പ്രത്യേക ലേഖകൻ
കൊച്ചി: പ്രശസ്തനായ നാടകകൃത്ത് സിജെ തോമസ് ഒരിക്കൽ എഴുതി; കണ്ണുകൾ തന്നിരിക്കുന്നത് കാണാതിരിക്കാനും ചെവികൾ തന്നിരിക്കുന്നത് കേൾക്കാതിരിക്കാനും കൂടിയാണ്. നമുക്കുചുറ്റും നടക്കുന്നതെല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ടെങ്കിലും എല്ലാറ്റിനോടും പ്രതികരിക്കുന്നത് ബുദ്ധിയല്ല എന്നാണ് സിജെ അർത്ഥമാക്കിയത്. സത്യസന്ധമായി പ്രതികരിച്ചാൽ ഉണ്ടാകുന്ന അപകടങ്ങൾ പേടിച്ചാണ് പലതും കണ്ടില്ലെന്നും കേട്ടില്ലെന്നും നാം നടിക്കുന്നത്. വനിതാ കമ്മീഷൻ ചെയർപേഴ്‌സണും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ എംസി ജോസഫൈൻ കഴിഞ്ഞ ദിവസം പറഞ്ഞത്
ഇതുപോലെ തള്ളിക്കളയാനോ, പ്രതികരിക്കാതിരിക്കാനോ നമുക്കെന്നല്ല, ആർക്കുമാവില്ല.
തന്റെ പാർട്ടിക്ക് ഒരേസമയം കോടതിയും പോലീസ് സ്‌റ്റേഷനും ഉണ്ടെന്നായിരുന്നു ജോസഫൈൻ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകരോട് പറഞ്ഞത്. അഞ്ചുവയസുകാരനായ മകന്റെ മുന്നിൽ വച്ച് അച്ഛനും നാല് സുഹൃത്തുക്കളും ചേർന്ന് അമ്മയെ പിച്ചിച്ചീന്തിയ സംഭവം അന്വേഷിക്കാനെത്തിയപ്പോഴാണ് മാധ്യമ പ്രവർത്തകർ പാർട്ടി നേതാക്കൾ പ്രതികളായുള്ള കേസുകളിൽ വനിതാ കമ്മീഷന്റെ നിലപാട് എന്താണെന്ന് ചോദിച്ചത്. എംഎൽഎയായ പി.കെ ശശി പ്രതിയായുള്ള കേസിനെക്കുറിച്ചാണ് നിങ്ങൾ ചോദിക്കുന്നതെന്ന് മനസിലായി എന്ന തരത്തിൽ പൊട്ടിത്തെറിച്ചുകൊണ്ടാണ് വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ, പ്രതികരിച്ചത്. പരാതിക്കാരിയുടെ കുടുംബം പാർട്ടിയുടെ അന്വേഷണം മതിയെന്ന നിലപാട് സ്വീകരിച്ചതുകൊണ്ടാണ് ആ കേസ് പാർട്ടിക്ക് വിട്ടത്. അതേസമയം സിപിഎമ്മുകാരായ എസ്.രാജേന്ദ്രനും സികെ ഹരീന്ദ്രനും എതിരെ കിട്ടിയ പരാതികളിൽ വനിതാ കമ്മീഷൻ കേസെടുത്തിട്ടുണ്ടെന്നും ജോസഫൈൻ പറയാൻ മറന്നില്ല.
അർദ്ധ ജുഡീഷ്യൽ സ്ഥാപനമായ വനിതാ കമ്മീഷന്റെ ചെയർമാൻ പദവിയിൽ ഇരിക്കുന്ന ഒരാൾ ഭരണഘടനാപരമായി മാത്രമാണ് സംസാരിക്കേണ്ടതും നടപടിയെടുക്കേണ്ടതും. എന്നാൽ പാർട്ടിക്ക് സ്വന്തമായി ഭരണഘടനയും കോടതിയും പോലീസും ഉണ്ടെന്ന് പറഞ്ഞതിലൂടെ ഇവർ നടത്തിയത് സത്യപ്രതിജ്ഞാ ലംഘനമാണ്. അതുകൊണ്ടാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ജോസഫൈന്റെ പ്രസ്താവന തള്ളിക്കളഞ്ഞത്. നിലവിലുള്ള നിയമങ്ങളും പോലീസ് സംവിധാനവും അനുസരിച്ചാണ് പാർട്ടി പ്രവർത്തിക്കുന്നത് എന്നാണ് അദ്ദേഹം തിരുത്തിയത്. എല്ലാ കാര്യങ്ങളും തുറന്നുപറയാനുള്ളതല്ല എന്ന സിജെ തോമസിന്റെ നിലപാട് തെളിയിക്കുന്നതാണ് കോടിയേരിയുടെ തിരുത്തൽ.
