Home Kerala ആലപ്പാട്ടെ ഖനനം നിര്‍ത്തണമെന്ന് വി.എസ്; സര്‍ക്കാര്‍ നിലപാടിന് വിമര്‍ശനം

ആലപ്പാട്ടെ ഖനനം നിര്‍ത്തണമെന്ന് വി.എസ്; സര്‍ക്കാര്‍ നിലപാടിന് വിമര്‍ശനം

7
0

തിരുവനന്തപുരം: ആലപ്പാട്ടെ കരിമണല്‍ ഖനനം നിര്‍ത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ടു ഭരണ പരിഷ്‌ക്കരണ കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍. സംസ്ഥാന സര്‍ക്കാറിന്റെ നിലപാടിനെ വിമര്‍ശിച്ചു കൊണ്ടാണ് വി എസ് രംഗത്തുവന്നത്.

ജനിച്ച മണ്ണില്‍ മരിക്കണം എന്ന, ആലപ്പാട്ടെ കുഞ്ഞുങ്ങളുടെ ആഗ്രഹത്തിന് കരിമണലിനെക്കാള്‍ വിലയുണ്ടെന്ന് വി.എസ് ഓര്‍മപ്പെടുത്തി. തുടര്‍പഠനവും നിഗമനങ്ങളും വരുന്ന വരെയെങ്കിലും ആലപ്പാട്ടെ കരിമണല്‍ ഖനനം നിര്‍ത്തി വയ്ക്കണം. ഖനനത്തിലൂടെ ആലപ്പാടിന് സംഭവിച്ചതെന്താണെന്ന് മനസ്സിലാക്കാന്‍ പുറത്തു വന്ന ഉപഗ്രഹചിത്രങ്ങളും നിയമസഭാ പരിസ്ഥിതി കമ്മിറ്റിയുടെ പഠനറിപ്പോര്‍ട്ടും മാത്രം പരിശോധിച്ചാല്‍ മതിയെന്ന് വി എസ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

നിലവിലെ സ്ഥിതിയില്‍ ഖനനം മുന്നോട്ട് പോയാല്‍ കടലും കായലും ചേര്‍ന്ന് അപ്പര്‍ കുട്ടനാട് വരെയുള്ള കാര്‍ഷിക ജനവാസമേഖല പോലും ഇല്ലാതാവുന്ന അവസ്ഥയുണ്ടാവും എന്ന ആശങ്കയും പ്രസ്തവാനയില്‍ വി എസ് പങ്കുവയ്ക്കുന്നു.

കരിമണല്‍ ഖനന വിഷയവുമായി ബന്ധപ്പെട്ട് ജനകീയ സമരസമിതിയുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തുന്നതിന് തൊട്ടുമാമ്പായിരുന്നു വി എസ് പ്രസ്താവനയുമായി രംഗത്തുവന്നത്. സീ വാഷിങ് നിറുത്തിവയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും ഖനനം പൂര്‍ണ്ണമായും നിറുത്തണമെന്നാണ് സമരസമിതിയുടെ ആവശ്യം. നേരത്തെ ഖനന ആഘാതം ആലപ്പാട് പ്രദേശത്തെ ഏങ്ങനെയാണ് ബാധിച്ചതെന്ന് പഠിക്കാന്‍ വിദഗ്ദ്ധസമിതിയെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. തീരം ഇടിയാനുള്ള പ്രധാന കാരണം സീ വാഷിങ് ആണെന്ന് സമരക്കാര്‍ ഉന്നയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് കലക്ടറും ജനപ്രതിനിധികളും ഉള്‍പ്പെടുന്ന മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കും.

വി എസ് അച്യുതാനന്ദന്റെ പ്രസ്താവനയുടെ പൂര്‍ണരൂപം ഇങ്ങനെ:

തുടര്‍ പഠനവും നിഗമനങ്ങളും വരുന്നതുവരെയെങ്കിലും ആലപ്പാട്ടെ കരിമണല്‍ ഖനനം അവസാനിപ്പിക്കുന്നതാവും ഉചിതം. ഖനനം മൂലം ആലപ്പാടിന് സംഭവിച്ചതെന്ത് എന്ന് മനസ്സിലാക്കാന്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്ന ഉപഗ്രഹ ചിത്രങ്ങളും നിയമസഭാ പരിസ്ഥിതി കമ്മിറ്റിയുടെ പഠനവുംതന്നെ ധാരാളമാണ്. ധാതു സമ്പത്ത് വെറുതെ കളയരുത് എന്ന ലാഭചിന്തയിലൂടെയല്ല, അപകടകരമായ ഒരു പാരിസ്ഥിതിക പ്രതിസന്ധിയെ നോക്കിക്കാണേണ്ടത്.

ഇന്നത്തെ നിലയില്‍ ഇനിയും മുന്നോട്ടുപോയാല്‍, അത് ആലപ്പാടിനെ മാത്രമല്ല, ബാധിക്കുക. കടലും കായലും ഒന്നായി, അപ്പര്‍ കുട്ടനാട് വരെയുള്ള കാര്‍ഷിക ജനവാസ മേഖല പോലും ഇല്ലാതാവുന്ന സ്ഥിതിയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു വര്‍ഷം മുമ്പ് വന്ന നിയമസഭാ പരിസ്ഥിതി കമ്മിറ്റിയുടെ റിപ്പോര്‍ട്ട് തീര്‍ച്ചയായും ഗൗരവത്തിലെടുക്കേണ്ടതാണ്. ജനിച്ച മണ്ണില്‍ മരിക്കണം എന്ന, ആലപ്പാട്ടെ കുഞ്ഞുങ്ങളുടെ ആഗ്രഹത്തിന് കരിമണലിനെക്കാള്‍ വിലയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here