ബുദ്ധിയുള്ളവരാണെങ്കിലും സ്വാർത്ഥരാണ് കേരളത്തിലെ വോട്ടർമാർ. അതേസമയം ധാർമ്മികതയ്ക്കും മൂല്യങ്ങൾക്കും അവർ വില കൽപ്പിക്കുകയും ചെയ്യും. തിരഞ്ഞെടുപ്പ് കാലങ്ങളിലാണ് മലയാളി മുന്നണികളുടെ പ്രതിച്ഛായയും ധാർമ്മികതയും വിലയിരുത്തുന്നത്. അതുകൊണ്ടാണ് കേരളത്തിലെ തിരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാൽ ഒരു മുന്നണിക്കും തുടർച്ചയായി ഭരണം ലഭിക്കാതെ പോകുന്നത് എന്നുകാണാം. നിലവിലുള്ള സർക്കാരിനെതിരെ വിധിയെഴുതുകയും പ്രതിപക്ഷത്തെ ഭരണത്തിൽ കൊണ്ടുവരികയും ചെയ്യുക എന്നത് കേരളീയരുടെ ഒരു ശീലമാണ്.
ഇതിന് ഒരപവാദം അടിയന്തരാവസ്ഥക്കുശേഷം 1977ൽ നടന്ന തിരഞ്ഞെടുപ്പാണ്. സി.അച്യുതമേനോൻ സർക്കാരിനെ 114 എംഎൽഎമാരുടെ ഭൂരിപക്ഷത്തിൽ വീണ്ടും വിജയിപ്പിച്ചതാണ് അപൂർവ്വമായ സംഭവം. ഇന്ദിരാഗാന്ധി അടക്കം കോൺഗ്രസ് നേതാക്കളെല്ലാം പരാജയപ്പെട്ട പൊതുതിരഞ്ഞെടുപ്പിലാണ് അച്യുതമേനോനും കെ.കരുണാകരനും നേതൃത്വം നൽകിയ യുഡിഎഫ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് തുടർ ഭരണത്തിൽ വന്നത്. ഇതൊഴിച്ചാൽ കേരളത്തിൽ നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും ഭരണകക്ഷിയെ തോൽപ്പിച്ച ചരിത്രമാണ് കേരളീയർ കഴിഞ്ഞ തിരഞ്ഞെടുപ്പ് വരെയും ആവർത്തിച്ചത്.
തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ പ്രഖ്യാപനം വന്നുകഴിഞ്ഞു.വിധിയറിയാൻ ഇനി 38 ദിവസങ്ങൾ മാത്രം. മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ഫലം അറിയാൻ ഡിസംബർ 16 വരെ കാത്തിരുന്നാൽ മതി. തദ്ദേശ തിരഞ്ഞെടുപ്പ് അഞ്ചു മാസത്തിനുശേഷം വരാൻ പോകുന്ന അസംബ്ലി തിരഞ്ഞെടുപ്പിന്റെ റിഹേഴ്‌സലാകുമോ? ആവില്ല എന്നതാണ് യാഥാർത്ഥ്യം. അതിനും ഉദാഹരണമുണ്ട്. ഇ.കെ നായനാർ മുഖ്യമന്ത്രിയായിരിക്കെ ആദ്യ ജില്ലാ കൗൺസിലിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 12 ജില്ലാ കൗൺസിലുകളും എൽഡിഎഫിന് ലഭിച്ചു. നാലു കൊല്ലം മാത്രം പൂർത്തിയാക്കിയ നായനാർ മന്ത്രിസഭ രാജി വെച്ച് അസംബ്ലി തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. എന്നാൽ ആ തിരഞ്ഞെടുപ്പിൽ 101 എംഎൽഎമാരുമായി എ.കെ ആന്റണിയുടെ നേതൃത്വത്തിലുള്ള യുഡിഎഫാണ് അധികാരത്തിൽ വന്നത്. ഈ ഒറ്റ ഉദാഹരണം മതി തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഫലം അസംബ്ലി തിരഞ്ഞെടുപ്പിനെ ഒരു പരിധി വരെ മാത്രമേ സ്വാധീനിക്കൂ എന്ന് വിലയിരുത്താൻ.
