Home Uncategorized ഒരു ‘ഓട്ടോ’പ്രദക്ഷിണം ( അനുഭവ കഥ )

ഒരു ‘ഓട്ടോ’പ്രദക്ഷിണം ( അനുഭവ കഥ )

1
0

രാഗേഷ് ചെറുവണ്ണൂർ

യാത്രയോടുള്ള ഇഷ്ടവും വിവിധ സ്ഥലങ്ങൾ കാണാനുള്ള ത്വരയും പി.എസ്.സി പരീക്ഷകളിലൂടെ ഞാൻ നിറവേറ്റിയിരുന്ന കാലം. അന്നൊക്കെ ജോലി കിട്ടുവാനായി കഠിനാധ്വാനം ചെയ്തില്ലെങ്കിലും വയനാട്ടിലും തൃശൂരിലുമൊക്കെ പരീക്ഷാകേന്ദ്രം കിട്ടുവാൻ വേണ്ടി ആ ജില്ലകളിലേക്കൊക്കെ പരീക്ഷയ്ക്ക് അപേക്ഷിക്കുവാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ആയിടയ്ക്കാണ് തിരുവനന്തപുരത്ത് ഒരു പരീക്ഷ ഒത്തുകിട്ടിയത്. തലസ്ഥാനനഗരിയിലേക്കുള്ള ആദ്യയാത്രയാണ്. മനസ്സ് തുടിച്ചു. ദിവസങ്ങൾ നീണ്ട കാത്തിരുപ്പിനൊടുവിൽ ആ ദിനം വന്നെത്തി. തലേദിവസം വൈകുന്നേരം ട്രെയിൻ കയറി. പിറ്റെ ദിവസം രാവിലെ 5 മണിക്ക് തമ്പാനൂർ റെയിൽവെസ്റ്റേഷനിൽ ഇറങ്ങാം. ഉച്ചയ്ക്കാണ് പരീക്ഷ. രാവിലെ മൊത്തം കറങ്ങാം. മൂന്നരയ്ക്ക് പരീക്ഷ കഴിഞ്ഞാൽ മടക്കയാത്ര സന്ധ്യയ്ക്കാണ്. അതുവരെയും റെയിൽവെ സ്റ്റേഷനടുത്തുള്ള ഏതെങ്കിലും സ്ഥലങ്ങൾ സന്ദർശിക്കുകയുമാവാം. കണക്കുകൂട്ടലുകൾ ഉറക്കത്തിലിഴുകിച്ചേർന്നു.
ട്രെയിൻ തമ്പാനൂരിലെത്തി. കോഴിക്കോട്ടെ നല്ല വരണ്ട കാലാവസ്ഥയിൽ നിന്നും പോയ ഞാൻ പേമാരി കണ്ട് തരിച്ചുനിന്നു. കണക്കുകൂട്ടലുകൾ മഴയത്ത് കുത്തിയൊലിച്ചുപോയി. റെയിൽവേ സ്റ്റേഷനിൽ നിന്നും ഇരുട്ടിലേക്കിറങ്ങി. ആ തിരക്കിനിടയിൽ എന്നെ തേടിയെന്നപോലെ കുടയുമായി ഒരു മനുഷ്യൻ. ഓട്ടോയിലേക്ക് ക്ഷണിക്കാൻ വന്നതാണ്. ദൈവാധീനം… വേഗം അയാളുടെ കുടയിൽ കയറി ഓട്ടോയ്ക്കടുത്തേക്ക് നീങ്ങി. എവിടേക്കാണെന്ന ചോദ്യം വരുംമമ്പെ ഏതെങ്കിലും ലോഡ്ജിലേക്ക് കൊണ്ടുവിടാൻ ഞാൻ പറഞ്ഞു. ഒരു പഴയ ലോഡ്ജിന്റെ പോർച്ചിൽ വിട്ട് ആ ഓട്ടോക്കാരൻ ഇരുട്ടിലേക്ക് വണ്ടിയോടിച്ച് മറഞ്ഞു.
