
കൊറോണ വൈറസിന് ഇതുവരെ ഉണ്ടായിട്ടുള്ള വകഭേദങ്ങളില്‍ വെച്ച് ഏറ്റവും ഭീകരമായ വകഭേദമാണ് ഇപ്പോള്‍ ബോത്സ്വാനയില്‍ കണ്ടെത്തിയ വകഭേദം എന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്.
ഇതിനു മുന്‍പ് ഉണ്ടായിരുന്ന വകഭേദങ്ങള്‍ക്ക് ഉണ്ടായിരുന്ന മ്യുട്ടേഷനുകള്‍ അഥവാ ജനിതകമാറ്റങ്ങള്‍ എല്ലാം തന്നെ ഈ പുതിയ വകഭേദത്തിനുള്ളപ്പോള്‍, അതുകൂടാതെ മറ്റ് പല പുതിയ മ്യുട്ടേഷനുകളും ഇതിനു സംഭവിച്ചിട്ടുണ്ട്. അതാണ് ഈ വകഭേദത്തെകൂടുതല്‍ മാരകമാക്കുന്നത്.ഈ അതിഭീകര വകഭേദം, ഇപ്പോള്‍ ലോകമാകമാനം വ്യാപിച്ച ഡെല്റ്റ വകഭേദത്തിലെ മ്യുട്ടേഷനുകള്‍ സ്വായത്തമാക്കിയതിനാല്‍, ഇതിനും അതിവ്യാപനശേഷി കൈവന്നിട്ടുണ്ട് അതുപോലെ വാക്‌സിനെ പ്രതിരോധിക്കുന്ന ബീറ്റ വകഭേദത്തിനുള്ള മ്യുട്ടേഷനുകളും ഇതില്‍ ദൃശ്യമാകുന്നുണ്ട്. അതോടൊപ്പം കഴിഞ്ഞ ശീതകാലത്ത് ബ്രിട്ടനില്‍ ഭീതി വിതറിയ ആല്‍ഫ വകഭേദത്തിന്റെ മ്യുട്ടേഷനുകളും ഇതിനുണ്ട്. ഇതിനൊക്കെ പുറമേയാണ് മനുഷ്യകോശങ്ങളില്‍ കയറുവാനും അവിടെ പറ്റിപ്പിടിച്ച് കിടക്കുവാനും വൈറസിനെ സഹായിക്കുന്ന സ്‌പൈക്ക് പ്രോട്ടീനില്‍ വന്ന ഒട്ടനവധി മ്യുട്ടേഷനുകള്‍.ലോകരോഗ്യ സംഘടന ഓമിക്രോണ്‍ എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ വകഭേദത്തിന് മൊത്തം 32 മ്യുട്ടേഷനുകളാണ് സംഭവിച്ചിരിക്കുന്നത്. അത് സ്‌പൈക്ക് പ്രോട്ടീനില്‍ സംഭവിച്ചിരിക്കുന്ന മ്യുട്ടേഷനുകളാണ്. നിലവില്‍ ഏറ്റവുമധികം ഭീതിയുണര്‍ത്തുന്ന ഡെല്‍റ്റാ വകഭേദത്തിന്റെ ഇരട്ടി മ്യുട്ടേഷനുകളാണ് ഇതിനുള്ളത്. അതിനാല്‍ തന്നെ വാക്‌സിന്റെ പ്രഭാവം 40 ശതമാനം വരെ കുറയ്ക്കാന്‍ ഇതിനാകുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. അതിനുള്ള പ്രധാനകാരണം, ഈ ജനിതകമറ്റങ്ങള്‍ എല്ലാം തന്നെ സംഭവിച്ചിരിക്കുന്നത് ബി. 1.1.529 എന്ന് ശാസ്ത്രീയ നാമമുള്ള ഈ വകഭേദത്തിന്റെ സ്‌പൈക്ക് പ്രോട്ടീനാണ് എന്നതുതന്നെയാണ്.നിലവിലെ വാക്‌സിന്‍ ശരീരത്തെ പരിശീലിപ്പിക്കുന്നത് പഴയ വകഭേദങ്ങളുടെ സ്‌പൈക്ക് പ്രോട്ടീനെ തിരിച്ചറിയുവാനാണ്. എന്നാല്‍, ഓമിക്രോണിന്റെ സ്‌പൈക്ക് പ്രോട്ടീന് ഇത്രയധികം ജനിതകമാറ്റങ്ങള്‍ സംഭവിച്ചതിനാല്‍ അതിന് തീര്‍ത്തും വ്യത്യസ്തമായ ഒരു രൂപമാണുള്ളത്. അതുകൊണ്ടുതന്നെ മനുഷ്യ പ്രതിരോധ സംവിധാനത്തിന് ഇവയെ തിരിച്ചറിയാന്‍ കഴിഞ്ഞേക്കില്ല. തിരിച്ചറിയാത്തിടത്തോളം കാലം പ്രതിരോധ സംവിധാനത്തിന് ഈ വൈറസിനെതിരെ പോരാടുവാനും കഴിയില്ല.മൊത്തം 50 ല്‍ അധികം മ്യുട്ടേഷനുകളാണ് ഓമിക്രോണിന് സംഭവിച്ചിരിക്കുന്നത്. അതില്‍ 32 എണ്ണം സ്‌പൈക്ക് പ്രോട്ടീനിലാണ് ഉള്ളത്. മാത്രമല്ല, വളരെ വിരളമായി മാത്രം സംഭവിക്കാറുള്ള പി 681 എച്ച്, എന്‍ 679 കെ എന്നീ മ്യുട്ടേഷനുകള്‍ ഒരുമിച്ച് ഇവിടെ സംഭവിച്ചിരിക്കുന്നു. അതിനാല്‍ തന്നെ വാക്‌സിനുകളെ പ്രതിരോധിക്കുവാനുള്ള ശക്തി വളരെയേറെ വര്‍ദ്ധിക്കും. ഈ രണ്ട് മ്യുട്ടേഷനുകള്‍ക്കൊപ്പം എച്ച് 655 വൈ എന്ന മ്യുട്ടേഷനും കൂടി ചേരുമ്‌ബോള്‍ വൈറസുകള്‍ക്ക് മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുവാന്‍ എളുപ്പമാകും.