ഏത് തിരഞ്ഞെടുപ്പിലും വോട്ടർമാർ പരിഗണിക്കുന്നത് ഭരിച്ചുകൊണ്ടിരിക്കുന്ന സർക്കാരിന്റെ കാലത്തെ സംഭവങ്ങളാണ്. അവയിൽ വികസന പ്രവർത്തനങ്ങളെക്കാൾ വോട്ടർമാർ പ്രാധാന്യം നൽകുന്നത് അഴിമതിരഹിതമായ ഭരണം കാഴ്ച വെച്ച് പ്രതിച്ഛായ സൃഷ്ടിക്കാൻ സർക്കാരിന് കഴിഞ്ഞോ എന്നതാണ്. ഇതിന് തെളിവാണ് അച്യുതമേനോൻ സർക്കാരിന് ലഭിച്ച തുടർ വിജയം. അടിയന്തരാവസ്ഥക്കാലത്ത് പത്രങ്ങളുടെ വായ മൂടിക്കെട്ടിയതു കാരണം വിവാദങ്ങളോ, അഴിമതിയാരോപണങ്ങളോ, പോലീസ് അതിക്രമങ്ങളോ ഒന്നും പുറത്തുവന്നില്ല. അതേസമയം അടിയന്തരാവസ്ഥക്കാലത്ത് സർക്കാർ ഓഫീസുകൾ സജീവമായി പ്രവർത്തിച്ചു. തീവണ്ടികളും ട്രാൻസ്‌പോർട്ട് ബസുകളും സമയം പാലിച്ച് ഓടി. അക്രമസംഭവങ്ങൾ കുറവായിരുന്നു. സമരങ്ങളോ, പ്രക്ഷോഭങ്ങളോ നടത്തേണ്ട പ്രതിപക്ഷ നേതാക്കളെല്ലാം ജയിലിലുമായിരുന്നു. സ്വാർത്ഥരായ വോട്ടർമാർ അടിയന്തരാവസ്ഥ എന്ന കരിനിയമത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. അങ്ങനെ പറഞ്ഞാൽ തെല്ലും അതിശയോക്തിയാവില്ല.
ഇതിൽ നിന്ന് മനസിലാക്കേണ്ടത് സർക്കാരിനെ വിലയിരുത്താൻ മാധ്യമങ്ങളുടെ സാന്നിധ്യം അനിവാര്യമാണ് എന്നതാണ്. കട്ടൻ ചായയുടെയും പരിപ്പുവടയുടെയും കാലം കഴിഞ്ഞുവെന്ന് ചില നേതാക്കൾ പറയാറുണ്ടെങ്കിലും ദൃശ്യമാധ്യമങ്ങളുടെ വേലിയേറ്റമുള്ള ഈ കാലത്തുപോലും പത്രം വായിക്കുക മലയാളിയുടെ ശീലമാണ്. ഒരു പത്രമല്ല, കുറഞ്ഞത് രണ്ട് പത്രങ്ങളെങ്കിലും വായിക്കാത്ത മലയാളികൾ ചുരുക്കമാണ്. പറഞ്ഞുവന്നത് ഒരു ഭരണകാലത്ത് ഉയരുന്ന വിവാദങ്ങളും പോലീസ് അതിക്രമങ്ങളും ജനങ്ങളെ ഏറെ സ്വാധീനിക്കുമെന്നാണ്.
