Home Editor's Choice ഒരു ചാലിയാർ ചാട്ടക്കഥ

ഒരു ചാലിയാർ ചാട്ടക്കഥ

2
0

 

മഹേഷ് കൊല്ലമ്പലത്ത്

ഗ്ലാസിലെ അവസാന തുള്ളിയും മൊത്തി അർദ്ധബോധാവസ്ഥയിൽ അജിത്ത് എന്നോട് ചോദിച്ചു.
നമ്മൾ എന്തിനാണ് ഈ അളകാപുരിയിൽ കൂടിയത് ?
കനമുള്ള കൺപോള ഉയർത്തി ഞാൻ അവനെ നോക്കി…
മുഖം തടിച്ചു വീർത്തിരിക്കുന്നു.
താടി നീണ്ടു മേശമേൽ മുട്ടി ഇരിക്കുന്നു.
ആകെപ്പാടെ അപാര രൂപം …
ഉത്തരം കൊടുക്കാൻ ഞാൻ ബോബനെ നോക്കി …
ബോബൻ… കാപ്പാട് അരയ സാമ്രാജ്യത്തിലെ രാജകുമാരൻ .
രണ്ടെണ്ണം വീശിയപ്പോൾ അവൻ ഉണർന്നു.
നീ പുറത്തിറക്കാൻ പോകുന്ന ബോബൻ കഥകളുടെ ചർച്ചയ്ക്കാണ് നാമിവിടെ കൂടിയത്.
എന്നെപ്പറ്റിയുള്ള 16 ചെറുകഥകൾ കോർത്തിണക്കി അജിത്തിന്റെ ഭാവനയിൽ വിരിഞ്ഞ അടിപൊളി കഥകൾ അടുത്തു തന്നെ പുറത്തിറങ്ങാൻ പോകുന്നു….പാതി ഒഴിച്ചു വച്ചിരിക്കുന്ന ഗ്ലാസിൽ നോക്കി ബോബൻ പറഞ്ഞു……
അതിലൊന്നുമില്ലാത്ത ഒരു കഥ മഹേഷ് പറയും…
ഞങ്ങൾ മൂന്നു പേരും സ്വകാര്യമായി ഇങ്ങനെ വല്ലപ്പോഴും കൂടാറുണ്ട്. മീഞ്ചന്ത ആർട്‌സ് കോളേജിൽ പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ തുടങ്ങിയ വട്ടക്കൂട്ടത്തിലെ ചില കണ്ണികളാണ് ഞങ്ങൾ. അന്നത്തെ മാഡ് ബോയ്‌സ് ഇന്നത്തെ മാഡ് മെൻസ് ആയെന്നു മാത്രം. ഇന്നിപ്പോൾ എല്ലാവരും പല പല മേഖലകളിൽ വിദേശത്തും സ്വദേശത്തുമൊക്കെയായി ജോലി ചെയ്തു വരുന്നു…
തുടർന്ന് ഞങ്ങൾ പഴയ കാല അനുഭവങ്ങൾ പങ്കുവെച്ചു.
അക്കൂട്ടത്തിൽ ഞാൻ ബോബനുമൊത്തുള്ള ഒരു എറണാകുളം യാത്രയും…..
അന്ന് ഒരു ഞായറാഴ്ച. ബോബൻ വിളിച്ചു, എടാ, നാളെ രാവിലെ എക്‌സിക്യൂട്ടീവ് ട്രെയിനിൽ നിന്റെ കൂടെ എറണാകുളത്തേക്ക് ഞാനും വരുന്നുണ്ട്…
ഞാൻ ചോദിച്ചു എന്തിനാടാ…
എന്റെ അമ്മാവന്റെ മകൾ അവിടെ മഹാരാജാസിൽ പഠിക്കുന്നുണ്ട്. ഒരു കമ്മൽ വാങ്ങി കൊടുക്കണം…..
ഞാൻ തമാശ രൂപത്തിൽ പറഞ്ഞു.
കമ്മൽ മാത്രമാക്കണ്ട, താലിയും വേടിച്ചോ..

