Home National ഉഡുപ്പി ക്ഷേത്രത്തിലെ സ്‌നാനാചാരം നിറുത്തി

ഉഡുപ്പി ക്ഷേത്രത്തിലെ സ്‌നാനാചാരം നിറുത്തി

2
0

ഉഡുപ്പി: ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ആചാരങ്ങളായ മഡെ സ്നാനയും എഡെ സ്നാനയും നിരോധിച്ചതായി പര്യായ പലിമാര്‍ മഠത്തിലെ സ്വാമി വിദ്യാധീശ തീര്‍ഥ അറിയിച്ചു. ബ്രാഹ്മണര്‍ ഭക്ഷണം കഴിച്ച ഇലയില്‍ കീഴ്ജാതിക്കാര്‍ ഉരുളുന്ന ചടങ്ങാണ് മഡെ സ്നാന. പ്രസാദം നിവേദിച്ച ഇലയില്‍ കീഴ്ജാതിക്കാര്‍ ഉരുളുന്നതാണ് എഡെ സ്നാന. ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ചമ്പശഷ്ഠി ഉത്സവത്തോട് അനുബന്ധിച്ചായിരുന്നു മഡെ സ്നാനയും എഡെ സ്നാനയും അനുവര്‍ത്തിച്ചുപോന്നിരുന്നത്. ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഉപക്ഷേത്രമായ കുക്കെ സുബ്രഹ്മണ്യ ഗുഡിയിലായിരുന്നു ഇവ നടപ്പാക്കിവന്നിരുന്നത്. പേജാവര്‍ മഠാധിപതി സ്വാമി വിശ്വേഷ തീര്‍ഥ 2016ല്‍ മഡെ സ്നാന നിര്‍ത്തലാക്കുകയും എഡെ സ്നാന കൊണ്ടുവരികയും ചെയ്തിരുന്നു. ഇതാണ് ഇപ്പോള്‍ പൂര്‍ണമായും നിര്‍ത്തലാക്കിയിരിക്കുന്നത്. ഇത്തവണത്തെ ചമ്പശഷ്ഠി എഡെ സ്നാനയില്ലാതെ തന്നെ വ്യാഴാഴ്ച നടത്തിയതായി വിദ്യാധീശ തീര്‍ഥ അറിയിച്ചു.

വിഷയത്തില്‍ അനാവശ്യ വിവാദങ്ങളുണ്ടാക്കാന്‍ താത്പര്യമില്ലാത്തതിനാലാണ് അനാചാരങ്ങള്‍ നിര്‍ത്തലാക്കുന്നതെന്ന് വിദ്യാധീശ തീര്‍ഥ പറഞ്ഞു. പേജാവര്‍ മഠാധിപതിയുമായി കൂടിയാലോചിച്ച ശേഷമാണ് തീരുമാനത്തിന് അന്തിമ രൂപമായതെന്നും അദ്ദേഹം വ്യക്തമാക്കി. തീരുമാനം സ്വാഗതം ചെയ്ത പേജാവര്‍ മഠാധിപതി വിവാദമായ ആചാരങ്ങളല്ല പൂജ നടക്കുകയാണ് പ്രധാനമെന്ന് പ്രതികരിച്ചു. നേരത്തെ അനാചാരങ്ങള്‍ അവസാനിപ്പിക്കണമെന്ന ആവശ്യവുമായി സിപിഎം ഉള്‍പ്പെടെയുള്ള സംഘടനകള്‍ ക്ഷേത്രത്തിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. അന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത എം.എ ബേബി അടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here