വികസന പ്രവർത്തനങ്ങളാണ് തിരഞ്ഞെടുപ്പിൽ വിധി നിർണ്ണയിക്കുന്നതെങ്കിൽ കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാർ ‘അതിവേഗം ബഹുദൂരം’ എന്ന മട്ടിൽ ഒട്ടനവധി വികസന പ്രവർത്തനങ്ങൾ നടത്തിയ സർക്കാരാണ്. സ്മാർട്ട് സിറ്റിയും കൊച്ചി മെട്രോയും വിഴിഞ്ഞം പദ്ധതിയും കണ്ണൂർ എയർപോർട്ടും ഉൾപ്പെടെ തുടങ്ങിവെച്ചത് ഉമ്മൻചാണ്ടിയാണെന്ന കാര്യം എല്ലാവർക്കും അറിയാം. പക്ഷേ, വിഎസിന്റെ നേതൃത്വത്തിൽ പ്രതിപക്ഷം നടത്തിയ അഴിമതിക്കെതിരെയുള്ള പോരാട്ടങ്ങൾക്കാണ് ജനം വോട്ട് നൽകിയത്. മതികെട്ടാൻ മുതൽ സോളാറും ബാർ കോഴയും ഉൾപ്പെടെ ഉമ്മൻചാണ്ടി സർക്കാരിന്റെ അവസാന വർഷത്തെ കടുംവെട്ട് വരെ മാധ്യമങ്ങളിൽ ഇടംനേടി. ജനവിധിയെ സ്വാധീനിച്ചത് വികസനത്തെ പിന്തള്ളി ഉയർന്ന അഴിമതി ആരോപണങ്ങളുടെ പ്രളയമാണ്.
ഇടതുമുന്നണിയായാലും യുഡിഎഫായാലും നായകൻമാരായി പ്രഗത്ഭൻമാർ തിരഞ്ഞെടുപ്പ് പ്രചരണം നയിച്ചിട്ടുള്ളതാണ് നമ്മുടെ രാഷ്ട്രീയ ചരിത്രം. ഒരുകാലത്ത് ഇഎംഎസും ഗൗരിയമ്മയും ഉൾപ്പെടെയുള്ള നേതാക്കൾ. പിന്നീട് ഇഎംഎസും നായനാരും വിഎസും അടക്കമുള്ള ജനനായകർ. ഏറ്റവും ഒടുവിലത്തെ തിരഞ്ഞെടുപ്പുകളിൽ ജനനായകനായ വി.എസ് തന്നെയായിരുന്നു താരം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പോലും വിഎസിന്റെ കട്ടൗട്ടുകളും ചിത്രങ്ങളും കേരളമാകെ നിറഞ്ഞിരുന്നു. പാർട്ടി സെക്രട്ടറിയായ പിണറായി വിജയന് രണ്ടാം സ്ഥാനമേ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം പോലും നൽകിയുള്ളൂ. അതാണ് യാഥാർത്ഥ്യം.
യുഡിഎഫിലാകട്ടെ ദീർഘകാലം ലീഡറും എ.കെ ആന്റണിയുമായിരുന്നു പടനായകൻമാർ. പിന്നീട് ആന്റണിയും ഉമ്മൻചാണ്ടിയുമായി നേതാക്കൾ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വി.എം സുധീരനും ഉമ്മൻചാണ്ടിയും ചെന്നിത്തലയുമാണ് യുഡിഎഫിനെ നയിച്ചത്. ഈ ഘട്ടങ്ങളിലെല്ലാം അക്കൗണ്ട് തുറക്കുമെന്ന് പറഞ്ഞ് സജീവമായി രംഗത്തുണ്ടായിരുന്ന ബിജെപിക്ക് ചരിത്രത്തിലാദ്യമായി ഒരു അക്കൗണ്ട് ഒ.രാജഗോപാലിലൂടെയാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ലഭിച്ചത്. പ്രതിഛായയുള്ള, തലയെടുപ്പുള്ള നേതാക്കളുടെ അഭാവം തന്നെയാണ് ബിജെപിക്ക് അന്നും ഇന്നും ശാപമായി മാറുന്നത്. ഇടതുമുന്നണിയിലും യുഡിഎഫിലും കഴിഞ്ഞ തിരഞ്ഞെടുപ്പ് വരെ തലയെടുപ്പുള്ള നേതാക്കളാണ് മുന്നണികളെ നയിച്ചത്.
