ഹൈദരാബാദ്:മോദിയെ പുറത്താക്കാനുള്ള പ്രയത്നത്തിനിടെ സ്വന്തം തട്ടകം പോലും നഷ്ടപ്പെടുത്തി ചന്ദ്രബാബു നായിഡു. ആന്ധ്രപ്രദേശിലെ നിലവിലെ മുഖ്യമന്ത്രിയും ടി.ഡി.പി (തെലുങ്ക് ദേശം പാര്‍ട്ടി) നേതാവുമായ ചന്ദ്രബാബുനായിഡുവിന്റെ രാഷ്ട്രീയ സാധ്യത പോലും ചോദ്യം ചെയ്യുന്നതാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഫലം. ലോക്‌സഭാ തിരഞ്ഞെടുപ്പും നിയമസഭ തിരഞ്ഞെടുപ്പും ഒരുമിച്ചാണ് ആന്ധ്രപ്രദേശില്‍ നടന്നത്. ജഗന്‍മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള വൈ.എസ്.ആര്‍ കോണ്‍ഗ്രസ് ഇരുതിരഞ്ഞെടുപ്പുകളിലും ശക്തമായ മുന്നേറ്റമാണ് ഉണ്ടാക്കിയത്. എന്‍.ഡി.എ സര്‍ക്കാരില്‍ ഘടകകക്ഷിയായിരുന്ന ടിഡിപി 2018 മാര്‍ച്ചിലാണ് പിന്തുണ പിന്‍വലിച്ചത്. ആന്ധ്രപ്രദേശിന് പ്രത്യേക സംസ്ഥാനപദവി എന്ന ആവശ്യം അംഗീകരിക്കാന്‍ തായാറാകാതെ വന്നതോടെയാണ് എന്‍.ഡി.എ വിട്ടത്. കോണ്‍ഗ്രസും ടി.ഡി.പിയും ഒറ്റക്ക് മത്സരിക്കുകയും ലോക്‌സഭ തിരഞ്ഞെടുപ്പിനു ശേഷം ദേശീയ തലത്തില്‍ ഒന്നിക്കാമെന്നുമായിരുന്നു ധാരണ.ബി.ജെ.പിയെ തോല്‍പ്പിക്കുക എന്ന ഏക ലക്ഷ്യത്തിനായി കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികളുമായി ദേശീയ തലത്തില്‍ സഖ്യം സ്ഥാപിക്കുക എന്ന ലക്ഷ്യമായിരുന്നു നായിഡുവിന്. ഇതിനായി രാഹുല്‍ ഗാന്ധി, മമത ബാനര്‍ജി, അരവിന്ദ് കേജ്രിവാള്‍ തുടങ്ങിയ നേതാക്കാളെ ഒന്നിപ്പിക്കുന്നതിനു നിരന്തരം കൂടിക്കാഴ്ചകള്‍ നടത്തി. പ്രതിപക്ഷ കക്ഷികളെ ഒന്നിപ്പിക്കുന്നതില്‍ വിജയിക്കാന്‍ സാധിച്ചില്ലൈന്നു മാത്രമല്ല വീണ്ടും വമ്പന്‍ ഭൂരിപക്ഷത്തോടെ എന്‍.ഡി.എ തന്നെ അധികാരത്തിലേറുന്ന സ്ഥിതിയുമായി. ആന്ധ്രയിലെ ആളിക്കത്തുന്ന കര്‍ഷകരോഷം തന്നെയായിരുന്ന ജഗന്‍മോഹന്‍ റെഡ്ഡി പ്രധാമായും ഉയര്‍ത്തിക്കാട്ടിയത്. തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുന്‍പ് 670 കോടി രൂപ 67 ലക്ഷം കര്‍ഷകര്‍ക്കായി ചന്ദ്രബാബു നായിഡു സര്‍ക്കാര്‍ നല്‍കിയെങ്കിലും ഫലം കണ്ടില്ല. ഇതിനിടെ കോണ്‍ഗ്രസും ബിജെപിയും വൈ.എസ്.ആറിനെ ഒപ്പം നിര്‍ത്താനും നീക്കം നടത്തിയിരുന്നു.







