങനെ വെറുതെ വിട്ടുകൂടാ – ജഡ്ജി ചിന്തിച്ചു. ധിക്കാരിയെ മുക്കാലിയില്‍ കെട്ടി പതിനഞ്ച് അടി കൊടുക്കൂ – ജഡ്ജി ആജ്ഞാപിച്ചു. ശിക്ഷ നടപ്പിലാക്കാനായി ‘സ്വാതന്ത്ര്യം’ എന്ന ചന്ദ്രശേഖറിനെ കോടതിമുറിയില്‍നിന്നും ജയിലേയ്ക്കു കൊണ്ടുപോയി. ആസാദിന്റെ വസ്ത്രങ്ങളെല്ലാം അഴിച്ചുമാറ്റി മുക്കാലിയില്‍കെട്ടി. വെള്ളത്തില്‍ മുക്കിയ വലിയൊരു അയഞ്ഞ ചൂരല്‍കൊണ്ട് ആ ബാലന്റെ ദേഹത്ത് ആഞ്ഞടിച്ചു. ആദ്യപ്രഹരത്തില്‍ തന്നെ ബാലന്റെ ദേഹത്തുനിന്നും രക്തം ചിതറിത്തെറിച്ചു. ആസാദ് വേദനകൊണ്ട് പുളഞ്ഞു. എന്നിട്ടും ബാലന്‍ കരഞ്ഞില്ല. ”ഭാരത് മാതാ കീ ജയ്”, മഹാത്മാഗാന്ധി കീ ജയ്!, വന്ദേമാതരം” ചന്ദ്രശേഖര്‍ ആസാദ് ഉച്ചത്തില്‍ വിളിച്ചുകൊണ്ടിരുന്നു. അടിയുടെ എണ്ണം കൂടുന്നതനുസരിച്ച് ആസാദിന്റെ മുദ്രാവാക്യം വിളിയുടെ വീറും കൂടി. ഈ സംഭവത്തോടെ ഭാരത വിമോചനത്തിനായി സ്വജീവന്‍പോലും ത്യജിക്കാന്‍ തയ്യാറായി രംഗത്തെത്തിയ സ്വാതന്ത്ര്യസമരസേനാനികളുടെ വീരനായകനായി ചന്ദ്രശേഖര്‍ ആസാദ്. അസാധാരണമായ സഹനശക്തിയും ധീരതയും അദ്ദേഹത്തിന് ആസാദ് എന്ന പേരു സ്ഥിരമായി നേടിക്കൊടുത്തു.
മധ്യപ്രദേശില്‍ ഝംബുവ ജില്ലയിലെ ഭവ്‌രഗ്രാമത്തില്‍ പണ്ഡിറ്റ് സീതാറാം തിവാരിയുടെയും ജഗ്‌റാണി ദേവിയുടെയും പുത്രനായി 1906 ജൂലൈ 23-ന് ചന്ദ്രശേഖര്‍ ജനിച്ചു. ബാല്യകാലവിദ്യാഭ്യാസം സ്വദേശത്ത് നടത്തിയശേഷം 14-ാമത്തെ വയസ്സില്‍ വാരാണസിയിലെ ഒരു സംസ്‌കൃത പാഠശാലയില്‍ ചേര്‍ന്നു. മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍ ദേശീയ ബോധവും നിസ്സഹകരണ പ്രസ്ഥാനവും വളര്‍ന്നു വരുന്ന കാലമായിരുന്നു അത്. യുവാവായ ചന്ദ്രശേഖറും സുഹൃത്തുക്കളും സ്വാതന്ത്യ സമരത്തിലേക്കാകര്‍ഷിക്കപ്പെട്ടു. മറ്റൊരു വിപ്ലവകാരിയായ മന്‍മനാഥ് ഗുപ്തയുമായി പരിചയപ്പെട്ട ആസാദ് ഹിന്ദുസ്ഥാന്‍ റിപ്പബ്ലിക്കന്‍ അസ്സോസിയേഷന്‍ എന്ന വിപ്ലവസംഘടനയില്‍ 1922-ല്‍ അംഗമായി. വളരെവേഗം സംഘടനയുടെ നേതൃനിരയിലെത്തി. പഞ്ചാബ്, ബീഹാര്‍, യു.