
ആലപ്പുഴ ആലപ്പുഴ ഇരട്ട കൊലപാതകങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ നിര്‍ണ്ണായക പുരോഗതി എന്ന് എ ഡി ജി പി വിജയ് സാഖറെ അറിയിച്ചു. കൊലപാതകത്തില്‍ ഉള്‍പ്പെട്ടവരുടെ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. പ്രതികളെ മുഴുവന്‍ തിരിച്ചറിഞ്ഞിട്ടില്ല. കൂടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. രഞ്ജിത്തിന്റെ കൊലപാതകത്തില്‍ ഉള്‍പെട്ടെന്ന് സംശയിക്കുന്നവരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നു. മണ്ണഞ്ചേരിയില്‍ നിന്ന് കണ്ടെത്തിയ ബൈക്ക് രഞ്ജിത്തിന്റെ കൊലപാതകത്തിന് ഉപയോഗിച്ചതാണ്. അന്വേഷണത്തിന്റെ ഭാഗമായി സമൂഹമാധ്യമങ്ങളിലൂടെയും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. പ്രകോപന പോസ്റ്റുകളില്‍ നടപടി ഉണ്ടാകും. സംഭവങ്ങള്‍ക്ക് പിന്നിലെ ഗൂഢാലോചന വിശദമായി അന്വേഷിക്കുമെന്നും എഡിജിപി വ്യക്തമാക്കി. ആലപ്പുഴയില്‍ ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസന്‍ കൊല്ലപ്പെട്ട കേസില്‍ പത്ത് പേര്‍ കസ്റ്റഡിയില്‍. ഇവരെല്ലാവരും എസ്ഡിപിഐ പ്രവര്‍ത്തകരാണ്. മൂന്നുപേര്‍ കൊലയാളി സംഘങ്ങളുമായി ബന്ധമുള്ളവരാണെന്നാണ് പ്രാഥമികമായി ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. കസ്റ്റഡിയിലുള്ള മറ്റു എഴുപേരെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്.എസ്ഡിപിഐ നേതാവ് കെ.എസ്.ഷാന്‍ വധക്കേസിലെ പ്രതികളെല്ലാം ആലപ്പുഴ ജില്ലക്കാരാണെന്ന് അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. ഷാനിനെ വധിക്കാന്‍ കൊലയാളിസംഘം രണ്ടരമാസമാണ് കാത്തിരുന്നത്. കാറിലെത്തിയ കൊലയാളി സംഘത്തിന് പുറമെ ഒരു ബൈക്കിലും ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ഷാനിനെ പിന്തുടര്‍ന്നിരുന്നു. വയലാറിലെ ബിജെപി പ്രവര്‍ത്തകന്‍ നന്ദുവിനെ കൊന്നതിലുള്ള പ്രതികാരമാണ് ഷാനിന്റെ വധമെന്ന് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പറയുന്നു.








