Home Breaking News വിജയത്തിൽ മതിമറക്കരുത് ( Editorial )

വിജയത്തിൽ മതിമറക്കരുത് ( Editorial )

1
0

ഏത് വിജയത്തിന്റെയും പിതൃത്വം അവകാശപ്പെടാൻ അനവധി പേരുണ്ടാകും. തോൽവി സംഭവിക്കുമ്പോൾ പിതൃത്വം ഏറ്റെടുക്കാൻ ആരും ഉണ്ടാവില്ല. കോവിഡ് പ്രതിരോധത്തിൽ നമ്മളാണ് മുന്നിൽ, നമ്മളാണ് ലോകത്തിന് മാതൃക എന്ന് എല്ലാ ദിവസവും അവകാശപ്പെടുന്ന മുഖ്യമന്ത്രി ഓർക്കേണ്ടത് വിജയത്തിന്റെയും പരാജയത്തിന്റെയും വ്യത്യസ്ത മുഖങ്ങളാണ്. അദ്ദേഹം തന്നെ ഇന്നലെ പറഞ്ഞത് കൊറോണക്കെതിരെയുള്ള ഓട്ടം നൂറുമീറ്റർ ഓടുന്നതുപോലെയല്ല. ഇതൊരു മാരത്തോൺ ഓട്ടമാണ്, പരീക്ഷണഘട്ടമാണ്. ആരോഗ്യം മാത്രമല്ല, ക്ഷമയും സഹനശക്തിയും വീഴാതെ ഓടിത്തീർക്കാൻ മാനസികമായ കരുത്തും ആവശ്യമാണ്. മുഖ്യമന്ത്രി പിണറായി പറഞ്ഞത് ശരിയാണ്. പെട്ടെന്ന് ഓടിത്തീർക്കാവുന്ന ഒരു ഓട്ടമല്ല കൊറോണക്കെതിരെയുള്ള ചെറുത്തുനിൽപ്. ഇപ്പോഴത്തെ സ്ഥിതി വിലയിരുത്തിയാൽ ലോകവും രാജ്യവും കേരളവുമെല്ലാം നടത്തുന്നത് ഒരു മാരത്തോൺ ഓട്ടം തന്നെയാണ്. ആ മാരത്തോൺ ഓട്ടത്തിൽ ആരാണ് മുന്നിൽ, ആരാണ് പിന്നിൽ, ആരാണ് വിജയിക്കുക എന്നൊന്നും ആർക്കും പ്രവചിക്കാനാവില്ല. കാരണം അജ്ഞാതനായ വൈറസ് എവിടെയെല്ലാം മരണം വിതയ്ക്കും എന്ന് എങ്ങനെയാണ് കണ്ടെത്തുക? ഭാഗ്യ നിർഭാഗ്യങ്ങൾ മാത്രമാണ് കൊറോണയുടെ വ്യാപനം കൂട്ടുന്നതും കുറയ്ക്കുന്നതും. അക്കാര്യത്തിൽ കേരളം ഇപ്പോൾ ഭാഗ്യവാൻമാരുടെ കൂട്ടത്തിലാണ്. ഇത്തരം അവകാശവാദം ലോകത്താർക്കും ഉന്നയിക്കാനാവില്ല. അങ്ങനെ ആരെങ്കിലും അവകാശവാദം ഉന്നയിച്ചാൽ അവർക്ക് പലപ്പോഴും ആ അവകാശവാദങ്ങൾ തിരുത്തേണ്ടിവരും.
ഇന്നലെ മുഖ്യമന്ത്രി പറഞ്ഞ ചില കണക്കുകൾ നോക്കൂ. ഡൽഹിയിൽ മൂന്നു ശതമാനമാണ് മരണനിരക്ക്. തമിഴ്‌നാട്ടിൽ 1.5 ശതമാനമാണ്. മഹാരാഷ്ട്രയിൽ 3.8 ശതമാനമാണ് മരണനിരക്ക്. ഗുജറാത്തിൽ 4.4 ശതമാനം. കർണ്ണാടകയിൽ 2.1 ശതമാനമാണ്. അപ്പോഴാണ് കേരളത്തിലെ മരണനിരക്ക് 0.1ൽ നിൽക്കുന്നത്. മഹാഭാഗ്യം എന്നല്ലാതെ എന്താണ് ഇതിനെ വിശേഷിപ്പിക്കുക? ഫലമുള്ള വൃക്ഷങ്ങൾ തലതാഴ്ത്തുന്നതുപോലെ നാം നമ്രശിരസ്‌കരാകണം. അല്ലാതെ അവകാശവാദത്തിന്റെയും അഹങ്കാരത്തിന്റെയും ഭാഷ പാടില്ല. മനുഷ്യർ ലോകത്തെവിടെ മഹാമാരി മൂലം മരിച്ചാലും അവരെല്ലാം നമ്മുടെ സഹോദരങ്ങളാണ് എന്ന് കാണാൻ നമുക്ക് കഴിയണം. അപ്പോഴാണ് നാം മാനവികത ഉയർത്തിപ്പിടിക്കുന്നത്.