പി. എന്നിവിടങ്ങിളാലായിരുന്നു ആസാദ് തന്റെ പ്രവര്‍ത്തനം കേന്ദീകരിച്ചിരുന്നത്. ധീരദേശാഭിമാനിയായ ഭഗത് സിംഗിന്റെ ഉറ്റ സുഹൃത്തായിരുന്ന ആസാദ്, രാമപ്രസാദ് ബിസ്മിലിന്റെ നേതൃത്വത്തില്‍ നടന്ന എല്ലാ വിപ്ലവങ്ങളിലും പങ്കെടുത്തു. വൈസ്രോയിയുടെ തീവണ്ടി കത്തിക്കാന്‍ ശ്രമം നടത്തിയ കേസിലും കാകോരി ഗൂഡാലോചനകേസിലും (1926) ആസാദ് ഭാഗഭാക്കായിരുന്നു. അസംബ്ലിയിലെ ബോംബേറുകേസ്, ഡല്‍ഹി ഗൂഡാലോചന കേസ്, ലാഹോറില്‍ വച്ച് സാണ്ടേഴ്‌സിനെ വെടിവെച്ച കേസ്, രണ്ടാം ലാഹോര്‍ ഗൂഡാലോചനക്കേസ് തുടങ്ങിയവയിലും ആസാദ് പ്രതിയായിരുന്നു.
1928-ല്‍ ആസാദ് ഒഴികെ ഈ കേസിലെ മിക്കപ്രതികളും അറസ്റ്റിലായി. വിചാരണയ്ക്കുശേഷം രാംപ്രസാദ് ബിസ്മില്‍, റോഷന്‍ലാല്‍, അസഫക്കുളളഖാന്‍ എന്നിവരെ തൂക്കിക്കൊല്ലാന്‍ വിധിച്ചു. ലാഹോര്‍ ഗൂഡാലോചന കേസിലെ പ്രതികളായ ഭഗത്സിംഗിനെയും കൂട്ടരെയും രക്ഷപ്പെടുത്താന്‍ ആസാദും കൂട്ടരും നടത്തിയ ശ്രമം ആസൂത്രിത ദിവസത്തിന്റെ തലേന്ന് അബദ്ധത്തില്‍ ഒരു ബോംബ് പൊട്ടി കൂട്ടുകാര്‍ക്ക് പരുക്കേറ്റതിനാല്‍ ഉപേക്ഷിക്കേണ്ടി വന്നു. പോലീസ് എത്തിയെങ്കിലും ആസാദ് രക്ഷപ്പെട്ടു. രണ്ടാം ലാഹോര്‍ ഗൂഡാലോചനക്കേസും ഡല്‍ഹി ഗൂഢാലോചനക്കേസും രജിസ്ട്രര്‍ ചെയ്തു. അപ്പോള്‍ ആസാദായിരുന്നു മുഖ്യപ്രതി. ബ്രട്ടീഷ് പോലീസിന്റെ ഉറക്കം കെടുത്തിയ ആസാദിനെ ജീവനോടെയോ അല്ലാതെയോ പിടിച്ചുകൊടുക്കുന്നവര്‍ക്ക് ബ്രിട്ടീഷ് ഗവണ്‍മെന്റ് പതിനായിരം രൂപ ഇനാം പ്രഖ്യാപിച്ചു. ഭഗത്സിംഗിന്റെ വിശ്വസ്ത സ്‌നേഹിതന്‍ കൂടിയായിരുന്ന ആസാദ്, ഭഗത്‌സിംഗ് ഉള്‍പ്പെടെയുളളവര്‍ ജയിലിലായിരുന്നപ്പോഴും പിടിക്കൊടുക്കാതെ ബ്രിട്ടീഷുകാര്‍ക്കെതിരായി പോരാട്ടം തുടര്‍ന്നു. പഠിച്ച പണിപതിനെട്ടു നോക്കിയിട്ടും ആസാദിനെ കുടുക്കാന്‍ ബ്രിട്ടീഷുകാര്‍ക്കായില്ല.
