Home Special Story അധിനിവേശങ്ങളെ ചെറുത്ത വിപ്ലവകാരി; വിപ്ലവസൂര്യന്‍ ഫിദല്‍ കാസ്‌ട്രോ അന്തരിച്ചിട്ട് രണ്ടു വര്‍ഷം

അധിനിവേശങ്ങളെ ചെറുത്ത വിപ്ലവകാരി; വിപ്ലവസൂര്യന്‍ ഫിദല്‍ കാസ്‌ട്രോ അന്തരിച്ചിട്ട് രണ്ടു വര്‍ഷം

7
0

ജോസ് ചന്ദനപ്പള്ളി

ക്യൂബന്‍ വിപ്ലവ നേതാവ് ഫിദല്‍ കാസ്‌ട്രോ (90 വയസ്സ്) 2016 നവംബര്‍ 25-ന് അന്തരിച്ചു. കൊച്ചു ക്യൂബയെ വിപ്ലവത്തിന്റെ തീച്ചൂളയാക്കി ലോകസാമ്രാജ്യത്തിന്റെ ഉരുക്കുകോട്ടകളെ ചുടുചാമ്പലാക്കിയാണ് ഫിദല്‍ കാസ്‌ട്രോയെന്ന ഇതിഹാസം വിടവാങ്ങിയത്. ആ നീണ്ട ഹവാനാ ചുരുട്ട്, ഒലീവ് ഗ്രീന്‍ സൈനിക യൂണിഫോം, നീണ്ട സമൃദ്ധമായ ചുരുളന്‍ താടി ഇവയിലൂടെ ഒരു കാലഘട്ടത്തിന്റെ കള്‍ട്ട് ഫിഗറായി ഫിദല്‍ ചരിത്രത്തില്‍ ഇടം നേടി. അമേരിക്കന്‍ ഭരണകൂടത്തിനെതിരെയും സാമ്രാജ്യത്തിനെതിരെയും അഞ്ചു പതിറ്റാണ്ടു നീണ്ടു നിന്ന ചെറുത്തു നില്പിലൂടെ അധിനിവേശങ്ങള്‍ക്കെതിരെയുളള അത്യഅപൂര്‍വ്വമായ ഒരു പോരാട്ട ചരിത്രം സൃഷ്ടിച്ചു ഫിദല്‍. സ്വേച്ഛാധിപത്യത്തെ കടപുഴക്കിയെറിയുകയും പീഡിതരുടെ രക്ഷക്കെത്തുകയും ചെയ്ത, ഐതിഹാസിക പരിവേഷമുളള ആ വിപ്ലവകാരി ക്യൂബയുടെ നേതാവു മാത്രമായിരുന്നില്ല, ലാറ്റിന്‍ അമേരിക്കയിലെ ചൂഷണത്തിനെതിരായ സമരത്തിന്റെ നടുനായകനുമായിരുന്നു. അങ്ങനെയാണ് അദ്ദേഹം കഴിഞ്ഞ നൂറ്റാണ്ടില്‍ മൂന്നാം ലോകജനതയുടെ ചിന്തകളെ സ്വാധീനിച്ച ഏറ്റവും പ്രധാനപ്പെട്ട നേതാക്കളിലൊരാളായിത്തീര്‍ന്നത്. ചിലര്‍ അദ്ദേഹത്തെ സ്വേച്ഛാധിപത്യയായി കണ്ടപ്പോള്‍ കൂടുതല്‍ പേരും അമേരിക്കയുടെ അട്ടിമറി ശ്രമങ്ങളെ വിജയകരമായി ചെറുത്തു നിന്ന വീര പുരുഷനായാണ് വാഴ്ത്തിയത്.