എന്തുകൊണ്ടാണ് കേരളം മഹാമാരിയുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ട് നിൽക്കുന്നത്? ഇടതുപക്ഷം ഭരിക്കുന്നതുകൊണ്ടാണോ? പിണറായി മുഖ്യമന്ത്രിയായതുകൊണ്ടാണോ? രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായതുകൊണ്ടാണോ? മുല്ലപ്പള്ളി കെപിസിസി പ്രസിഡന്റായതുകൊണ്ടാണോ? ഇതൊന്നും മഹാമാരിയെ തടയാനുള്ള കാരണങ്ങളേയല്ല. ഭരണപക്ഷത്തിന്റെ മികവോ, പ്രതിപക്ഷത്തിന്റെ കുത്തിത്തിരിപ്പോ അല്ല രോഗ കാരണം.
കേരളത്തിൽ 85 ശതമാനം ജനങ്ങൾക്കും സ്വന്തമായി വീടുകളുണ്ട്. ആ വീടുകളിൽ പ്രത്യേകം മുറികളും ബാത്ത്‌റൂം സൗകര്യങ്ങളുമുണ്ട്. ഒരു കൊച്ചുമുറ്റം ഏത് ചെറിയ വീടിനും ഉണ്ടാകും. അപ്പോൾ സാമൂഹ്യ അകലം 85 ശതമാനം ജനങ്ങൾക്കും ഇവിടെയുണ്ട്. ബാക്കി വരുന്ന 15 ശതമാനം തീരപ്രദേശങ്ങളിലും കോളനികളിലും കഴിയുന്നവരാണ്. ഇവിടങ്ങളിൽ പോലും അവർ താമസിക്കുന്നത് ഒറ്റമുറിയിലാണെങ്കിലും വൃത്തിയുടെയും വെടിപ്പിന്റെയും കൂടെയാണ്. രണ്ടാമത്തെ കാരണം സോപ്പ് ഉപയോഗിച്ച് ഏറെ നേരം കുളിക്കുന്നത് മലയാളിയുടെ ഒരു ശീലമാണ്. സോപ്പാകട്ടെ, കൊറോണ എന്ന വൈറസിനെ ആട്ടിയോടിക്കാൻ പര്യാപ്തമാണ്. മൂന്നാമത്തെ കാരണം വിദേശികളെ പോലെ കണ്ടുമുട്ടിയാൽ ഉടൻ കൈപിടിച്ചു കുലുക്കുന്ന പതിവും കെട്ടിപ്പിടിക്കുന്ന പതിവും മലയാളിക്കില്ല. സ്വതസിദ്ധമായ ഈഗോ കൊണ്ടാവാം മലയാളി ഇഷ്ടപ്പെട്ടവർക്കേ കൈ കൊടുക്കൂ. അതുകൊണ്ട് സാമൂഹ്യ അകലം അറിയാതെ തന്നെ മലയാളി പാലിക്കുകയാണ്. പുരുഷൻമാർ തമ്മിൽ ചിലപ്പോൾ ഷേയ്ക്ക് ഹാൻഡ് ചെയ്‌തെന്നുവരാം. വിദേശികളെ പോലെ സ്ത്രീകളെ ആശ്ലേഷിക്കുന്നത് സങ്കൽപ്പിക്കാൻ പോലും മലയാളിക്ക് കഴിയില്ല. കേരളത്തിലെ 50 ശതമാനം വീടുകളിലും വീടിനകത്തും പുറത്തും ബാത്ത്‌റൂം സൗകര്യങ്ങളുണ്ട്. പാരമ്പര്യമായി കേരളത്തിന് ലഭിച്ച ഈ സൗകര്യങ്ങളാണ് ഒരുപരിധി വരെ കൊറോണയെ തടയാൻ മലയാളിയെ പ്രാപ്തരാക്കുന്നത്. ഇതിനു പുറമെയാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ എല്ലാ ഗ്രാമത്തിലും, ഊർജ്ജസ്വലമായ ഗ്രാമപഞ്ചായത്തുകൾ എല്ലായിടത്തും. നഗരസഭകളും കോർപ്പറേഷനുകളും അവിടങ്ങളിലെ ജനപ്രതിനിധികളും രോഗത്തെ പ്രതിരോധിക്കാൻ പ്രതിജ്ഞാബദ്ധരാണ്. ഇവർക്ക് മുകളിൽ എംഎൽഎമാരുടെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരുടെയും മന്ത്രിമാരുടെയും മുഖ്യമന്ത്രിയുടെയും നേതൃത്വം ഉണ്ടെന്നത് ആരും നിഷേധിക്കുന്നില്ല.