1931 ഫെബ്രുവരി 27 സമയം പ്രഭാതം:- അലഹബാദിലെ ആല്‍ഫ്രഡ് പാര്‍ക്കിലെ ഒരു മരച്ചുവട്ടില്‍ ആസാദ് വിശ്രമിക്കുന്നു. ഒപ്പം സുഹൃത്തായ സുഖ്‌ദേവ് രാജും ഇരിപ്പുണ്ട്. ബ്രിട്ടീഷ് പൊലീസിന്റെ വലയത്തിനകത്താണ് താന്‍ പെട്ടിരിക്കുന്നതെന്ന് വൈകിയാണ് ആസാദ് മനസ്സിലാക്കിയത്. അപ്പോഴേക്കും സുഖ്‌ദേവ് രാജ് രക്ഷപ്പെട്ടിരുന്നു. പൊലീസ് ആസാദിനു നേരെ വെടിവെപ്പ് ആരംഭിച്ചു. ആത്മധൈര്യം കൈവിടാതെ ആസാദ് ശക്തിയായി പൊരുതി. പതിനാറു വെടിത്തിരകളുണ്ടായിരുന്ന അദ്ദേഹത്തിന്റെ പിസ്റ്റളില്‍ പതിനഞ്ചും തീര്‍ന്നു. ശേഷിക്കുന്നത് ഒരേയൊരു വെടിയുണ്ട മാത്രം. പൊലീസ് വലയം ശക്തിപ്രാപിച്ചു വരുന്നു എന്നു മനസ്സിലാക്കിയ ചന്ദ്രശേഖര്‍ ആസാദ് ശക്തി സംഭരിച്ചുകൊണ്ട് പതിനാറാമത്തെ വെടിയുണ്ട സ്വന്തം നെഞ്ചിലേക്കു പായിച്ചു. ഒറ്റയ്ക്കു ധീരമായി പൊലീസ് സേനയോടേറ്റുമുട്ടി ആസാദ് വീരമൃത്യു വരിച്ചു. ആസാദിന്റെ ശരീരത്തില്‍ നിന്നും ജീവന്‍ പൊലിഞ്ഞിട്ടും അതിനടുത്തേക്കുവരാന്‍ പൊലീസുകാര്‍ക്ക് ധൈര്യം വന്നില്ല. പിന്നെയും വളരെക്കഴിഞ്ഞാണ് അവര്‍ ജഡത്തെ സമീപിച്ചത്.
ചന്ദ്രശേഖര്‍ ആസാദിന്റെ രക്തസാക്ഷിത്വം ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന് സാരമായ ഉത്തേജനം നല്‍കി. മാതൃഭൂമിക്കുവേണ്ടി വീരമൃത്യവരിച്ച ആ ധീരദേശാഭിമാനിയുടെ ഓര്‍മ്മയ്ക്കായി ആല്‍ഫ്രഡ് പാര്‍ക്ക് ആസാദ് പാര്‍ക്ക് എന്നു പുനര്‍നാമകരണം ചെയ്തു. ആസാദ് പാര്‍ക്ക് ദേശീയപാര്‍ക്കായി സംരക്ഷിക്കപ്പെടുന്നു.

(പട്ടം സെന്റ് മേരീസ് റ്റി.റ്റി.ഐ. മുന്‍ പ്രിന്‍സിപ്പലും,
ടീച്ചേഴ്‌സ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രിന്‍സിപ്പല്‍സ് അസ്സോസിയേഷന്‍
മുന്‍ സംസ്ഥാന പ്രസിഡന്റുമാണ് ലേഖകന്‍)

LEAVE A REPLY

Please enter your comment!
Please enter your name here