1926 ഓഗസ്റ്റ് 13-ന് കിഴക്കന്‍ ക്യൂബയിലെ ബിറാനിലാണ് ഫിദല്‍ അലഹാന്ദ്രോ കാസ്‌ട്രോ റൂസ് ജനിച്ചത്. സ്‌പെയിനില്‍ കുടിയേറിയ കരിമ്പുതോട്ടമുടമയായ ഏഞ്ചല്‍ കാസ്‌ട്രോ പിതാവ്. ആദ്യ വിവാഹത്തിന്റെ തകര്‍ച്ചയ്ക്കു ശേഷം ക്യൂബക്കാരിയായ ലിനാറൂസ് ഗോണ്‍സാല്‍വസിനെ വിവാഹം കഴിച്ചു. ആദ്യം വീട്ടുവേലക്കാരി ആയി എത്തിയ, തന്നെക്കാള്‍ 30 വയസ്സു കുറവുളള ലിനായില്‍ ഏഴു സന്തതികള്‍. റമോണ്‍, ഫിദല്‍, റൗള്‍, നാലു സഹോദരിമാര്‍. ആറു വയസ്സുപ്പോള്‍ സഹോദര•ാര്‍ക്കൊപ്പം ഒരധ്യാപികയുടെ വീട്ടില്‍ പഠിക്കുന്നതിനായി ഫിദല്‍ സാന്റിയാഗോവിലേക്ക് പോയി. വിദ്യാര്‍ത്ഥിയായിരിക്കെ കായിക വിനോദങ്ങളില്‍ ഏറെ താല്പര്യം പുലര്‍ത്തി. 1945-ല്‍ ഹവാന സര്‍വകലാകലയില്‍ നിയമ പഠനത്തിന് ചേര്‍ന്നു. സ്‌പെയിനിനെതിരെ ക്യൂബയില്‍ നടന്ന സ്വാതന്ത്ര്യസമരത്തെക്കുറിച്ചുളള പുസ്തകങ്ങള്‍ വായിച്ച് രാഷ്ട്രീയത്തില്‍ ഭ്രമം കയറി. അഴിമതിക്കും അനീതിക്കുമെതിരെ പോരാടുന്ന ക്യൂബന്‍ പീപ്പിള്‍സ് പാര്‍ട്ടിയില്‍ 1947-ല്‍ ഇരുപത്തിയൊന്നാം വയസ്സില്‍ അംഗമായി ചേര്‍ന്നു. 1948-ല്‍ വിദ്യാര്‍ത്ഥിയായിരിക്കെത്തന്നെ ഫിദല്‍ വിവാഹിതനായി. ഹവാനയില്‍ തത്ത്വശാസ്ത്ര വിദ്യാര്‍ത്ഥിയായിരുന്ന സമ്പന്നകുടുംബാംഗമായിരുന്ന മിര്‍ത ഡയസ് ബലാര്‍ട്ട് ആയിരുന്നു വധു. ഇരുവരുടെയും വീട്ടുകാരുടെ എതിര്‍പ്പുകള്‍ മറികടന്നായിരുന്നു വിവാഹം. 1950-ല്‍ നിയമബിരുദമെടുത്തശേഷം ഹവാനയില്‍ അദ്ദേഹം വക്കീല്‍ പണിയാരംഭിച്ചു. പാവങ്ങളുടെയും ദാരിദ്ര്യമനുഭവിക്കുന്നവന്റെയും കേസുകള്‍ ഫീസുവാങ്ങാതെയായിരുന്നു നടത്തിയിരുന്നത്. ഇക്കാലത്ത് ഫിദല്‍ ഹിബാസി നേതൃത്വം കൊടുത്ത ഓര്‍ത്തഡോക്‌സോ കക്ഷിയില്‍ അംഗമായി.