രാജാവ് നഗ്‌നനാണ് എന്നു വിളിച്ചു പറഞ്ഞ കുട്ടിയെ പോലെയാണ് ഒരു സന്നിഗ്ധ ഘട്ടത്തിൽ ജോസഫൈൻ നിയന്ത്രണം വിട്ട് സത്യം വിളിച്ചു പറഞ്ഞത്. പാർട്ടിയെ സംബന്ധിച്ചിടത്തോളം അവരുടെ ഭരണഘടനയും നിയമവും ശിക്ഷാരീതികളും ഉണ്ടെന്ന കാര്യം എല്ലാവർക്കും അറിയാം. ടിപി വധം ഉൾപ്പെടെ ഉണ്ടായ രാഷ്ട്രീയ കൊലപാതകങ്ങളെല്ലാം തന്നെ ഇതിന് തെളിവാണ്. ആഴ്ചകൾക്ക് മുൻപ് വിവാദ നായകനായ പി.കെ ശശി എംഎൽഎ ഇതുപോലെ ഒരു സത്യം വിളിച്ചുപറഞ്ഞു. പാർട്ടിയോടൊപ്പം നിന്നാൽ സംരക്ഷണം നൽകുമെന്നും ഇല്ലെങ്കിൽ ശിക്ഷിക്കുമെന്നുമായിരുന്നു ശശിയുടെ വെളിപ്പെടുത്തൽ. പിന്നീട് നാക്ക് പിഴവാണ് എന്നുപറഞ്ഞ് അദ്ദേഹം പ്രസ്താവന തിരുത്തിയെങ്കിലും എംഎൽഎയുടെ ആ വിവാദ പരാമർശം കേരളമാകെ ചർച്ച ചെയ്തിരുന്നു.
മുൻ രാഷ്ട്രപതി എപിജെ അബ്ദുൾ കലാം ഒരിക്കൽ പറഞ്ഞിരുന്നു, രാജ്യ താൽപര്യം പരിഗണിക്കുമ്പോൾ ഏത് പാർട്ടിയായാലും സങ്കുചിതമായ താൽപര്യങ്ങൾ മാറ്റിവെച്ച് രാജ്യത്തിനു വേണ്ടി സംസാരിക്കുകയും പ്രവർത്തിക്കുകയും വേണം. എപിജെ പറഞ്ഞ ആ കാര്യങ്ങൾ ഉൾക്കൊള്ളാൻ നമ്മുടെ രാജ്യത്ത് എത്ര പാർട്ടികൾക്കാണ് കഴിയുക? ഭരണഘടനയ്ക്ക് അപ്പുറമല്ല പാർട്ടി ഭരണഘടന എന്ന യാഥാർത്ഥ്യം അംഗീകരിക്കാൻ പാർട്ടികൾക്ക് കഴിയുമോ? രഹസ്യമായെങ്കിലും രാജ്യത്തിന്റെ ഭരണഘടനയ്ക്ക് അപ്പുറമാണ് പാർട്ടി ഭരണഘടന എന്ന് വിശ്വസിക്കുന്നവരാണ് കമ്മ്യൂണിസ്റ്റ് പാർട്ടികളിൽ അടിയുറച്ച് വിശ്വസിക്കുന്ന പ്രവർത്തകരും നേതാക്കളും. ബുദ്ധിയുള്ളതുകൊണ്ട് അവർ ഈ സത്യം ജോസഫൈനെ പോലെ വിളിച്ചു പറയുന്നില്ല എന്നുമാത്രം.
