
അടിമാലി: ആദിവാസിക്കുടിയിലെ മിടുക്കി ശില്‍പ ശശിക്ക് അഞ്ചുവര്‍ഷ എല്‍.എല്‍.ബി എന്‍ട്രന്‍സ് എസ്.ടി വിഭാഗം ഒന്നാം റാങ്ക് ലഭിച്ചതോടെ അഭിനന്ദന പ്രവാഹം. കേരളത്തിലെ വിവിധ ലോ കോളജുകളില്‍ ഈ വര്‍ഷം നടന്ന അഞ്ചു വര്‍ഷ എല്‍.എല്‍.ബി പ്രവേശനത്തിനായുള്ള എന്‍ട്രന്‍സ് പരീക്ഷയിലാണ് എസ്.ടി വിഭാഗത്തില്‍ ഒന്നാം റാങ്ക് അടിമാലി ചിന്നപ്പാറക്കുടിയില്‍നിന്നുളള ശില്‍പ ശശി കരസ്ഥമാക്കിയത്.
പിന്നാക്ക ആദിവാസി മേഖലയായ ചിന്നപ്പാറക്കുടിയില്‍ നിന്ന് ഏതെങ്കിലും വിഭാഗത്തില്‍ ആദ്യമായാണ് ഒരു കുട്ടി ഒന്നാം റാങ്ക് കരസ്ഥമാക്കുന്നത്. സാമൂഹികപരമായും സാമ്ബത്തികമായുമുള്ള പിന്നോക്കാവസ്ഥകളെ മറികടന്ന് നേടിയ വിജയം ഏറെ തിളക്കമാര്‍ന്നതാണ്. യാത്രാസൗകര്യം അപര്യാപ്തമായ പ്രദേശത്തുനിന്നും കാല്‍നടയായി സ്‌കൂളിലെത്തിയാണ് പഠിച്ചിരുന്നത് എന്നത് ഈ നേട്ടത്തിന്റെ മാറ്റു കൂട്ടുന്നു. ചിന്നപ്പാറ കൂടിയിലുള്ള ശശി-ഗീത ദമ്ബതികളുടെ മകളാണ് ശില്‍പ. ഒരു സഹോദരിയും രണ്ടു സഹോദരന്‍മാരും അടങ്ങുന്നതാണ് ശില്‍പയുടെ കുടുംബം. അടിമാലി ഈസ്റ്റേണ്‍ സ്‌കൂളിലാണ് ശില്‍പ പ്ലസ് ടു വരെയുള്ള വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. തിരുവനന്തപുരം ലോ കോളേജില്‍ ചേര്‍ന്ന് പഠിക്കുന്നതിനാണ് താല്‍പര്യം. നിയമ പഠനം പൂര്‍ത്തിയാക്കിയ ശേഷം. ആദിവാസി സമൂഹത്തിന്റെ ഉന്നമനത്തിനായി തന്നാലാവുന്നതുപോലെ പ്രവര്‍ത്തിക്കുകയാണ് ശില്‍പയുടെ ആഗ്രഹം. സിവില്‍ സര്‍വീസ് നേടണമെന്നൊരു ലക്ഷ്യവും ശില്‍പയുടെ മനസിലുണ്ട്. ദേവികുളം ജനമൈത്രി എക്സൈസ് വിഭാഗം ആദിവാസി മേഖലയില്‍ നടപ്പാക്കി വരുന്ന വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലൂടെ കണ്ടെത്തിയ കൂട്ടിയാണ് ശില്‍പ.എന്‍ട്രന്‍സ് പരീക്ഷക്കുള്ള അപേക്ഷ സമര്‍പ്പിച്ചതും തുടര്‍ നടപടികളും ചെയ്തത് ഓഫീസില്‍ നിന്നാണ്. കോവിഡ് പ്രതിസന്ധി മൂലം വാഹന സൗകര്യം ലഭ്യമല്ലാതിരുന്നതിനാല്‍ എന്‍ട്രന്‍സ് പരീക്ഷയ്ക്കായി തൊടുപുഴയിലുള്ള പരീക്ഷാകേന്ദ്രത്തില്‍ എത്തിച്ചതും ജനമൈത്രി എക്സൈസ് വാഹനത്തിലാണ്. കോളജ് പ്രവേശനത്തുള്ള തുടര്‍ നടപടികളും ഓഫീസ് മുഖേന നടത്തി വരുന്നുണ്ട്.ചിന്നപ്പാറക്കുടി സ്വദേശിനി ശില്പ ശശിക്ക് വിവിധ കേന്ദ്രങ്ങളില്‍നിന്നും അഭിനന്ദനം അറിയിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി വിനു സ്‌കറിയയുടെ നേതൃത്വത്തില്‍ ലോക്കല്‍ സെക്രട്ടറി എന്‍.ഐ. ബേബി, ജെസ്റ്റിന്‍ കുളങ്ങര, ആര്‍.കെ ചന്ദ്രന്‍, അജി വര്‍ഗീസ്, സനിത സജി എന്നിവര്‍ കുടിയിലെ വീട്ടിലെത്തി ശില്‍പയെ അനുമോദിച്ചു.








