
തിരുവനന്തപുരം: നെയ്യാറ്റിന്‍കര കുന്നത്തുകാലില്‍ ഓടയിലേക്ക് തെറിച്ച് വീണ് സ്ത്രീക്ക് ഗുരുതരമായി പരുക്കേറ്റു. നെയ്യാറ്റിന്‍കര പുല്ലന്തേരി സ്വദേശി ലീലയ്ക്കാണ് പരുക്കേറ്റത്. തലകീഴായി ഓടയില്‍ വീണ ലീലയെ തലക്ക് ഗുരുതരമായി പരുക്കേറ്റ നിലയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലെന്നാണ് വിവരം.
ഇന്ന് പകല്‍ 11 മണിയോടെയാണ് അപകടം സംഭവിച്ചത്. കുന്നത്തുകാലില്‍ റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കുകയായിരുന്നു ലീല. ഇവിടെ ഓട നിര്‍മ്മാണത്തിനായി റോഡില്‍ കല്ലിട്ടിട്ടുണ്ടായിരുന്നു. നടക്കുന്നതിനിടെ ഈ കല്ലില്‍ കാല്‍ തട്ടി തലകീഴായി ഓടയിലേക്ക് വീഴുകയായിരുന്നു. നാട്ടുകാരടക്കം ചേര്‍ന്നാണ് ലീലയെ കുഴിയില്‍ നിന്ന് പുറത്തെടുത്തത്. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. അപകടം നടന്ന അമരവിള കാരക്കോണം റോഡിന്റെ നിര്‍മ്മാണം അശാസ്ത്രീയമാണെന്ന് ആരോപണം നിലവിലുണ്ട്. ഇതിനിടെയാണ് സ്ത്രീക്ക് ഓടയില്‍ വീണ് പരുക്കേറ്റത്.