ഇക്കുറി മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ ശയ്യാവലംബിയാണ്. അദ്ദേഹം രംഗത്തില്ലാത്ത ആദ്യ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയെ നയിക്കേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനാണ്. സ്വർണ്ണക്കള്ളക്കടത്ത് കേസോടെ മുഖ്യമന്ത്രി തന്നെ അഴിമതി ആരോപണ ശരങ്ങളുടെ നടുവിലാണ്. രണ്ടാമനായ മുൻ ആഭ്യന്തര മന്ത്രി പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മകൻ ഇഡിയുടെ കസ്റ്റഡിയിലായതോടെ വൻ പ്രതിസന്ധിയിലാണ്. ഒരേസമയം മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും വർദ്ധിതവീര്യത്തോടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് നേതൃത്വം നൽകേണ്ട സന്ദർഭത്തിലാണ് ഈ ദുരവസ്ഥയെ ഇടതുമുന്നണി അഭിമുഖീകരിക്കുന്നത്.
രണ്ട് പ്രളയങ്ങളെയും കോവിഡിനെയും സമർത്ഥമായി നേരിട്ട് വികസന പ്രവർത്തനങ്ങൾ നടത്തി തുടർ ഭരണത്തിലേക്ക് എന്ന് ഇടതുപക്ഷം പ്രത്യാശ പ്രകടിപ്പിച്ച സന്ദർഭത്തിലാണ് ഇടിത്തീ പോലെ സ്വർണ്ണക്കള്ളക്കടത്ത് കേസിൽ സ്വപ്‌നയും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറും കേന്ദ്ര ഏജൻസിയുടെ പിടിയിൽ അകപ്പെട്ടത്. അതിനു പിന്നാലെയാണ് മയക്കുമരുന്ന് കേസിലും കള്ളപ്പണം വെളുപ്പിക്കലിലും ബിനീഷ് കോടിയേരിയും പിടിയിലായത്. ഏറ്റവും ഒടുവിൽ ലൈഫ് മിഷൻ പദ്ധതിയിലെ കോഴ ഇടപാടിനെക്കുറിച്ച് അറിയാനായി മുഖ്യമന്ത്രിയുടെ മറ്റൊരു പ്രതിപുരുഷനായ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ ഇഡി വിളിപ്പിച്ചിരിക്കുന്നു.
എൻഐഎ തുടങ്ങി സിബിഐ വരെയുള്ള കേന്ദ്ര അന്വേഷണ ഏജൻസികളുടെ തെളിവെടുപ്പും അന്വേഷണവും സർക്കാരിനെ തകർക്കാനുള്ള നീക്കമാണെന്നാണ് ഇടതുപക്ഷത്തിന്റെ ആരോപണം. വരുന്ന 16 മുതൽ കേന്ദ്ര ഏജൻസികളുടെ കടന്നുകയറ്റത്തിനെതിരെ ജനകീയ പ്രക്ഷോഭം ആരംഭിക്കാനാണ് ഇന്നലെ കൂടിയ സെക്രട്ടറിയേറ്റ് തീരുമാനിച്ചത്. മകനെതിരെ ഉയർന്ന ആരോപണങ്ങളുടെ പേരിൽ കോടിയേരി മാറിനിൽക്കേണ്ട എന്നും സെക്രട്ടറിയേറ്റ് തീരുമാനിച്ചു. ചുരുക്കത്തിൽ പട നയിക്കേണ്ട നായകനായ മുഖ്യമന്ത്രിക്ക് നേരെയാണ് അന്വേഷണ ഏജൻസികളുടെ നീക്കമെന്നാണ് എല്ലാവരും സംശയിക്കുന്നത്. ഇത്തരം ഒരു ഘട്ടത്തിൽ ഇടതുപക്ഷത്തിന് തദ്ദേശ തിരഞ്ഞെടുപ്പിനെയും അസംബ്ലി തിരഞ്ഞെടുപ്പിനെയും നേരിടാനുള്ള കരുത്താർജ്ജിക്കാനാകുമോ?
പിണറായി സർക്കാർ നടത്തിയ ക്ഷേമപ്രവർത്തനങ്ങൾ, വികസന പ്രവർത്തനങ്ങൾ, കോവിഡിനെ നേരിട്ടുകൊണ്ട് ആരോഗ്യരംഗത്ത് കാഴ്ച വെച്ച പ്രകടനം. ഇതിനൊക്കെ പുറമെ, പ്രളയ കാലങ്ങളിൽ തകർന്നുപോയ കേരളത്തെ എല്ലാ മേഖലയിലും പുനർനിർമ്മിക്കാൻ സർക്കാരിന് കഴിഞ്ഞുവെന്നാണ് ഇടതുപക്ഷത്തിന്റെ നിലപാട്.
