
തളിപ്പറമ്പ്: ഇനിയും എത്രയോ ദൂരം സഞ്ചരിക്കേണ്ടവരായിരുന്നു അവരിരുവരും. രണ്ടു ജീവനുകളെ പൈശാചികമായി കൊന്നുതള്ളിയവര്‍ക്ക് ഊഹിക്കാന്‍ പോലുമാവില്ല പകരം വയ്ക്കാനില്ലാത്ത ഇവരുടെ നഷ്ടത്തെക്കുറിച്ച്.ഇടുക്കി ഗവ. എന്‍ജിനിയറിങ് കോളേജില്‍ കെഎസ്യുക്കാര്‍ കുത്തിക്കൊന്ന ധീരജിന്റെ അമ്മ പുഷ്‌കലയും രക്തസാക്ഷി കെ വി സുധീഷിന്റെ സഹോദരി റീജയും തമ്മില്‍ കണ്ടപ്പോള്‍ നെഞ്ചുപൊട്ടിയൊഴുകുകയായിരുന്നു മനുഷ്യായുസിന്റെ വേദനകളെല്ലാം. ജീവിതകാലം മുഴുവന്‍ കരഞ്ഞാലും തീരാത്ത വേദനകള്‍ അവര്‍ പങ്കിട്ടനിമിഷം കണ്ടുനിന്നവരെയും കരയിപ്പിച്ചു. ചൊവ്വാഴ്ച വൈകിട്ടാണ് റീജ ഭര്‍ത്താവ് കെ ബാലന്‍, മകള്‍ അനഘ എന്നിവര്‍ക്കൊപ്പം തൃച്ചംബരത്തെ ധീരജിന്റെ വീട്ടിലെത്തിയത്.”അത്രയ്ക്ക് സ്നേഹമായിരുന്നു ലോകത്തോട്, എന്നിട്ടും”മകനെക്കുറിച്ചുള്ള ഓര്‍മകള്‍ മാത്രമാണ് പുഷ്‌കലയ്ക്ക് പറയാനുണ്ടായിരുന്നത്. ”കോഴ്സ് കഴിഞ്ഞ് പാസ്പോര്‍ട്ടെടുക്കണമെന്ന് മോന്‍ എപ്പഴും പറയുമായിരുന്നു. അവയങ്ങള്‍ ദാനം ചെയ്യണമെന്നും. അത്രയ്ക്ക് സ്നേഹമായിരുന്നു ലോകത്തോട്. ആര്‍ക്കും ഒരു ദ്രോഹവും ചെയ്യാത്തവന്‍. എന്നിട്ടും അവരെന്റെ കുഞ്ഞിനെ … കൊന്നിട്ടും മതിയാവാത്ത പോലെയല്ലേ അവര് ഞങ്ങളോട് കാണിക്കുന്നത്”. ഉള്ളിലടക്കിവച്ചതെല്ലാം ആ അമ്മ പറഞ്ഞപ്പോള്‍ എന്ത് പറയണമെന്നറിയാതെ കരച്ചിലടക്കി അരികെ ഇരിക്കുകയായിരുന്നു റീജ.നെഞ്ചുലഞ്ഞ മുറിവുമായി, വേദനയുടെ 28 വര്‍ഷം 28 വര്‍ഷം മുമ്ബ് ആര്‍എസ്എസ്സുകാര്‍ വീട്ടില്‍ക്കയറി വെട്ടിക്കൊന്ന സഹോദരന്‍ കെ വി സുധീഷിന്റെ മുഖം ഇന്നും റീജയുടെ ഉള്ളില്‍ വിങ്ങുന്നു. ”ബാബുവേട്ടന്‍(കെ വി സുധീഷ്) കൊല്ലപ്പെടുമ്‌ബോള്‍ 23 വയസായിരുന്നു എനിക്ക്. മകള്‍ക്ക് ആറുമാസം പ്രായം. എങ്ങനെ ഞങ്ങള്‍ ആ വേദനയില്‍ ഇത്രയും കാലം ജീവിച്ചുവെന്ന് ചോദിച്ചാല്‍ അറിയില്ല”… ഓര്‍ക്കുമ്‌ബോള്‍ ഇപ്പോഴും വിറയലാണെന്ന് പറഞ്ഞ് റീജ പുഷ്‌കലയുടെ കൈകള്‍ ചേര്‍ത്തുപിടിച്ച് കരഞ്ഞു. ധീരജിന്റെ അച്ഛന്‍ രാജേന്ദ്രനും സഹോദരന്‍ അദ്വൈതും ഒന്നുംമിണ്ടാനാവാതെ സമീപത്തിരുന്നു. അനഘയുടെ ഭര്‍ത്താവ് അഖില്‍, സിപിഐ എം തളിപ്പറമ്പ് ഏരിയാസെക്രട്ടറി കെ സന്തോഷ് എന്നിവരും ഒപ്പമുണ്ടായി.