ആ തണുത്തിരുണ്ട നേരത്ത് സുഖനിദ്രപൂണ്ട് ചരുണ്ടുകിടന്നവനെ ഞാൻ തോണ്ടി വിളിച്ചു. എന്തൊക്കെയോ പിറുപിറുത്തെങ്കിലും സ്വബോധം വീണ്ടുകിട്ടിയപ്പോൾ അയാൾ ഉഷാറായി. നല്ലൊരു മുറി തന്നെ തന്നു. മുറിയിൽ കയറി കതകടച്ച് വീണ്ടും കണക്കുകൾ മാറ്റിക്കൂട്ടാൻ തുടങ്ങി. ഈ കൊടുംമഴ സഞ്ചാരസ്വാതന്ത്ര്യം ഇല്ലാതാക്കിയതിനെ ശപിച്ചും കിട്ടിയ സന്ദർഭം കുറച്ചെങ്കിലും ഉപയോഗപ്പെടുത്തുന്നതിനെപ്പറ്റി ചിന്തിച്ചും കുറച്ചങ്ങനെ കിടന്നു. ഏതായാലും പ്രസിദ്ധമായ പത്മനാഭസ്വാമക്ഷേത്രത്തിൽ നിന്ന് തുടങ്ങാം. വേഗം കുളിയൊക്കെ കഴിച്ചു. പുറത്തിറങ്ങി കൗണ്ടറിൽ റൂമിന്റെ താക്കോൽ ഏൽപിച്ചു. കറങ്ങി നടക്കുമ്പോൾ താക്കോൽ കളഞ്ഞുപോകരുതല്ലോ. ബുദ്ധിപരമായ തീരുമാനം. 11 മണിയാകുമ്പോൾ തിരിച്ചെത്തുമെന്നും ധരിപ്പിച്ചു. ലോഡ്ജിന്റെ പുറത്തിറങ്ങിയതും ആരെയോ ഇറക്കിവിട്ട ഓട്ടോ കളം വിടാനൊരുങ്ങുന്നു. വേഗം ഞാൻ അതിൽ ഓടിക്കേറി. ഓട്ടോക്കാരൻ ചുറ്റിക്കാതിരിക്കാൻ ഞാനിതൊക്കെ എത്ര കണ്ടതാ എന്ന ഭാവത്തിൽ പത്മനാഭസ്വാമിക്ഷേത്രത്തിലേക്ക് എന്ന് പറഞ്ഞു. അയാൾ കൃത്യമായി ക്ഷേത്രത്തിൽ ഇറക്കുകയും ചെയ്തു.
പെരുമഴയായിരുന്നതിനാൽ സന്ദർശകർ നന്നേ കുറവ്. ക്ഷേത്രദർശനം വളരെ സൗകര്യപ്രദമായി നടന്നു. എല്ലാം കൊണ്ടും സുദിനം എന്ന് മനസ്സിൽ മന്ത്രിച്ചു. ക്ഷേത്രത്തിലെ കൊത്തുപണികളും മറ്റും ശരിക്കും ആസ്വദിച്ചുനടക്കുമ്പോൾ അടുത്ത യാത്ര എങ്ങോട്ടേക്കെന്ന ചിന്തയായി. അതിനടുത്തുള്ള കുതിരമാളികയെക്കുറിച്ചറിഞ്ഞപ്പോൾ അങ്ങോട്ട് വച്ചുപിടിച്ചു. ആ കൊട്ടാരത്തിൽ അങ്ങോട്ടുമിങ്ങോട്ടും അത്ഭുതത്തോടെ കറങ്ങി നടന്നപ്പോൾ സമയം പോയതറിഞ്ഞില്ല. ഇനി തിരിക്കാം. പരീക്ഷയും എഴുതണമല്ലോ. റോഡിലിറങ്ങി. ഒരു ഓട്ടോ വരുന്നുണ്ട്. കൈകാണിച്ചു. ഓടിക്കയറി. എങ്ങോട്ടാ? ഓട്ടോഡ്രൈവറുടെ ചോദ്യം കേട്ട് ഞാൻ ഞെട്ടിത്തരിച്ചു.
എങ്ങോട്ടാണെന്ന് ഞാനെങ്ങനെ പറയും? ഞാൻ തങ്ങിയിരുന്ന ലോഡ്ജിന്റെ പേര് എനിക്കോർമയില്ല. ആ നഗരം എനിക്കന്യമായതിനാൽ ലോഡ്ജ് എവിടെയെന്ന് പറഞ്ഞ് കൊടുക്കാനും നിവർത്തിയില്ല. ഞാൻ കരിങ്കല്ലുപോലെ ഇരിക്കുന്നത് കണ്ട് ഡ്രൈവർ വണ്ടി നിർത്തി. സ്വബോധം തിരിച്ച് കിട്ടിയപ്പോൾ മണ്ടത്തരത്തെ ഞാൻ വിശകലനം ചെയ്തു.