പബ്ലിക്ക് സർവ്വീസ് കമ്മീഷൻ, വനിതാ കമ്മീഷൻ, വിവരാവകാശ കമ്മീഷൻ തുടങ്ങിയ സംവിധാനങ്ങളിൽ ചെയർമാൻമാരെയും അംഗങ്ങളെയും രാഷ്ട്രീയമായി നിയമിക്കാൻ പാടില്ല. എന്നാൽ കേരളത്തിലും രാജ്യത്താകെയും ഇത്തരം നിയമനങ്ങൾ നടക്കുന്നത് രാഷ്ട്രീയ അടിസ്ഥാനത്തിലാണ്. ഉദ്യോഗാർത്ഥിയുടെയോ, പരാതിക്കാരുടെയോ ജാതിയോ, മതമോ, രാഷ്ട്രീയമോ നോക്കാതെ തീരുമാനങ്ങളെടുക്കാൻ ഇത്തരം സംവിധാനങ്ങൾക്ക് കഴിയണം. യുഡിഎഫ് ഭരിക്കുമ്പോൾ കോൺഗ്രസിനും ഘടകകക്ഷികൾക്കും അവകാശപ്പെട്ടതാണ് ഈ കമ്മീഷനുകൾ. ഇടതുപക്ഷം വരുമ്പോൾ ഈ കമ്മീഷനുകളിലെല്ലാം ഇടതുനേതാക്കളും സഹയാത്രികരും നിയമിക്കപ്പെടും. വിവരാവകാശ നിയമമായാലും പബ്ലിക്ക് സർവ്വീസ് കമ്മീഷനായാലും വനിതാ കമ്മീഷനായാലും പ്രവർത്തിക്കേണ്ടത് നിഷ്പക്ഷമായിട്ടാണ്. നിഷ്പക്ഷത എന്ന വാക്ക് തന്നെ ഇന്ന് അർത്ഥം നഷ്ടപ്പെട്ട ഒരു പ്രയോഗമാണ്. സത്യത്തിന്റെ പക്ഷത്ത്, ശരിയുടെ പക്ഷത്ത്, സ്ത്രീയുടെ പക്ഷത്ത് നിൽക്കേണ്ടവർ രാഷ്ട്രീയം നോക്കിയാണ് നിലപാടുകളെടുക്കുന്നത്. അപ്പോൾ സത്യം, ധർമ്മം, നീതി തുടങ്ങിയവയെല്ലാം വിസ്മരിക്കപ്പെടുന്നു.
ഈ യാഥാർത്ഥ്യം തെളിയിക്കുന്നതാണ് വനിതാ കമ്മീഷൻ ചെയർ പേഴ്‌സണിന്റെ വെളിപ്പെടുത്തൽ.
കേരളത്തിൽ സ്ത്രീകളുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കാനാണ് വനിതാ കമ്മീഷൻ നിലവിൽ വന്നത്. ചെയർപേഴ്‌സണായി ജസ്റ്റിസ് ശ്രീദേവിയും സുഗതകുമാരിയും ഇരുന്ന കാലം ഒഴിച്ചാൽ കമ്മീഷന്റെ തലപ്പത്ത് എത്തിയവരെല്ലാം രാഷ്ട്രീയ നേതാക്കളായിരുന്നു. ഭരിക്കുന്ന പാർട്ടിയുടെ താൽപര്യം സംരക്ഷിക്കുന്ന ഒന്നായി വനിതാ കമ്മീഷൻ അധഃപതിച്ചു. സ്ത്രീപീഡനങ്ങളുണ്ടായാൽ പരാതിക്ക് പോലും കാത്തുനിൽക്കാതെ സ്വയം നടപടിയെടുക്കാൻ അധികാരമുള്ള വനിതാ കമ്മീഷൻ നോക്കുകുത്തിയായിട്ട് കാലമേറെയായി.
സിബിഐയായാലും സെൻട്രൽ വിജിലൻസ് കമ്മീഷനായാലും സംസ്ഥാന വിജിലൻസുകളായാലും ക്രൈംബ്രാഞ്ച് പോലുള്ള സംവിധാനങ്ങളായാലും അവിടങ്ങളിൽ പോലും തലപ്പത്ത് വരുന്നവർ സർക്കാരിന്റെ താൽപര്യത്തിന് വഴങ്ങുന്നവരാണ്. അങ്ങനെ വഴങ്ങാത്തവരെ ശിക്ഷിക്കുന്ന കാര്യത്തിൽ മോദി സർക്കാരായാലും പിണറായി സർക്കാരായാലും വിഭിന്നരല്ല. സിബിഐ ഡയറക്ടറായിരുന്ന ശർമ്മയെ അർദ്ധരാത്രിയിൽ സ്ഥലംമാറ്റിയതും വിജിലൻസ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ് കഴിഞ്ഞ രണ്ടുകൊല്ലമായി വേട്ടയാടപ്പെട്ടതും ഇതിന് തെളിവാണ്.
എവിടെയും വളയുന്ന നട്ടെല്ലും ചോദ്യം ചോദിക്കാത്ത മനസും ഉണ്ടെങ്കിൽ ആർക്കും ഏത് ഉന്നത സ്ഥാനത്തും കയറിപ്പറ്റാം. ഇതാണ് ജനാധിപത്യത്തിന് ഒരുപാട് നന്മകളുണ്ടെങ്കിലും അടുത്ത കാലത്തായി നാം അനുഭവിച്ചു കൊണ്ടിരിക്കുന്ന ഏറ്റവും വലിയ തിന്മ.











