തദ്ദേശ ഉപതെരഞ്ഞെടുപ്പ് ; നേട്ടമുണ്ടാക്കിയത് എല്‍ഡിഎഫ് ; യുഡിഎഫിന് സീറ്റുകള്‍ നഷ്ടം ; എന്‍ഡിഎയ്ക്ക് ഒരു സീറ്റ്

തിരുവനന്തപുരം: സംസ്ഥാനത്തെ 12 ജില്ലകളിലായി നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കിയത് എല്‍ഡിഎഫ്. യുഡിഎഫ് 19 സീറ്റുകളില്‍ ജയം നേടിയപ്പോള്‍ 18 സീറ്റുകള്‍ പിടിക്കാന്‍ എല്‍ഡിഎഫിനായി. അതേസമയം എന്‍ഡിഎയ്ക്ക് നേടാനായത് ഒരു സീറ്റാണ്. ആലപ്പുഴയും കൊല്ലവും ഒഴികെയുള്ള മുഴുവന്‍ ജില്ലകളിലെയും ത്രിതല പഞ്ചായത്ത് വാര്‍ഡുകളിലായി 38 സീറ്റുകളിലാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

എറണാകുളത്തെ പൂതൃക്ക പഞ്ചായത്തില്‍ ട്വന്റി ട്വന്റി ജയിച്ചതാണ് എന്‍ഡിഎ മുന്നണിയിലെ ഏകനേട്ടം. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പ് എന്ന നിലയില്‍ വലിയ പ്രധാന്യം ഉണ്ടായിരുന്നു. പാലക്കാട് ചിറ്റൂരില്‍ സുമേഷ് അച്യുതന്‍ രാജിവെച്ച സീറ്റും തൃക്കൊടിത്താനത്ത് വിനുജോബ് രാജിവെച്ച ഒഴിവും നേട്ടമാക്കാന്‍ യുഡിഎഫിനായില്ല. എല്‍എഡിഎഫിന് അട്ടിമറി വിജയം നേടാനായി. ഫാത്തിമ തഹ്‌ലിയയുടെ കുറ്റിച്ചിറയിലും സി വി ശാന്തകുമാറിന്‌റെ അടൂരിലും യുഡിഎഫിന് ഭൂരിപക്ഷം കുറയുകയും ചെയ്തു.

കയ്യാങ്കളി വിവാദത്തിന്റെ ചൂടില്‍ മത്സരിച്ചപ്പോള്‍ തിരുവനന്തപുരത്ത് യുഡിഎഫിന് വലിയ വില നല്‍കേണ്ടി വന്നു. ചിറയിന്‍കീഴ് നിയമസഭാ മണ്ഡലത്തിന്റെ പരിധിയില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന അഞ്ചുതെങ്ങ്, മംഗലപുരം വാര്‍ഡുകളില്‍ എല്‍ഡിഎഫ് അട്ടിമറി വിജയം നേടി. എല്‍ഡി എഫിന്റെ കോട്ടയായ ചേലക്കരയില്‍ നേടിയ വിജയവും എറണാകുളം ജില്ലയില്‍ മികച്ച ഭൂരിപക്ഷം സീറ്റുകള്‍ നേടാനായതും യുഡിഎഫിന് നേട്ടമാണ്.

പത്തനംതിട്ടയിലെ നാലു സീറ്റുകള്‍ നേടാനായതും യുഡിഎഫിന്റെ സ്വാധീനം തെളിയിക്കുന്നതായിരുന്നു. അതേസമയം പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ മണ്ഡലമായ ധര്‍മ്മടത്തെ രണ്ടുസീറ്റില്‍ ജയിക്കാനായതും കോണ്‍ഗ്രസ് വിമതന്റെ ഭൂരിപക്ഷത്തില്‍ ഭരിച്ചിരുന്ന തിരുവനന്തപുരത്തെ മംഗലാപുരം പഞ്ചായത്തില്‍ ഭരണം ഒറ്റയ്ക്ക് നേടാനായതും എല്‍ഡിഎഫിനും നിര്‍ണ്ണായകമായി. എല്‍ഡിഎഫ് നറുക്കെടുപ്പിലൂടെ ജയിച്ചു കയറിയ പാലക്കാട്ടെ ചിറ്റൂര്‍-തത്തമംഗലത്ത് പരുത്തിക്കാവില്‍ വോട്ടുഷെയര്‍ കൂട്ടിയെടുക്കാനായതും ആത്മവിശ്വാസം കൂട്ടും.

കൊച്ചി, കോഴിക്കോട് കോര്‍പ്പറേഷനുകളിലെയും മട്ടന്നൂര്‍, ചിറ്റൂര്‍-തത്തമംഗലം, ചാലക്കുടി നഗരസഭകളിലേയും ഓരോ വാര്‍ഡുകളിലും തിരുവനന്തപുരം, കോട്ടയം, പാലക്കാട് ജില്ലകളിലെ ഓരോ വാര്‍ഡുകളിലെയും ഏഴ് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകള്‍, 23 പഞ്ചായത്ത് വാര്‍ഡുകള്‍ എന്നിവിടങ്ങളിലുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. 38 തദ്ദേശ വാര്‍ഡുകളിലായി 126 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്.

Leave a Reply

Your email address will not be published. Required fields are marked *