യു.എസ്സിന്റെ താല്പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിച്ചിരുന്ന ക്യൂബന്‍ ഭരണാധികാരി ഫുള്‍ജെന്‍സിയേ ബാറ്റിസ്റ്റയെ പുറത്താക്കി അധികാരം പിടിക്കുകയായിരുന്നു ഫിദലിന്റെ ലക്ഷ്യം. അമേരിക്കന്‍ സാമ്രാജ്യത്തിന്റെ ചൂഷണമാണ് തന്റെ രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് തിരിച്ചറിഞ്ഞ ഫിദല്‍ സാമാന്യ ജനങ്ങളുടെ ജീവിത ദുരിതങ്ങള്‍ കണ്ട് മാര്‍ക്‌സിസമാണ് മനുഷ്യമോചനത്തിന്റെ പ്രത്യയ ശാസ്ത്രമെന്ന് മനസ്സിലാക്കി. ബാറ്റിസ്റ്റാ ഭരണകൂടത്തെ തൂത്തെറിയാന്‍ ഫിദല്‍ കോടതിയെ സമീപിച്ചു. വക്കീലായ ഫിദല്‍ വാദിച്ചു. കോടതി കേസ് തളളി. ഇനി ഒരേ ഒരു വഴി വിപ്ലവം നടത്തി അധികാരം പിടിച്ചെടുക്കുക. സാമ്രാജ്യശക്തിയായ അമേരിക്കയെ പരാജയപ്പെടുത്തുക. സോഷ്യലിസം സ്ഥാപിക്കുക. ഈ ലക്ഷ്യം വച്ചുകൊണ്ട് യുവാക്കളെ സംഘടിപ്പിക്കുവാന്‍ ഫിദല്‍ കാസ്‌ട്രോയും റൗള്‍ കാസ്‌ട്രോയും ശ്രമങ്ങള്‍ ആരംഭിച്ചു. ദക്ഷിണ അമേരിക്കന്‍ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ നേതാവും രക്തസാക്ഷിയുമായ ജോസ് ഡി സാന്‍മാര്‍ട്ടിന്റെ ജ•-ദിനമായ 1953 ജൂലൈ 26-ന് ഫിദലിന്റെ നേതൃത്വത്തിലുളള വിപ്ലവ സൈന്യം, ആയിരക്കണക്കിന് സൈനികരുടെ സുരക്ഷാവലയത്തിലുളള മൊല്‍കാദയിലെ കൂറ്റന്‍ ജയില്‍ ആക്രമിക്കാന്‍ ഒരുമ്പെട്ടു. ഇതില്‍ പരാജയപ്പെട്ട ഫിദല്‍ ജയിലിലായി. എട്ടു വിപ്ലവകാരികള്‍ സംഭവസ്ഥലത്തു മരിച്ചു വീണു. 15 വര്‍ഷത്തേക്ക് ഫിദലിന് കഠിന തടവ്. 1955-ല്‍ ജയില്‍ മോചിതനായ കാസ്‌ട്രോ മെക്‌സിക്കോയിലേക്ക് പലായനം ചെയ്തു. ക്യൂബന്‍ വിമോചനത്തിനായി മെക്‌സിക്കോയില്‍ ഒരു ഗറില്ലാ സംഘം രൂപീകരിച്ചു. കാസ്‌ട്രോ ഇക്കാലത്താണ് ഏണസ്റ്റോ ചെഗുവരേയുമായി ഒരുമിക്കുന്നത്. 1956-ല്‍ ഗ്രാന്‍മ എന്ന ബോട്ടില്‍ 81 ഗറില്ലാ പോരാളികളെയും നയിച്ചുകൊണ്ട് ഫിദല്‍ കാസ്‌ട്രോയും സംഘവും ക്യൂബയിലെത്തി. ബാറ്റിസ്റ്റാ സൈന്യത്തിന്റെ ആക്രമണത്തില്‍ ഗ്രാന്‍മയിലെ 60 പേരും കൊല്ലപ്പെട്ടു. ആക്രമണത്തില്‍ നിന്നു രക്ഷപ്പെട്ടവരുമായി കാസ്‌ട്രോ വിപ്ലവ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. സഹോദരന്‍ റൗള്‍, കാസ്‌ട്രോ, ചെഗുവരേ തുടങ്ങിയവരായിരുന്നു കാസ്‌ട്രോയുടെ സഹായികള്‍. വൈകാതെ പാവങ്ങളും കര്‍ഷകരും ചിന്താശീലരായ സോഷ്യലിസ്റ്റ് ആഭിമുഖ്യമുളള യുവാക്കളും വിപ്ലവകാരികള്‍ക്കൊപ്പം കൂടി.