ഡൽഹിയിലെയും ആന്ധ്രയിലെയും കർണ്ണാടകയിലെയും തമിഴ്‌നാട്ടിലെയും ബീഹാറിലെയും സ്ഥിതി ഇതാണോ? പാവങ്ങളും സാധാരണക്കാരും കൂട്ടമായി അധിവസിക്കുന്ന പ്രദേശങ്ങൾ. ചേരികളുടെ കാര്യം പറയുക തന്നെ വേണ്ട. അത്തരം പ്രദേശങ്ങളിൽ എല്ലാവർക്കും കൂടി ഉപയോഗിക്കാനുള്ളത് ഒരു കക്കൂസ് മാത്രമാകും. വെള്ളമെടുക്കണമെങ്കിൽ അവിടങ്ങളിൽ പൊതുടാപ്പിനെ തന്നെ ആശ്രയിക്കണം. നൂറുകണക്കിന് പേർ ക്യൂ നിന്ന് വേണം പ്രഭാതകർമ്മത്തിനുള്ള വെള്ളം ശേഖരിക്കാൻ. എങ്ങനെ സാമൂഹ്യ അകലം അവർക്ക് പാലിക്കാനാവും? തൊട്ടടുത്തടുത്ത് കൊച്ചുകുടിലുകളിൽ താമസിക്കുന്ന ലക്ഷക്കണക്കിന് മനുഷ്യർ. കേരളത്തിൽ അത്തരം പ്രദേശങ്ങൾ വിരലിൽ എണ്ണാവുന്നവ മാത്രമായിരിക്കും. കേരളം നൂറ്റാണ്ടുകളായി കൈവരിച്ച വികസനവും ഭൗതിക സാഹചര്യങ്ങളുമാണ് ഈ ഘട്ടത്തിൽ കേരളത്തെ രക്ഷിച്ചിരിക്കുന്നത്.
നമ്മുടെ ആരോഗ്യരംഗവും തദ്ദേശസ്ഥാപനങ്ങളും പോലീസ് സംവിധാനവും ഇന്ന് കാണുന്ന നിലയിൽ വികസിപ്പിച്ചെടുത്തത് ഒരുകൂട്ടർ മാത്രമല്ല. ആദ്യ മുഖ്യമന്ത്രിമാരായിരുന്ന പട്ടംതാണുപിള്ളയുടെയും സി കേശവന്റെയും പിന്നീട് ഐക്യകേരളം നിലവിൽ വന്ന ശേഷം മുഖ്യമന്ത്രിമാരായ ഇഎംഎസ് മുതൽ പിണറായി വരെയുള്ള എല്ലാ ഭരണാധികാരികൾക്കും ഇന്ന് കാണുന്ന കേരളത്തെ സൃഷ്ടിച്ചതിൽ ചെറുതല്ലാത്ത പങ്കുണ്ട്. അഞ്ചുകൊല്ലത്തിലൊരിക്കൽ മാറിമാറി കേരളം ഭരിച്ച കമ്മ്യൂണിസ്റ്റുകാർക്കും കോൺഗ്രസുകാർക്കും ഒരുപോലെ അവകാശപ്പെട്ടതാണ് കേരളത്തിന്റെ സമ്പന്നമായ അവസ്ഥ. വിദ്യാഭ്യാസരംഗത്തുണ്ടായ പുരോഗതിക്ക് ഇക്കാര്യങ്ങളിലെല്ലാം നിർണ്ണായകമായ പങ്കുണ്ട്. മുണ്ടശേരിയെ പോലുള്ള വിദ്യാഭ്യാസ മന്ത്രിമാർ കൊണ്ടുവന്ന പരിഷ്‌കാരങ്ങൾ. വിദ്യാഭ്യാസത്തിലും സംസ്‌ക്കാരത്തിലും കേരളത്തെ മുന്നോട്ടുനയിച്ചത് രാഷ്ട്രീയ പാർട്ടികൾ മാത്രമല്ല, സാമൂഹ്യ സാമുദായിക സംഘടനകൾക്കും വലിയ പങ്കുണ്ട്.
ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളം വേറിട്ട് നിൽക്കുന്നത് ആദ്യകാലത്തെ സാമൂഹ്യ പരിഷ്‌ക്കർത്താക്കൾ നടത്തിയ പോരാട്ടങ്ങൾ കൊണ്ടാണ്. മുട്ടിന് താഴെ മുണ്ടുടുക്കാനും മാറിടം മറയ്ക്കാനും സ്ത്രീ സ്വാതന്ത്ര്യത്തിനും വിദ്യാഭ്യാസത്തിനും വേണ്ടി പോരാട്ടങ്ങൾ തുടങ്ങിയത് നാരായണഗുരുവിന്റെയും ചട്ടമ്പി സ്വാമികളുടെയും അയ്യങ്കാളിയുടെയും നേതൃത്വത്തിലാണ്. അന്ന് തുടങ്ങിയ സാമൂഹിക പോരാട്ടങ്ങൾക്ക് രാഷ്ട്രീയ മാനം കൈവന്നപ്പോൾ കോൺഗ്രസും കമ്മ്യൂണിസ്റ്റും കേരളം മാറിമാറി ഭരിച്ചു. പതിറ്റാണ്ടുകളായി കൈവരിച്ച ഈ നേട്ടങ്ങളുടെ ഫലമായിട്ടാണ് ഏത് പ്രളയത്തെയും ഏത് മഹാമാരിയെയും നേരിടാൻ കരുത്തുള്ള ജനതയായി നാം മാറിയത്.

LEAVE A REPLY

Please enter your comment!
Please enter your name here