പത്തനംതിട്ട: റാന്നി കീക്കൊഴൂരില്‍ അമ്മയുടെ മുന്നില്‍ വെച്ച് രണ്ട് കുട്ടികളെ കൊന്ന കേസില്‍ പിതൃ സഹോദരന് വധശിക്ഷ. മാടത്തേത്ത് തോമസ് ചാക്കോയെയാണ് പത്തനംതിട്ട അഡീഷണല്‍ ഡിസ്ട്രിക്ട് സെഷന്‍സ് കോടതി വധശിക്ഷയ്ക്ക് വിധിച്ചത്.
സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നായിരുന്നു സഹോദരന്റെ മക്കളായ മെല്‍ബിന്‍ (7), മെബിന്‍ (3) എന്നിവരെ പ്രതി കൊലപ്പെടുത്തിയത്. 2013 ഒക്ടോബര്‍ 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവ ദിവസം രാവിലെ ഏഴരയോടെ കുടുംബ വീട്ടിലെത്തിയ പ്രതി തോമസ് ചാക്കോ മുറ്റത്തുനിന്ന രണ്ടാം ക്ലാസുകാരന്‍ മെല്‍ബിനെയാണ് ആദ്യം ആക്രമിച്ചത്. തടയാന്‍ ശ്രമിച്ച അമ്മ ബിന്ദുവിന്റെ കണ്ണില്‍ മുളക് പൊടി വിതറിയ ശേഷം കുട്ടിയുടെ കഴുത്ത് അറുക്കുകയായിരുന്നു.
പീന്നീട് വീടിനകത്തുണ്ടായിരുന്ന അംഗന്‍വാടി വിദ്യാര്‍ത്ഥി മെബിനെയും കൊലപ്പെടുത്തി. അതിന് ശേഷം കൈയില്‍ കരുതിയിരുന്ന ഡീസല്‍ ഉപയോഗിച്ച് വീടിന് തീവെച്ചു. കൊലപാതക ശേഷം വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച പ്രതിയെ പിന്നീട് പൊലീസ് പിടികൂടുകായിരുന്നു.
2017 ല്‍ വിചാരണ ആരംഭിച്ച കേസില്‍ 35 സാക്ഷികളെ വിസ്തരിച്ചു. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസാണെന്ന വാദം അംഗീകരിച്ചാണ് കോടതി വധ ശിക്ഷ വിധിച്ചത്. വിധിയില്‍ തൃപ്തിയുണ്ടെന്ന് കുട്ടികളുടെ പിതാവ് മാത്യു ചാക്കോ പറഞ്ഞു.