നാലുകൊല്ലത്തോളം ഏകശില പോലെ മുന്നോട്ടുപോയ പിണറായിയുടെ നേതൃത്വത്തിലുള്ള സർക്കാർ സ്വർണ്ണക്കള്ളക്കടത്ത് കേസോടെയാണ് അഴിമതി ആരോപണങ്ങളുടെ ചുഴിയിൽ അകപ്പെട്ടത്. അതോടെ ആരോപണങ്ങളുടെ പ്രവാഹമായി. സ്പ്രിംഗ്ലർ ഇടപാട് മുതൽ ഒട്ടനവധി ആരോപണങ്ങളാണ് പ്രതിപക്ഷ നേതാവ് ചെന്നിത്തലയും ബിജെപി പ്രസിഡന്റ് കെ.സുരേന്ദ്രനും ഉന്നയിച്ചത്. അന്വേഷണ ഏജൻസികളുടെ കണ്ടെത്തലുകൾ ഈ ആരോപണങ്ങളിൽ പലതും ശരിയാണെന്ന് സ്ഥാപിച്ചതോടെ എല്ലാ അർത്ഥത്തിലും പ്രതിരോധത്തിലാണ് പിണറായി സർക്കാർ. രണ്ടാം നിര നേതാക്കളായ എം.എ ബേബിയും തോമസ് ഐസക്കും എ.കെ ബാലനും അടക്കമുള്ള നേതാക്കൾക്ക് ഇടതുമുന്നണിയെ ഈ പ്രതിസന്ധി ഘട്ടത്തിൽ എത്രത്തോളം മുന്നോട്ടുനയിക്കാൻ കഴിയും? ഡെമോക്ലീസിന്റെ വാൾ പോലെ സിബിഐ ഉൾപ്പെടെ അന്വേഷണ സംഘം മുഖ്യമന്ത്രിയുടെ തലയ്ക്ക് മുകളിലാണ്.
യുഡിഎഫിൽ ചെന്നിത്തലയും ഉമ്മൻചാണ്ടിയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളിയും മത്സരിച്ച് പ്രതിപക്ഷത്തിന് നേതൃത്വം നൽകുകയാണ്. മാണിയുടെ നിര്യാണത്തോടെ രണ്ടായി പിരിഞ്ഞ ജോസ് വിഭാഗം ഇടതുമുന്നണിയിൽ ചേക്കേറിയതോടെ ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി യുഡിഎഫിന്റെ ദളപതിയായി ഒപ്പമുണ്ട്.
തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ജനങ്ങൾ വിധിയെഴുതുക സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ വിലയിരുത്തിക്കൊണ്ടാകുമോ? മറിച്ച്, അഴിമതി ആരോപണങ്ങളെയാണോ മുഖവിലയ്ക്ക് എടുക്കുക?
ഇരുമുന്നണികളും അഴിമതിക്കാര്യത്തിൽ ഒക്കച്ചങ്ങായിമാരാണ്. അതുകൊണ്ട് ജനങ്ങൾ ഇക്കുറി ബിജെപിയെ സഹായിക്കുമെന്നാണ് ബിജെപി നേതാക്കളുടെ വാദം. കേന്ദ്ര ഏജൻസികളുടെ കണ്ടെത്തലുകൾ ബിജെപിയുടെ മുന്നേറ്റത്തിന് വഴിവെയ്ക്കുമെന്ന് അവർ കണക്കുകൂട്ടുന്നു.