വിപ്ലവകാരികളുടെ എണ്ണം 200-ലെത്തിയപ്പോള്‍ ഫിദല്‍ സേനയെ മൂന്നായി തിരിച്ചു. ഒരു വിഭാഗത്തിന്റെ നേതൃത്വം സ്വയം ഏറ്റെടുത്തു. മറ്റു വിഭാഗങ്ങളെ റൗള്‍, ചെറുവേരേ എന്നിവരുടെ നേതൃത്വത്തിലാക്കി. 1958 ആകുമ്പോഴേക്കും നാല്‍പ്പത്തിയഞ്ചോളം സംഘടനകള്‍ ജൂലൈ 26 പ്രസ്ഥാനങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു പരസ്യമായി രംഗത്തെത്തി. ബാറ്റിസ്റ്റാ അടിച്ചമര്‍ത്തല്‍ ശക്തമാക്കി. ബാറ്റിസ്റ്റായെ വധിക്കാനും ശ്രമം നടന്നു. ബാറ്റിസ്റ്റയെ പുറത്താക്കുന്നതിനായി ഒരു മുന്നണി രൂപം കൊണ്ടു. ഇത് ഫിദലിന്റെ വിപ്ലവ പ്രവര്‍ത്തനത്തിന് അനൂകൂല സാഹചര്യം സൃഷ്ടിച്ചു. പ്രതിപക്ഷ കകഷികള്‍ പൊതു പണിമുടക്ക് പ്രഖ്യാപിച്ചു. അമേരിക്ക ബാറ്റിസ്റ്റായ്ക്ക് ആയുധങ്ങള്‍ നല്‍കിക്കൊണ്ടിരുന്നു. നൂറുകണക്കിന് വിപ്ലവകാരികളെ ബാറ്റിസ്റ്റാ വെടിവച്ചുകൊന്നു. 1958 ഡിസംബര്‍ 28-ന് ചെഗുവരേയുടെ നേതൃത്വത്തിലുളള വിപ്ലവകാരികള്‍ സാന്താക്ലാര നഗരം കീഴ്‌പ്പെടുത്തി. ബാറ്റിസ്റ്റായുടെ സൈന്യം ചെറുത്തു നില്‍പ്പ് അവസാനിപ്പിച്ചു. റയില്‍, റോഡ്, വാര്‍ത്താവിനിമയം എല്ലാം വിപ്ലവകാരികളുടെ നിയന്ത്രണത്തിലായി. ജനുവരി ഒന്നോടെ നഗരം മുഴുവന്‍ വിപ്ലവകാരികളുടെ കൈയിലായി. നിവൃത്തിയില്ലെന്നു കണ്ട ബാറ്റിസ്റ്റാ ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ അഭയം പ്രാപിച്ചു. ഫിദല്‍ ഉത്തരവിട്ടു.”ഉടന്‍ ഹവാനയിലേക്ക് മാര്‍ച്ച് ചെയ്യണം”. ആയിരങ്ങള്‍ ഹവാനയിലേക്ക് മാര്‍ച്ച് ചെയ്തു. 1959 ജനുവരി 1-ന് ചരിത്രപ്രസിദ്ധമായ ക്യൂബന്‍ വിപ്ലവത്തിലൂടെ കാസ്‌ട്രോ, ബാറ്റിസ്റ്റയെ പുറത്താക്കി അധികാരം പിടിച്ചെടുത്തു. ജനുവരി 8-ന് ഫിദലും കൂട്ടരും ഹവാനയില്‍ പ്രവേശിച്ചു. വെറും മുപ്പത്തിരണ്ടാം വയസ്സില്‍ വിപ്ലവം ജയിച്ച കാസ്‌ട്രോ വിപ്ലാനന്തര ക്യൂബന്‍ ഭരണത്തില്‍ മൂന്നാമന്റെ റോളാണ് ആദ്യം സ്വീകരിച്ചത്. ഫെബ്രുവരി 16-ന് പ്രധാനമന്ത്രിപദവും സ്വീകരിച്ചു. ക്യൂബയില്‍ ഫിദല്‍ യുഗം ആരംഭിച്ചു. 1961-ല്‍ ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെക്രട്ടറിയായി. 1976 ഡിസംബര്‍ 2 മുതല്‍ പ്രസിഡന്റ് പദവിയില്‍. 2006-ല്‍ സഹോദരന്‍ റൗള്‍ കാസ്‌ട്രോയ്ക്ക് അധികാരം കൈമാറി. 2008-ല്‍ ഔദേ്യാഗികമായി പ്രസിഡന്റ് പദവിയില്‍ നിന്ന് വിരമിച്ചു. 2016 നവംബര്‍ 25-ന് അന്തരിച്ചതോടെ ഫിദല്‍ യുഗത്തിന് അന്ത്യമായി.