ഏതായാലും തിങ്കളാഴ്ച സത്യസന്ധനായ ബോബൻ കൊയിലാണ്ടിയിൽ നിന്നും ഞാൻ കോഴിക്കോട് നിന്നും ട്രെയിനിൽ കയറാൻ ധാരണയായി .
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വെച്ച് ഞാൻ ബോബനെ കണ്ടു. ഞങ്ങൾ വാതിലിന് അടുത്തു കെട്ടിപ്പിടിച്ചു നിന്നു…വണ്ടി പതിയെ നീങ്ങിത്തുടങ്ങി…. സത്യസന്ധതയുടെ നഗരമായ കോഴിക്കോട് വെച്ച് ആ നഗ്‌ന സത്യം ബോബൻ അറിയിച്ചു.
അവൻ ടിക്കറ്റ് എടുത്തില്ല പോലും…ഇതുവരെ ടിക്കറ്റെടുത്ത ചരിത്രമില്ല പോലും… എന്ത് ? ഞാൻ വായ പൊളിച്ചു പോയി…….
എടാ പൊട്ടാ ഭീരുക്കളേ ടിക്കറ്റ് എടുക്കൂ… അരയ കുടുംബത്തിലെ കുലപതിയുടെ മകൻ സാക്ഷാൽ ബോബൻ ദീർഘ ശ്വാസം എടുത്ത് മുന്നോട്ടു നീങ്ങുന്നത് കണ്ടു… ഞാൻ വാതിലിൽ അള്ളിപ്പിടിച്ച് അന്തം വിട്ടു നിന്നു…..
ടി.ടി.ആർ…
കമ്പാർട്ട്‌മെൻറിൽ മുന്നോട്ടുപോയ ബോബൻ അതാ …ഓടിക്കിതച്ചു തിരികെ വരുന്നു ….
ഞാൻ ഭയപ്പെട്ടതുപോലെ തന്നെ സംഭവിച്ചു. കറുത്ത് തടിച്ച ടി.ടി.ആർ അങ്ങേ തലക്കൽ നിന്നും പ്രയാണം ആരംഭിച്ചിരിക്കുന്നു…..
ബോബൻ ഡോറിന് പുറത്തേക്ക് ചാടാൻ ഒരുങ്ങി…
അപ്പോഴേക്കും വണ്ടി വേഗം കൂടിയിരുന്നു. അമ്പരപ്പോടെ ഞാൻ പുറത്തേക്ക് നോക്കി… വണ്ടി കല്ലായി പാലത്തിലൂടെ കുതിക്കുന്നു….
താഴെ പാലത്തിനടിയിൽ കറുത്ത കലക്ക വെള്ളത്തിൽ നാടോടി ചെക്കന്മാർ കുളിക്കുന്നു.
ടിടിആർ ഒരു മൂന്നാല് മീറ്റർ അകലെ എത്തി… ഞാൻ ബോബനോട് പറഞ്ഞു. എടാ ബാത്‌റൂമിൽ കേറി ഒളിച്ചോ… അവൻ മുട്ടി. പക്ഷെ രണ്ടും തുറന്നില്ല… സത്യസന്ധനായ ആൾക്കാർ ആദൃമേ സ്ഥാനം പിടിച്ചത് ആയിരിക്കും…… അവൻ നിരാശനായി.
നീ മുന്നിൽ നിൽക്ക്… ഞാൻ പിറകിലുണ്ട്, എന്നായി അവൻ.
ടിടിആർ ഒരു മീറ്റർ അകലം മാത്രം…..വണ്ടി ചാലിയാർ പുഴയ്ക്ക് മീതെ എത്തി.
