Home Breaking News സമരങ്ങളുടെ നൂറ്റാണ്ട് താണ്ടിയ സഖാവ്: വി എസ് അച്യുതാനന്ദന് ഇന്ന് നൂറ്റിയൊന്നാം പിറന്നാള്‍ .

സമരങ്ങളുടെ നൂറ്റാണ്ട് താണ്ടിയ സഖാവ്: വി എസ് അച്യുതാനന്ദന് ഇന്ന് നൂറ്റിയൊന്നാം പിറന്നാള്‍ .

1
0


സമരങ്ങളുടെ നൂറ്റാണ്ട് താണ്ടിയ സഖാവ്: വി എസ് അച്യുതാനന്ദന് ഇന്ന് നൂറ്റിയൊന്നാം പിറന്നാള്‍
കേരള രാഷ്ട്രീയത്തിലെ അതികായന്‍ സഖാവ് വി എസ് അച്യുതാനന്ദന് ഇന്ന് നൂറ്റിയൊന്നാം പിറന്നാള്‍. സമരങ്ങളുടെ നൂറ്റാണ്ട് താണ്ടിയ സഖാവിന്റെ പോരാട്ടങ്ങള്‍ എന്നും സമൂഹത്തിന് ആവേശമാണ്. പോരാട്ടമെന്ന വാക്കിനൊരു ആള്‍രൂപമുണ്ടെങ്കിലത് വി എസ് അച്യുതാനന്ദനാണ്. നാടുവാഴിക്കാലത്ത് നട്ടെല്ലുയര്‍ത്തി നിന്ന് മുഷ്ടിചുരുട്ടിയതിന്റെ കരുത്തുമായി നാട്ടിലിറങ്ങിയതാണാ ചങ്കൂറ്റം. ആ ഊറ്റംകൊണ്ട വരവിന് പിന്നില്‍ അണിനിരന്ന മനുഷ്യര്‍ ആവേശത്താലാമോദത്താല്‍ ആര്‍ത്തലച്ചു.
പുന്നപ്ര വയലാറില്‍ തുടങ്ങി സൂര്യനെല്ലിയിലേയും മൂന്നാറിലേയും വന്‍മലകളില്‍ തട്ടിയാ മുദ്രാവാക്യം കാസര്‍കോടന്‍ കശുവാണ്ടി തോപ്പുകളിലും പ്ലാച്ചിമടയിലെ പൊരിയുന്ന വെയിലത്തും അയാളുടെ പിന്നാലെതന്നെ നടന്നു. ആലപ്പുഴയിലെ പുന്നപ്രയില്‍ വെന്തലത്തറക്കുടുംബത്തില്‍ ശങ്കരന്റേയും അക്കമ്മയുടേയും മകനായി 1923 ഒക്ടോബര്‍ 20-ന് ജനനം. കുട്ടിക്കാലം മുതല്‍ തുടങ്ങിയ പോരാട്ട ജീവിതം. നാലാം വയസില്‍ അമ്മ അക്കമ്മയെയും പതിനൊന്നാം വയസില്‍ അച്ഛന്‍ ശങ്കരനെയും നഷ്ടമായതോടെ ഏഴാം ക്ലാസില്‍ ഔപചാരിക വിദ്യാഭ്യാസം അവസാനിച്ചു. തുടര്‍ന്ന് മൂത്ത സഹോദരന്റെ തുന്നല്‍ക്കടയില്‍ സഹായി. പിന്നീട് കയര്‍ ഫാക്ടറിയില്‍ തൊഴിലാളി.
സഖാക്കളുടെ സഖാവ് പി.കൃഷ്ണപിള്ളയുടെ സ്വാധീനം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെത്തിച്ചു. കുട്ടനാട്ടിലെ കര്‍ഷകത്തൊഴിലാളികളെ സംഘടിപ്പിച്ച് തുടക്കം. പതിനേഴാം വയസില്‍ പാര്‍ട്ടി അംഗം. തൊഴിലാളി വര്‍ഗ പോരാട്ടത്തിന്റെ ജ്വലിക്കുന്ന ഏടായ പുന്നപ്ര വയലാര്‍ സമരത്തിന്റെ മുന്നണിയില്‍ വിഎസ് അച്യുതാനന്ദന്‍ നിന്നു. കൊടിയ പൊലീസ് മര്‍ദനമേറ്റുവാങ്ങി. 1980 മുതല്‍ 92 വരെ 12 വര്‍ഷം സി പി ഐഎമ്മിന്റെ സംസ്ഥാന സെക്രട്ടറി. കണിശതയ്‌ക്കൊരു പകരം വാക്കുണ്ടെങ്കില്‍ അത് പാര്‍ട്ടി സെക്രട്ടറി വിഎസ് അച്യുതാനന്ദന്‍ എന്നായി. പാര്‍ട്ടി ജയിക്കുമ്പോള്‍ വിഎസ് തോല്‍ക്കുകയും വിഎസ് ജയിക്കുമ്പോള്‍ പാര്‍ട്ടി തോല്‍ക്കുകയും ചെയ്യുന്ന വൈരുദ്ധ്യത്തിന്റെ കാലവുമുണ്ടായി വി.എസ്സിന്റെ രാഷ്ട്രീയ ജീവിതത്തില്‍.

LEAVE A REPLY

Please enter your comment!
Please enter your name here