അന്ന് പുലർച്ചെ കൂരിരുട്ടിൽ കോരിച്ചൊരിയുന്ന മഴയത്ത് ഏതോ ഒരു ലോഡ്ജിൽ വന്ന് കയറി. അപ്പോൾ പേര് ശ്രദ്ധിച്ചില്ല. ലോഡ്ജിൽ നിന്നും തിരിച്ച് ഇറങ്ങിയപ്പോൾ ഒരു ഓട്ടോ കണ്ടപ്പോൾ ഓടിക്കയറിയപ്പോളും ആ ധൃതിയിൽ പേരൊന്ന് നോക്കാൻ മിനക്കെട്ടില്ല. ആകെയുണ്ടായിരുന്ന ഒരു കച്ചിത്തുരമ്പായ ലോഡ്ജിന്റെ പേരെഴുതിയ താക്കോൽ കൗണ്ടറിൽ ‘ബുദ്ധിപര’മായി ഏൽപ്പിച്ച നിമിഷത്തെ ഞാൻ വെറുത്തു.
അന്യനാട്ടിൽ ചെന്നാൽ ഓട്ടോക്കാരെ പിടിച്ചുപറിക്കാരായി തോന്നുന്ന മനശ്ശാസ്ത്രം മാറ്റിവെച്ച് ഡ്രൈവറോട് കാര്യങ്ങൾ ധരിപ്പിച്ചു. വികാസ് ലോഡ്ജ് ആണെന്ന് തോന്നുന്നെന്ന് ഒരു ഊഹവും പറഞ്ഞു. ‘അങ്ങനെയൊരു ലോഡ്ജ് എന്റെ അറിവിൽ ഇല്ല. നോക്കാം. ധൈര്യമായിരിക്കൂ…’ ഡ്രൈവർ കരുത്തേകി. പല ലോഡ്ജുകളും കയറിയിറങ്ങി. ഒരു ലോഡ്ജുനടത്തിപ്പുകാരൻ നഗരത്തിലെ ലോഡ്ജുകളുടെ ഒരു ഡയറക്ടറി എടുത്തുതന്നു. ആശ്വാസം തോന്നി. പക്ഷേ ഞങ്ങൾ അത് മുഴുവൻ പരതിയിട്ടും ആ പേരിലൊരു ലോഡ്ജ് കണ്ടെത്താനായില്ല.
ഇനിയെന്തുവഴി? ഓട്ടോ ഓടിക്കൊണ്ടിരുന്നു. വഴിയിൽ രണ്ട് പോലീസുകാരെ കണ്ടപ്പോൾ ഡ്രൈവർ വണ്ടി നിർത്തി. അവരോട് അയാൾ കാര്യങ്ങൾ ധരിപ്പിച്ചു. അതിൽ ഒരു പോലീസുകാരൻ ഓട്ടോയിൽ കയറി. ‘അതൊക്കെ നമുക്ക് കണ്ടുപിടിക്കാം. സിമ്പിൾ…’ എന്നൊരു കാച്ചും. ശ്രദ്ധിച്ചപ്പോഴാണ് മനസ്സിലായത് പോലീസുകാരൻ ഫുൾ ഫിറ്റാണെന്ന്. അയാൾ മദ്യലഹരിയിൽ അദ്ദേഹത്തിന്റെ ആത്മാർത്ഥത മുഴുവൻ പുറത്തെടുത്തു. വഴിയിൽ കണ്ടവരെയൊക്കെ തെറിവിളിച്ചും മറ്റും ‘എൻക്വയറി’ തുടങ്ങി. ഞങ്ങൾ ശരിക്കും പുലിവാല് പിടിച്ചു. ഞാനും ഡ്രൈവറും പോലീസുകാരനെ ഒഴിവാക്കാനുള്ള തന്ത്രങ്ങൾ മെനഞ്ഞു. ഞങ്ങൾ കണ്ണുകൾ കൊണ്ട് ആശയവിനിമയം നടത്തി. വഴിയരികിൽ വണ്ടി നിർത്തി. പോലീസുകാരനോട് ഒന്നിറങ്ങാൻ പറഞ്ഞു. ഇറങ്ങിയ ഉടനെ അടുത്തുള്ള ഊടുവഴിയലൂടെ ഓട്ടോ വെട്ടിച്ച് ഞങ്ങൾ കടന്നുകളഞ്ഞു.
