Home Breaking News ആരോപണനിഴലിൽ മുഖ്യമന്ത്രിയുടെ സുഹൃത്തും

ആരോപണനിഴലിൽ മുഖ്യമന്ത്രിയുടെ സുഹൃത്തും

1
0

കൊച്ചി: സ്വർണ്ണക്കടത്ത് കേസിലെ മുഖ്യ പ്രതികളായ സ്വപ്‌നയെയും സന്ദീപ് നായരെയും കേരളത്തിൽ നിന്ന് മുങ്ങാൻ സഹായിച്ചത് മുഖ്യമന്ത്രിയുടെ സുഹൃത്തായ ആലപ്പുഴയിലെ വ്യവസായിയെന്ന് ആരോപണം. സംഭവദിവസം ആലപ്പുഴയിലെത്തിയ പ്രതികൾ വ്യവസായിയുടെ വീട്ടിൽ തമ്പടിച്ച ശേഷമാണ് ബാംഗ്ലൂരിലേക്ക് കടന്നതെന്നാണ് ആരോപണം. യുഡിഎഫ് കൺവീനർ ബെന്നി ബെഹ്നാനും ബിജെപി നേതാവ് സുരേന്ദ്രനുമാണ് ഗുരുതരമായ ആരോപണം മുഖ്യമന്ത്രിയുമായി ബന്ധപ്പെടുത്തി ഉന്നയിച്ചിരിക്കുന്നത്.
അറിയപ്പെടുന്ന വ്യവസായിയും ആലപ്പുഴ റൈഫിൾ ക്ലബ് പ്രസിഡന്റുമായ കിരൺ മാർഷലിനെതിരെയാണ് ആരോപണം. പിണറായി വിജയൻ സംസ്ഥാന സെക്രട്ടറിയായിരുന്ന കാലത്ത് ഉപയോഗിച്ചിരുന്ന കാർ ഈ വ്യവസായിക്കാണ് വിറ്റത്. മുഖ്യമന്ത്രി ആലപ്പുഴ വഴി കടന്നുപോകുമ്പോൾ വിശ്രമിക്കുന്നതും ഭക്ഷണം കഴിക്കുന്നതും ഈ വീട്ടിലാണ്. കള്ളക്കടത്ത് സംഘവുമായി ബന്ധമുള്ള വ്യവസായിയെ എൻഐഎയുടെ അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബെഹ്നാനും ബിജെപി നേതാക്കളായ സുരേന്ദ്രനും എംടി രമേശും ആവശ്യപ്പെട്ടു. മുഖ്യമന്ത്രി കുടുംബ സുഹൃത്താണെന്ന് വ്യവസായി കിരൺ മാർഷൽ വ്യക്തമാക്കി. പ്രതികളായ സ്വപ്‌നയെയോ, സന്ദീപിനെയോ ജീവിതത്തിൽ ഒരിക്കലും കണ്ടിട്ടുപോലുമില്ല. 18 വർഷമായി മുഖ്യമന്ത്രിയുടെ സുഹൃത്താണ് താൻ. അത് ഒരു ശ്രേഷ്ഠ ബന്ധമാണ്. കാർ വാങ്ങിയത് ശരിയാണ്. അതൊന്നും ഇത്തരം ഒരു ആരോപണം ഉന്നയിക്കുന്നതിന് കാരണമാക്കരുത്. അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് കിരൺ മാർഷൽ പറഞ്ഞു.
അതേസമയം കള്ളക്കടത്തിലെ മുഖ്യ സൂത്രധാരൻ നേരത്തെ പിടിയിലായ റമീസാണെന്ന് എൻഐഎ കുറ്റപത്രത്തിൽ ആരോപിച്ചു. നയതന്ത്ര ബാഗേജിലൂടെ കൊണ്ടുവരുന്ന സ്വർണ്ണം വാങ്ങി കറൻസിയാക്കി മാറ്റുന്നത് റമീസാണെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. സ്വപ്‌നയുടെയും സന്ദീപിന്റെയും കസ്റ്റഡി വെള്ളിയാഴ്ച വരെ കോടതി നീട്ടി നൽകി. കസ്റ്റഡിയിലുള്ള സരിതുമായി എൻഐഎ തലസ്ഥാനത്ത് 10 കേന്ദ്രങ്ങളിലാണ് തെളിവെടുപ്പ് നടത്തിയത്. കോൺസുലേറ്റിന്റെ വ്യാജ സീലും രേഖയും ഉണ്ടാക്കിയ സ്റ്റാച്യുവിലെയും അമ്പലമുക്കിലെയും രണ്ട് കേന്ദ്രങ്ങളിലും എൻഐഎ പരിശോധന നടത്തി. സ്വപ്‌ന താമസിച്ചിരുന്ന ഫഌറ്റിലും കുറവൻകോണത്തെ ഫഌറ്റിലും പരിശോധന നടത്തി. ഇതിനുപുറമെ കുറവൻകോണത്തെ ഒരു ബാർ ഹോട്ടലിലും കവടിയാറിലെ ആളൊഴിഞ്ഞ വഴിയോരത്തും തെളിവെടുപ്പ് നടത്തി. ഇവിടങ്ങളിലെല്ലാം വച്ച് സ്വർണ്ണം കൈമാറിയിരുന്നെന്നാണ് സരിതിന്റെ മൊഴി. ഇതിനുപുറമെ ശിവശങ്കറിന്റെ ഫഌറ്റിലും സരിതിന്റെ വീട്ടിലും എത്തിച്ച് തെളിവെടുത്തു. പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിന് കള്ളക്കടത്തുമായി ബന്ധമുണ്ടെന്ന് മൊഴി നൽകിയ സരിതിന്റെ തെളിവെടുപ്പ് നിർണ്ണായകമാണ്. സ്വപ്‌നയെയും സന്ദീപ് നായരെയും സരിതിനെയും ഒന്നിച്ചിരുത്തിയുള്ള ചോദ്യം ചെയ്യലും തെളിവെടുപ്പുമാണ് ഇനിയുള്ള ദിവസങ്ങളിൽ. ഇതോടൊപ്പം ശിവശങ്കറിനെയും കസ്റ്റംസും എൻഐഎയും വീണ്ടും ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here