Home Latest News in Kerala രാജകീയ പ്രൗഢിയില്‍ ഋഷഭവാഹന എഴുന്നള്ളിപ്പ് ഇന്ന്

രാജകീയ പ്രൗഢിയില്‍ ഋഷഭവാഹന എഴുന്നള്ളിപ്പ് ഇന്ന്

1
0


വൈക്കം: ഭക്തിയും പ്രൗഢിയും ആഡംബരങ്ങളും ദൃശ്യവിസ്മയമൊരുക്കുന്ന ഋഷഭവാഹന എഴുന്നള്ളിപ്പ് ഇന്ന് രാത്രി നടക്കും. വൈക്കത്തഷ്ടമിയുടെ ഏറ്റവും ഭക്തിനിര്‍ഭരമായ എഴുന്നള്ളിപ്പാണ് ഏഴാം ഉത്സവദിവസം നടക്കുന്ന ഋഷഭവാഹന എഴുന്നള്ളിപ്പ്. വെള്ളിയില്‍ നിര്‍മിതമായ കാളയുടെ പുറത്ത് വൈക്കത്തപ്പന്റെ തങ്കവിഗ്രഹം അണിയിച്ചൊരുക്കുന്നതാണ് ഋഷഭവാഹന എഴുന്നള്ളിപ്പിന്റെ പ്രത്യേകത. 20 കിലോ ശുദ്ധവെള്ളിയില്‍ പൊതിഞ്ഞു നിര്‍മിച്ച ഋഷഭത്തിന്റെ പുറത്താണ് തിടമ്പ് എഴുന്നള്ളിക്കുന്നത്. അഷ്ടമിയുടെ ഏഴാം ഉത്സവദിവസം വൈക്കത്തപ്പന്‍ വാഹനമായ കാളയുടെ പുറത്ത് എഴുന്നള്ളി ഭക്തര്‍ക്ക് ദര്‍ശനം നല്‍കുന്നൂവെന്നതാണ് ഋഷഭവാഹന എഴുന്നള്ളിപ്പിനെ കുറിച്ചുള്ള വിശ്വാസം. തിങ്കളാഴ്ച രാത്രി 11-നാണ് ഋഷഭവാഹന എഴുന്നള്ളിപ്പ് മുഹൂര്‍ത്തം. വൈക്കത്തപ്പന്റെ വലിയ ചട്ടത്തില്‍ തങ്കവിഗ്രഹം വെച്ച് സര്‍വവിധ അലങ്കാരങ്ങളോടെ ഒരുക്കാനുള്ള അവകാശവും എഴുന്നള്ളിക്കാനുള്ള അവകാശവും മൂസത് കുടുംബങ്ങള്‍ക്കാണ്. പൗരാണികമായ ആചാരവും അനുഷ്ഠാനങ്ങളും പാരമ്പര്യങ്ങളും കാത്തുസൂക്ഷിക്കുന്നതാണ് ഋഷഭവാഹന എഴുന്നള്ളിപ്പിന്റെ ചടങ്ങുകള്‍.40-ഓളം മൂസതുമാര്‍ ചേര്‍ന്നാണ് ഋഷഭവാഹനം മുളംതണ്ടില്‍ എഴുന്നള്ളിക്കുന്നത്. ഋഷഭവാഹനം എഴുന്നള്ളിപ്പിനു മുന്നിലായി രണ്ട് തങ്കക്കുടകള്‍ പിടിക്കും. എഴുന്നള്ളിപ്പ് തെക്കേമുറ്റത്ത് എത്തുമ്പോള്‍ നല്‍കുന്ന വരവേല്‍പ്പും പ്രൗഢിയുടെ ഭാഗമാണ്. ക്ഷേത്രത്തിലെ ഏറ്റവും മിനുക്കമുള്ള നിലവിളക്കുകളാണ് വരവേല്‍പ്പിന് ഉപയോഗിക്കുന്നത്. നെയ്ത്തിരി ദീപങ്ങള്‍ തെളിക്കുന്നതും പുഷ്പങ്ങള്‍ വിരിക്കുന്നതും സുഗന്ധദ്രവ്യങ്ങള്‍ പുകയ്ക്കുന്നതും പ്രത്യേകതയാണ്. അഞ്ച് പ്രദക്ഷിണങ്ങളാണ് എഴുന്നള്ളിപ്പിന്. ഓരോ തരം വാദ്യങ്ങള്‍ ഉപയോഗിക്കുന്നതും രാജഭരണകാലം മുതലേയുള്ള ആചാരഭാഗമാണ്.ഭക്തിയുടെയും പ്രൗഢിയുടെയും ദൃശ്യവിരുന്നൊരുക്കുന്ന എഴുന്നള്ളിപ്പ് ദര്‍ശിക്കാന്‍ ആയിരക്കണക്കിന് ഭക്തര്‍ എത്തും. രാത്രി ഒരു മണിയോടെയാണ് എഴുന്നള്ളിപ്പ് പൂര്‍ത്തിയാവുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ ലളിതമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here