നഗരപ്രദക്ഷിണം നടന്നുകൊണ്ടിരിക്കുന്നു. പരീക്ഷയ്ക്ക് ഹാജരാകേണ്ട സമയവും കഴിഞ്ഞിരിക്കുന്നു. ഹോൾടിക്കറ്റും ലഗ്ഗേജുമെല്ലാം ലോഡ്ജിലും. കണ്ടെത്തുമെന്നുള്ള പ്രതീക്ഷയൊക്കെ അസ്തമിച്ചു. പേഴ്‌സ് മാത്രം കയ്യിലുണ്ട്. അതുകൊണ്ട് തിരിച്ചുപോകാൻ ബുദ്ധിമുട്ടില്ല. എന്റെ അഡ്രസ്സും മൊബൈൽ നമ്പറും ലോഡ്ജിലെ രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ. എന്നെങ്കിലും അവർ എന്നെ ബന്ധപ്പെട്ടോളും. അന്ന് ലഗ്ഗേജ് കൈപ്പറ്റാം. അങ്ങനെ ആശ്വസിച്ചു. ഇത്രയും നേരം സഹായിച്ചതിന് ഡ്രൈവറോട് നന്ദി പറഞ്ഞു. എന്നെ എവിടെയെങ്കിലും ഒരു കൂൾബാറിന് മുന്നിൽ ഇറക്കിവിടാൻ പറഞ്ഞു. വൈകുന്നേരമാണല്ലോ ട്രെയിൻ. ആ സമയമാകുമ്പോഴേക്കും റെയിൽവെ സ്റ്റേഷനിൽ എത്തിയാൽ മതിയല്ലോ. ഓട്ടോചാർജ് ചോദിച്ചപ്പോൾ ഞാൻ അമ്പരുന്നു. ഒരു ദിവസത്തിന്റെ പകുതിയോളം കൂടെ ഉണ്ടായിട്ടും, ആ നഗരം മുഴുവൻ പല തവണ ചുറ്റിയിട്ടും അയാൾ വളരെ തുച്ഛമായ ഒരു തുക മാത്രമേ എന്നോട് കൈപ്പറ്റിയുള്ളൂ. കൂടുതൽ കാശ് കൊടുത്തപ്പോൾ ‘സഹായിക്കാൻ ഞാൻ കാശു വാങ്ങാറില്ല…’ എന്ന അയാളുടെ ഉറച്ച ശബ്ദം എന്നിൽ വേദനയുണ്ടാക്കി. മുൻവിധികൾ വീണ്ടും എന്നെ നോക്കി ഇളിച്ചുകാട്ടി. ഒരു ജ്യൂസ് കുടിക്കാനുള്ള എന്റെ ക്ഷണവും നിരസിച്ച് അയാൾ ഓട്ടോ ഓടിച്ച് പോയി. എന്നെ ലക്ഷ്യത്തിലെത്തിക്കാൻ പറ്റാത്തതിന്റെ വിഷമം ഞാൻ അയാളുടെ കണ്ണുകളിൽ വായിച്ചെടുത്തിരുന്നു.
ആ ദിവസത്തെ കാര്യങ്ങൾ ഓർത്തങ്ങനെ കൂൾബാറിൽ ഇരുന്നു. കുറേ കഴിഞ്ഞ് ലക്ഷ്യമില്ലാതെ പുറത്തിറങ്ങി. ലോകത്തിലെ ഏറ്റവും വലിയ മണ്ടനുള്ള അവാർഡ് എനിക്കുതന്നെ എന്ന ചിന്തയുമായി രണ്ടടി മുന്നോട്ട് നടന്നു. വെറുതെ തൊട്ടടുത്ത ഗെയിറ്റിലേക്ക് ഒന്ന് നോക്കി. നല്ല പരിചയം. ശരിക്കുമൊന്ന് നോക്കിയപ്പോൾ മേലാകെ തരിപ്പ് കയറി. ഇത്രയും നേരം അന്വേഷിച്ച് നടന്ന ലോഡ്ജ്. ‘ഗണേഷ് ലോഡ്ജ്’.

LEAVE A REPLY

Please enter your comment!
Please enter your name here