ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനകം 11,458 പേർക്ക് കൂടി വൈറസ് സ്ഥിരീകരിച്ചു. ഇതോടെ രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കടന്നു.ഒരു ദിവസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന നിരക്കാണിത്. 3,08,993 ആണ് രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം. 386 പേർ കൂടി മരിച്ചു. ഇതോടെ ആകെ മരണം 8,884 ആയി.
1,45,779 പേർ ചികിത്സയിലാണെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. 1,54,330 പേർ രോഗമുക്തരായി.
രാജ്യത്തെ രോഗബാധിതരിൽ മൂന്നിലൊന്നും മഹാരാഷ്ട്രയിലാണ്. 3,493 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഒരുലക്ഷത്തിനു മുകളിലാണ് ഇവിടെ വൈറസ് ബാധിതർ. മരണനിരക്കിൽ 42 ശതമാനവും മഹാരാഷ്ട്രയിലാണ്. ഇന്നലെ 127 പേരാണ് മരിച്ചത്. ഡൽഹിയിൽ 2137 പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രോഗികൾ 36,824 ആയി. 129 പേർ കൂടി മരിച്ചതോടെ 1214 ആയി മരണസംഖ്യ.
തമിഴ്‌നാട്ടിൽ 1982 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിൽ 1479 കേസുകളും ചെന്നൈയിലാണ്. ഇതോടെ രോഗബാധിതർ 40,000 കടന്നു. 18 പേർ കൂടി മരണമടഞ്ഞു. ഉത്തർപ്രദേശിൽ 538 കേസുകൾ വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തു.