ഫറോക്ക് നഗരത്തിൻറെ വടക്ക് പടിഞ്ഞാറൻ അതിർത്തി തഴുകിയും തലോടിയും ഒഴുകുന്ന ചാലിയാർ പുഴ. പുറത്ത് നേർത്ത മഴയുണ്ട. അവന്റെ അങ്കലാപ്പിൽ കണ്ണുനീർ വാതിൽ പടിയിൽ വീണുചിതറി മഴത്തുള്ളിയോടൊപ്പം ലയിച്ചു കൊണ്ടിരുന്നു.
ടിക്കറ്റ് …..ടിടിആർ എന്റെ നേരെ കൈ നീട്ടി. അപ്പോഴേക്കും വണ്ടി പുഴയുടെ നടുക്ക് എത്തിയിരുന്നു. ചാലിയാർ പുഴയുടെ ഭീകരത ഇതോടെ കാണാറായി….
പുറകിലെ സത്യസന്ധന്റെ പരിഭ്രമം കണ്ടിട്ടാവണം, ടിടിആർ എന്നെ വിട്ട് അവനു നേരെ കൈ നീട്ടി,
എല്ലാം പെട്ടെന്നായിരുന്നു. വളരെ പെട്ടന്ന്…ഡും…
ചാടി. അതെ എടുത്തുചാടി… കലങ്ങിയ പുഴയിലേക്ക്… അതെ എന്റെ പ്രിയപ്പെട്ട പ്രമോദേട്ടന്റേയും വാസുദേവേട്ടന്റേയും ജീവനെടുത്ത കാലൻ പുഴ ….
ഞാൻ ആകപ്പാടെ തളർന്നുപോയി. ഫറോക്കിൽ ഒരുവിധം ട്രെയിൻ ചാടി ഇറങ്ങി, ഒരു ഓട്ടോ പിടിച്ച് പുഴ ലക്ഷൃമാക്കികുതിച്ചു… പുഴയോരത്ത് നനഞ്ഞ കോഴിയെ പോലെ പമ്മി ഇരിക്കുന്ന ബോബനെ ഞാൻ കണ്ടു …ഒരു ദീർഘനിശ്വാസം വിട്ടു ….
എന്നെ കണ്ടതും ബോബൻ അലറി.
എടാ പട്ടീ….ചത്തില്ലടാ….
നനഞ്ഞുകുതിർന്ന അവനെ ഓട്ടോയിൽ വലിച്ചുകയറ്റി ഞങ്ങൾ നേരെ എന്റെ വീട്ടിലേക്ക് … യാത്രയിൽ ഞാൻ അവന് രണ്ടു പേർക്കുള്ള ടിക്കറ്റ് എടുത്തു കാണിച്ചു…. എല്ലാറ്റിനും നിന്റെ എടുത്തുചാട്ടം ആണ് കാരണം .
പുഴയിലെ ശക്തമായ ഒഴുക്കിനെ വകഞ്ഞുമാറ്റി നീന്തി പാലത്തിന്റെ തൂണിൽ അളളിപ്പിടിച്ച് ഇരുന്നതിനാൽ അവന് കൈ പൊക്കാൻ കഴിഞ്ഞിരുന്നില്ല.
നിന്റെ സത്യസന്ധത ഞാൻ മുൻപ് അളന്നിരുന്നതിനാൽ ഞാൻ രണ്ട് ടിക്കറ്റ് എടുത്തിരുന്നു… വീടിന്റെ മുന്നിൽ ഓട്ടോ ഇറങ്ങി ഞങ്ങൾ നടക്കുമ്പോൾ ഓട്ടോ ചേട്ടൻ ബോബനോട് ചോദിച്ചു.
ടിക്കറ്റ് ഉണ്ടായിട്ടും ടിടിആറിനേ പേടിച്ചു നീ എന്തിനാണ് പുഴയിൽ ചാടിയത് ?
മുന്നിൽ നടന്നു നീങ്ങുന്ന എന്നെ ചൂണ്ടി ബോബൻ പറഞ്ഞു… ഈ ചെറ്റക്ക് ഒരു കഥ എഴുതാനാ ചേട്ടാ… ഒരു ചാലിയാർ ചാട്ടക്കഥ.

LEAVE A REPLY

Please enter your comment!
Please enter your name here