ഫിദല്‍ കാസ്‌ട്രോ ക്യൂബയില്‍ സോഷ്യലിസം സ്ഥാപിച്ചു. ബാറ്റിസ്റ്റായുടെ സ്വത്ത് കണ്ടുകെട്ടിസ്ഥാപനങ്ങള്‍ ദേശസാല്‍ക്കരിച്ചു. തൊഴിലാളികളുടെ വേതനം വര്‍ദ്ധിപ്പിച്ചു. തന്റെ കുടുംബത്തിന്റെ ഭൂമി പാവങ്ങള്‍ക്ക് നല്‍കി. കറുത്ത വര്‍ഗ്ഗക്കാരോട് വിവേചനം അവസാനിപ്പിച്ചു. മദ്യം, മയക്കുമരുന്ന്, ചൂതാട്ടം തുടങ്ങിയ തിന്മകളെ ഉപേക്ഷിക്കാന്‍ ഫിദല്‍ ആഹ്വാനം ചെയ്തു. പിന്നീട് നിരവധി തവണ സിഐഎ ഫിദലിനെ വധിക്കാന്‍ ശ്രമിച്ചു. എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു. 600 തവണ സിഐഎ അട്ടിമിറ ശ്രമം നടത്തി. ക്രൂഷ്‌ചേവിന്റെ കാലം മുതല്‍ സോവിയറ്റ് യൂണിയനുമായി ഉജ്വല സൗഹൃദം പുലര്‍ത്തിയ ഫിദല്‍ 11 യു.എസ്. പ്രസിഡന്റുമാരെ വെല്ലുവിളിച്ചുകൊണ്ടാണ് ക്യൂബയെ നയിച്ചത്. എന്നും യൂ.എസ്. സാമ്രാജ്യത്തിനെതിരായ പോരാട്ടമായി മാറിയ ഫിദല്‍ സോഷ്യലിസം അല്ലെങ്കില്‍ മരണം എന്ന് ഉറക്കെ പ്രഖ്യാപിച്ചിരുന്നു. യൂ.എസ്സിന്റെ ഒന്നാം നമ്പര്‍ ശത്രുക്കളിലൊളായ ഫിദലിന് യൂ എസ് സൈനിക സാമ്പത്തിക ശക്തിക്കെതിരെ ശക്തമായി പിടിച്ചു നില്‍ക്കാനായി. ലാറ്റിനമേരിക്കയില്‍ ഭരണത്തിലെത്തിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തയെന്ന ഖ്യാതി നേടിയ ഫിദല്‍, 6 വട്ടം ക്യൂബന്‍ പ്രസിഡന്റും 49 വര്‍ഷവും എട്ടു ദിവസവും അധികാരത്തിലിരുന്നു. ലോകത്ത് ഏറ്റവുമധികം കാലം അധികാരം വഹിച്ച രാജാവല്ലാത്ത ഭരണാധികാരി എന്ന സ്ഥാനവും അദ്ദേഹത്തിന് സ്വന്തമായി. 2016 ഏപ്രില്‍ 19-ന് പാര്‍ട്ടി കോണ്‍ഗ്രസില്‍ നടത്തിയ വിടവാങ്ങല്‍ പ്രസംഗം തന്നെയായിരുന്നു അദ്ദേഹത്തിന്റെ അവസാനത്തെ സ്രംഗവും. ”ഞാന്‍ മറഞ്ഞാലും നമ്മള്‍ സൃഷ്ടിച്ച കമ്യൂണിസം എന്ന ആശയം നിലനില്ക്കണം” ഇതായിരുന്നു അദ്ദേഹത്തിന്റെ അവസാനവാക്കുകള്‍.

(പട്ടം സെന്റ് മേരീസ് റ്റി.റ്റി.ഐ. മുന്‍ പ്രിന്‍സിപ്പലും,
ടീച്ചേഴ്‌സ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രിന്‍സിപ്പല്‍സ് അസ്സോസിയേഷന്‍
മുന്‍ സംസ്ഥാന പ്രസിഡന്റുമാണ് ലേഖകന്‍)

LEAVE A REPLY

Please enter your comment!
Please enter your name here