
വ്യക്തികള്‍ക്കുള്ള സ്റ്റാന്‍ഡേഡ് ഡിഡക്ഷന്‍ 75,000 രൂപയായി വര്‍ധിപ്പിക്കുന്നതോടൊപ്പം നികുതിയിളവ് പരിധി മൂന്ന് ലക്ഷത്തില്‍ നിന്ന് ഉയര്‍ത്തുന്നതും പരിഗണിച്ചേക്കും. 12 മുതല്‍ 15 ലക്ഷം രൂപ വരെയുള്ള വ്യക്തിഗത വരുമാനത്തിനുള്ള നികുതി ഘടന പുനഃക്രമീകരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണെന്നാണ് ലഭിക്കുന്ന സൂചന. ഇതിനായി 20 ശതമാനം നികുതി സ്ലാബ് പരിഷ്‌കരിക്കേണ്ടിവരും. സ്ലാബ് പരിഷ്‌കരണത്തിലൂടെ കൂടുതല്‍ പേര്‍ക്ക് അതിന്റെ ഗണം ലഭിക്കാന്‍ സഹായിക്കുമെന്നാണ് വിലിയരുത്തല്‍.
നിലവില്‍ പുതിയ സമ്പ്രദായ പ്രകാരം 3 മുതല്‍ 7 ലക്ഷം രൂപവരെ വരുമാനമുള്ളവര്‍ക്ക് അഞ്ച് ശതമാനമാണ് നികുതി ബാധ്യത. 7 മുതല്‍ 10 ലക്ഷം രൂപവരെ 10 ശതമാനവും 10 മുതല്‍ 12 ലക്ഷം രൂപവരെ 15 ശതമാനവുമാണ് നികുതി നല്‍കേണ്ടത്. 10-15 ലക്ഷം വരുമാനമുള്ളവര്‍ 20 ശതമാനവും അതിന് മുകളില്‍ 30 ശതമാനവുമാണ് ബാധ്യത.
കോവിഡിന് ശേഷമുള്ള മൂന്ന് വര്‍ഷത്തെ ശരാശരി വളര്‍ച്ച 8.3 ശതമാനമായിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷം 6.4 ശതമാനമായി കുറഞ്ഞേക്കുമെന്ന സാഹചര്യം കണക്കിലെടുത്താണ് വ്യക്തിഗത ആദായ നികുതി വ്യവസ്ഥ പരിഷ്‌കരിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമം.
ചെലവഴിക്കല്‍ ശേഷിയില്‍ കാര്യമായ വര്‍ധനവുണ്ടാക്കുന്നതിന് നികുതി കിഴിച്ചുള്ള വ്യക്തികളുടെ വരുമാനം കൂടേണ്ടതുണ്ടെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയും ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയും ഈയിടെ ആവശ്യപ്പെട്ടിരുന്നു.
ആവശ്യകത ബോധ്യപ്പെട്ടു
സാമ്പത്തിക മേഖല നേരിടുന്ന വെല്ലുവിളികള്‍ അതിജീവിക്കാന്‍ നികുതി വ്യവസ്ഥയിലെ മാറ്റം അനിവാര്യമാണെന്ന് സര്‍ക്കാരിന് ബോധ്യപ്പെട്ടു. അതുകൊണ്ടുതന്നെ പുതിയ നികുതി സമ്പ്രദായത്തില്‍ കാര്യമായ മാറ്റം ഇത്തവണത്തെ ബജറ്റില്‍ പ്രതീക്ഷിക്കാം. കൂടുതല്‍ പേര്‍ക്ക് തൊഴില്‍ ഉറപ്പാക്കുക, സ്വകാര്യ ഉപഭോഗ ചെലവ് വര്‍ധിപ്പിക്കുക എന്നിവയാകും നിലവിലെ സാഹചര്യത്തില്‍ ഫലപ്രദമാകുക.
മ്യൂച്വല്‍ ഫണ്ടില്‍ 43%വരെ നേട്ടം: മുന്‍നിരയില്‍ 36 ഫണ്ടുകള്‍, നിങ്ങള്‍ക്ക് നിക്ഷേപമുണ്ടോ ? | Also Read
രാജ്യത്തെ ജിഡിപിയുടെ പകുതിയലിധകവും ഗാര്‍ഹിക ചെലവുമായി ബന്ധപ്പെട്ടാണ്. കോവിഡിനെ തുടര്‍ന്ന് 2020-21 സാമ്പത്തിക വര്‍ഷത്തിലുണ്ടായ അപ്രതീക്ഷിത സാഹചര്യം മറികടന്ന് 2022 സാമ്പത്തികവര്‍ഷത്തില്‍ ശരാശരി 5.4 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. നടപ്പ് സാമ്പത്തിക വര്‍ഷം 7.2 ശതമാനം വളര്‍ച്ച നേടുമെന്നായിരുന്നു തുടക്കത്തിലെ അനുമാനം.
കോര്‍പറേറ്റ് നികുതിയേക്കാള്‍ വ്യക്തിഗത ആദായ നികുതി വരുമാനത്തില്‍ അതിവേഗ വളര്‍ച്ചാണ് ഉണ്ടായിട്ടുള്ളത്. മുന്‍ സാമ്പത്തിക വര്‍ഷം ഈയിനത്തില്‍ 25 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് രേഖപ്പെടുത്തി. നടപ്പ് സാമ്പത്തിക വര്‍ഷമാകട്ടെ 13 ശതമാനം വര്‍ധനവോടെ 11.87 ലക്ഷം കോടിയായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതായത് ജിഡിപി വളര്‍ച്ചയേക്കാള്‍ വേഗത്തിലെന്ന് ചുരുക്കം.







