Home Sports ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ്:രണ്ടാം ദിനം ഇന്ത്യ ഭേദപ്പെട്ടനിലയില്‍

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ്:രണ്ടാം ദിനം ഇന്ത്യ ഭേദപ്പെട്ടനിലയില്‍

3
0

പെര്‍ത്ത്: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ഭേദപ്പെട്ട നിലയില്‍. തുടക്കത്തില്‍ ഓസീസ് പേസര്‍മാര്‍ക്കു മുന്നില്‍ ചൂളിയെങ്കിലും ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും ചേര്‍ന്ന് ഇന്ത്യയെ കരകയറ്റുന്നതാണ് പിന്നീട് കണ്ടത്. വിരാട് കോഹ്ലിയും (82) അജന്‍ക്യ രഹാനെയും (51) നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന്റെ ബലത്തില്‍ 69 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ ഇന്നലെ കളിയവസാനിപ്പിച്ചത്.
വേര്‍പിരിയാത്ത കൂട്ടുകെട്ടില്‍ ഇരുവരും ചേര്‍ന്ന് നേടിയത് വിലപ്പെട്ട 90 റണ്‍സ്. ഏഴു വിക്കറ്റ് കൈയിലിരിക്കെ ഇന്ത്യ ഇപ്പോഴും 154 റണ്‍സിന് പിന്നിലാണ്.
ഇന്ന് ആദ്യ സെഷനില്‍ ഇന്ത്യ എങ്ങനെ ഓസീസ് ആക്രമണത്തെ പ്രതിരോധിക്കുമെന്നതനുസരിച്ചിരിക്കും കളിയുടെ ഗതി. ഇന്നിങ്‌സിന്റെ തുടക്കത്തില്‍ തന്നെ ഓപ്പണര്‍മാരായ മുരളി വിജയിയെയും (0), കെ.എല്‍. രാഹുലിനെയും (2) നഷ്ടമായ ഇന്ത്യയ്ക്കു വേണ്ടി പുജാരയും കോഹ്ലിയും അര്‍ദ്ധസെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്തെങ്കിലും 39ാം ഓവറില്‍ പൂജാര (24) സ്റ്റാര്‍ക്കിന് വിക്കറ്റ് സമ്മാനിച്ചതോടെ ഇന്ത്യ വീണ്ടും പ്രതിരോധത്തിലായി. എന്നാല്‍ കോഹ്ലിയും രഹാനെയും ശ്രദ്ധിച്ചു കളിച്ചതോടെ ഇന്ത്യം വീണ്ടും മത്സരത്തിലേക്ക് തിരിച്ചുവരുകയായിരുന്നു.
8 റണ്‍സിനിടെ രണ്ടു വിക്കറ്റ് നഷ്ടമായതോടെ വിക്കറ്റ് കളയാതെ പിടിച്ചുനില്‍ക്കാനായിരുന്നു മൂന്നാം വിക്കറ്റില്‍ പൂജാരയുടേയും കോഹ്‌ലിയുടേയും ശ്രമം. ഇതോടെ ഇന്ത്യയുടെ റണ്‍നിരക്ക് രണ്ടു റണ്‍സിലേക്കു താഴ്ന്നു. പേസര്‍മാരായ ഹേസല്‍വുഡും സ്റ്റാര്‍ക്കും കമ്മിന്‍സും മികച്ച ലെങ്തില്‍ സ്ഥിരമായി 140 കിലോമീറ്ററിനു മുകളില്‍ പന്തെറിഞ്ഞതോടെ സ്‌കോര്‍ ചെയ്യാനും ഇരുവരും ബുദ്ധിമുട്ടി. ഇന്ത്യന്‍ ബോളര്‍മാരില്‍നിന്ന് വ്യത്യസ്ഥമായി ഗുഡ് ലെങ്ത് ബോളുകളുമായാണ് ഓസീസ് നിര ഇന്ത്യയെ പരീക്ഷിച്ചത്. ഒടുവില്‍, 74 റണ്‍സ് കൂട്ടുകെട്ട് സ്റ്റാര്‍ക്ക് പൊളിച്ചു. 24 റണ്‍സെടുത്ത പൂജാര പുറത്ത്.
എന്നാല്‍, രഹാനെ എത്തിയതോടെ ഇന്ത്യ ഗിയര്‍ മാറ്റുന്നതാണ് കണ്ടത്. കോഹ്‌ലിയേക്കാള്‍ രഹാനെയാണ് കടന്നാക്രമിക്കാന്‍ ശ്രമിച്ചത്.
അതോടെ സ്‌കോറിങ് നിരക്ക് ഉയര്‍ന്നു. ഓസ്‌ട്രേലിയക്കായി സ്റ്റാര്‍ക്ക് രണ്ടും ഹോസര്‍വുഡ് ഒന്നും വിക്കറ്റെടുത്തു.
നേരത്തെ, 90 ഓവറില്‍ ആറിന് 277 എന്ന നിലയില്‍ കളി പുനരാരംഭിച്ച ഓസ്‌ട്രേലിയ രണ്ടാം ദിനത്തിന്റെ ആദ്യ സെഷനില്‍ 326 റണ്‍സിന് പുറത്തായി. നാലു വിക്കറ്റെടുത്ത് ഇഷാന്ത് ശര്‍മയാണ് ഓസീസിനെ തകര്‍ത്തത്. ക്യാപ്റ്റന്‍ ടിം പെയ്ന്‍ (38) പാറ്റ് കമ്മിന്‍സ് (19), സ്റ്റാര്‍ക്ക്(6), ഹെയ്‌സല്‍വുഡ്(0) എന്നിവരുടെ വിക്കറ്റുകളാണ് രണ്ടാം ദിനം ഓസ്‌ട്രേലിയയ്ക്ക് നഷ്ടമായത്. ഒമ്പതു റണ്‍സുമായി ലയോണ്‍ പുറത്താകാതെ നിന്നു. ഹനുമ വിഹാരി, ജസ്പ്രിത് ബുമ്ര, ഉമേഷ് യാദവ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

LEAVE A REPLY

Please enter your comment!
Please enter your name here