
ഇടുക്കി: കട്ടപ്പനയിലെ സഹകരണ സൊസൈറ്റിയില്‍ നിന്ന് നിക്ഷേപത്തുക ലഭിക്കാത്തതിനെ തുടര്‍ന്ന് നിക്ഷേപകന്‍ സാബു ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂന്ന് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. കട്ടപ്പന റൂറല്‍ ഡെവലപ്മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറി റെജി എബ്രഹാം, സീനിയര്‍ ക്ലര്‍ക്ക് സുജാമോള്‍ ജോസ്, ജൂനിയര്‍ ക്ലര്‍ക്ക് ബിനോയി തോമസ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. അതേസമയം സിപിഎം ഭരിക്കുന്ന സഹകരണ സൊസൈറ്റി യഥാര്‍ത്ഥ കുറ്റവാളികളെ രക്ഷിക്കാന്‍ വേണ്ടി നടത്തുന്ന നാടകമാണിതെന്ന് ആരോപിച്ച് കോണ്‍ഗ്രസ് രംഗത്ത് വന്നു.
സാബു തോമസിന്റെ ആത്മഹത്യ നടന്ന് അഞ്ചു ദിവസം പിന്നിട്ടിട്ടും കേസില്‍ ആരോപണ വിധേയര്‍ക്കെതിരെ അന്വേഷണ സംഘം ആത്മഹത്യാ പ്രേരണ കുറ്റം ചുമത്താന്‍ തയ്യാറായിട്ടില്ല. അന്വേഷണത്തിന്റെ ഭാഗമായി കട്ടപ്പന റൂറല്‍ സഹകരണ സൊസൈറ്റി ജീവനക്കാരുടെ മൊഴിയെടുപ്പ് പുരോഗമിക്കുകയാണ്. സിപിഎം ജില്ലാ കമ്മിറ്റിയംഗം വി ആര്‍ സജിയുടെ മൊഴിയും ഇതുവരെ എടുത്തിട്ടില്ല.
സാബുവിന്റെ ഭാര്യ മേരിക്കുട്ടിയുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴി പോലീസ് ശേഖരിച്ചു. സൊസൈറ്റിയിലെ സിസിടിവിയും, സാബുവിന്റെ മൊബൈല്‍ ഫോണും മൊഴികളും പരിശോധിച്ച് തെളിവ് ലഭിക്കുന്ന മുറക്ക് കൂടുതല്‍ വപ്പുകുകള്‍ ചുമത്താനാണ് പൊലീസ് തീരുമാനിച്ചത്. കേസില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം വേണമെന്ന് ന്യൂനപക്ഷ മോര്‍ച്ച ദേശീയ വൈസ് പ്രസിഡന്റ് നോബിള്‍ മാത്യു പറഞ്ഞു. സാബുവിന്റെ കുടുംബത്തെ സന്ദശിച്ച ശേഷമായിരുന്നു പ്രതികരണം. അന്വേഷണം കൃത്യമായി മുന്നോട്ട് പോയില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും നോബിള്‍ മാത്യു പറഞ്ഞു.