അതേപോലെ എന്‍ 501 വൈ എന്ന മ്യുട്ടേഷന്‍ വൈറസുകളുടെ വ്യാപന ശേഷി വര്‍ദ്ധിപ്പിക്കുന്നതാണ്. അതും ഓമിക്രോണില്‍ സംഭവിച്ചിട്ടുണ്ട്. അതുപോലെത്തന്നെ വൈറസുകളുടെ വ്യാപനശേഷി വര്‍ദ്ധിപ്പിക്കുന്ന മറ്റു രണ്ട് മ്യുട്ടേഷനുകളായ ആര്‍ 203കെ, ജി 204ആര്‍ എന്നിവയും ഇവിടെ ഒരുമിച്ച് സംഭവിച്ചിരിക്കുന്നു. ഒപ്പം എന്‍ എസ് പി 6 എന്ന മ്യുട്ടേഷന്റെ അഭാവം കൂടി ആകുമ്‌ബോള്‍ വ്യാപനശേഷി വളരെയധികം വര്‍ദ്ധിക്കും.ദക്ഷിണാഫ്രിക്കന്‍ വകഭേദത്തിന് വാക്‌സിനെ പ്രതിരോധിക്കാന്‍ ഏറെ സഹായകരമായ കെ 417എന്‍, ഇ484എ എന്നീീ ജനിതകമാറ്റങ്ങളും ഓമിക്രോണില്‍ സംഭവിച്ചിട്ടുണ്ട്. അതിനൊപ്പം ഡെല്‍റ്റയില്‍ കണ്ടെത്തിയ എന്‍ 440 കെ എന്ന മ്യുട്ടേഷനും ന്യുയോര്‍ക്ക് വകഭേദത്തില്‍ കണ്ട എസ് 477എന്‍ എന്ന മ്യുട്ടേഷനും ഇതില്‍ ദൃശ്യമാണ്. ജി446എസ്, ടി478കെ,ക്യു493കെ, ജി496എസ്, ക്യു498ആര്‍, വൈ505എച്ച് എന്നീ മ്യുട്ടേഷനുകളും ഓമിക്രോണില്‍ കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ പ്രാധാന്യത്തെ കുറിച്ച് ഇപ്പോഴും പഠനങ്ങള്‍ നടക്കുന്നതേയുള്ളൂ.അതേസമയം ബ്രിട്ടനില്‍ വികസിപ്പിച്ച പുതിയ വാക്‌സിന് ഈ വകഭേദത്തെ ഫലപ്രദമായി ചെറുക്കാന്‍ കഴിയുമെന്ന അവകാശവാദവും ഉയര്‍ന്നിട്ടുണ്ട്. ഇത് അവസാന പരീക്ഷണ ഘട്ടത്തിലാണ് ഇപ്പോള്‍ ഉള്ളത്. ഓക്‌സ്‌ഫോര്‍ഡ്/ അസ്ട്രസെനെക വാക്‌സിന്‍ വികസിപ്പിച്ച അതേ ഗവേഷകര്‍ തന്നെയാണ് ഇതിനു പുറകിലുമുള്ളത്. ഫോര്‍മുലയില്‍ നടത്തിയ പരീക്ഷണങ്ങളുടെ ഫലം അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പുറത്തുവരും.ബോത്സ്വാനയില്‍ ഉദ്ഭവിച്ച ഈ രാക്ഷസ വൈറസ് വകഭേദത്തെ തടയുവാന്‍ ഇപ്പോള്‍ തന്നെ വൈകി എന്നാണ് ഇമ്മ്യുണളോജിസ്റ്റായ പ്രൊഫസര്‍ സര്‍ ജോണ്‍ ബെല്‍ പറയുന്നത്. സര്‍ക്കാര്‍ ഏര്‍പ്പെടുത്തീയ യാത്രാ നിരോധനമൊന്നും അതിനെ തടയുവാന്‍ ഫലപ്രദമല്ലെന്ന് അദ്ദേഹം പറയുന്നു. ഈ പുതിയ വകഭേദം പടര്‍ന്നാല്‍ പിന്നെ രൂപമാറ്റം വരുത്തിയ വാക്‌സിനുകള്‍ മാത്രമായിരിക്കും പ്രതിവിധി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അത്തരത്തിലൊന്ന് ബ്രിട്ടനില്‍ വികസിപ്പിച്ചു എന്നത് ആശ്വാസകരമായ വാര്‍ത്തയാണെന്നും അദ്ദേഹം പറഞ്ഞു.ദക്ഷിണാഫ്രിക്കയില്‍ പടര്‍ന്നുപിടിച്ച, വാക്‌സിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള വകഭേദത്തിനെതിരെയായിരുന്നു പുതിയ ഫോര്‍മുല രൂപീകരിച്ചത്. ആവശ്യമെങ്കില്‍ അത് നിലവില്‍ ഉപയോഗിക്കുന്ന വാക്‌സിനുമായി സംയോജിപ്പിച്ച് മാറ്റങ്ങള്‍ വരുത്തി ഉപയോഗിക്കാന്‍ സാധിക്കും എന്നാണ് ഗവേഷകര്‍ പറയുന്നത്.