കേരളത്തിലെ തിരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാൽ എല്ലാ തിരഞ്ഞെടുപ്പുകളിലും വിധി നിർണ്ണയിച്ചത് വിവാദ സംഭവങ്ങളാണെന്നു കാണാം. 1987ൽ തങ്കമണിയിലെ പോലീസ് അതിക്രമമായിരുന്നു വിവാദം. 1996ൽ കെ.കരുണാകരനെ അപ്രസക്തനാക്കിയത് ചാരക്കേസായിരുന്നു. 2001ൽ കല്ലുവാതുക്കൽ മദ്യദുരന്തമായിരുന്നു തിരഞ്ഞെടുപ്പ് വിധിയെ അട്ടിമറിച്ചത്. 2006ൽ കിളിരൂർ, കവിയൂർ പീഡനങ്ങളായിരുന്നു തിരഞ്ഞെടുപ്പ് രംഗത്തെ ഇളക്കിമറിച്ചത്. 2011ൽ കൂത്തുപറമ്പ് വെടിവെപ്പ് തിരഞ്ഞെടുപ്പിലെ മുഖ്യ വിഷയമായി മാറി. ഓരോ കാലത്തും പോലീസിനെതിരെയും സർക്കാരിനെതിരെയും ഉയർന്ന ആരോപണങ്ങൾ തിരഞ്ഞെടുപ്പ് ഫലത്തെ അട്ടിമറിച്ചിട്ടുണ്ടെന്നുകാണാം.
2020 കോവിഡ് 19 എന്ന മാരക വൈറസിന്റെ അസാധാരണ കാലമാണ്. രോഗവ്യാപനം മൂർദ്ധന്യത്തിലാണ്. 25ൽ കുറയാത്ത ആളുകൾ ഓരോ ദിവസവും രോഗം മൂലം മരിക്കുകയും ചെയ്യുന്നു. ആദ്യ ഘട്ടത്തിൽ രോഗത്തെ പ്രതിരോധിക്കാൻ കഴിഞ്ഞ സർക്കാർ ഇപ്പോൾ രോഗത്തിന്റെ കാര്യത്തിലും പ്രതിരോധത്തിലാണ്.
2021 മെയ് മാസത്തിലാണ് അസംബ്ലി തിരഞ്ഞെടുപ്പ്. കോവിഡിനുശേഷമുള്ള പുതുവർഷത്തിൽ നടക്കുന്ന തിരഞ്ഞെടുപ്പ് മൂന്ന് മുന്നണികൾക്കും വെല്ലുവിളിയാണ്. അഴിമതിരഹിത ഭരണത്തിനാണോ, വികസനത്തിനാണോ മുൻതൂക്കം? തിരഞ്ഞെടുപ്പിലെ മുഖ്യ ചോദ്യം ഇതാകും. അഴിമതിക്കെതിരെയാണ് വോട്ടെങ്കിൽ ഭരണവിരുദ്ധ വികാരം യുഡിഎഫിനെ തുണയ്ക്കും. ലക്ഷ്യം മാർഗ്ഗത്തെ സാധൂകരിക്കും എന്ന കമ്മ്യൂണിസ്റ്റ് സിദ്ധാന്തമാകും ഇടതുപക്ഷം ഉയർത്തിപ്പിടിക്കുക. ജനങ്ങളുടെ ക്ഷേമവും നാടിന്റെ വികസനവും അതിനുവേണ്ടി നടത്തിയ പ്രവർത്തനങ്ങളുമാകും അക്കമിട്ട് അവർ ജനങ്ങൾക്ക് മുന്നിൽ നിരത്തുക. മൂന്നാം മുന്നണിയായ ബിജെപി എല്ലാ പ്രതീക്ഷയും അർപ്പിച്ചിരിക്കുന്നത് കേന്ദ്ര ഏജൻസികളിലാണ്. കേന്ദ്ര ഏജൻസികളുടെ ഇടപെടലും കണ്ടെത്തലുകളും തങ്ങൾക്ക് അനുകൂലമായ അന്തരീക്ഷം ഉണ്ടാക്കുമെന്ന് അവർ സ്വപ്‌നം കാണുന്നു.
ലോകത്തെയാകെ പിടിച്ചുകുലുക്കിയ കോവിഡ് ഉയർത്തുന്ന ഭീഷണിക്കിടയിൽ മുഖം മറച്ചുകൊണ്ട് പോളിംഗ് ബൂത്തിലേക്ക് എത്തുന്ന വോട്ടർമാരുടെ മനസ്സറിയാൻ 38 ദിവസം കാത്തിരുന്നേ തീരൂ… കൗണ്ട് ഡൗൺ തുടങ്ങുകയായി.





