Home Latest News in Kerala കടപ്പുറത്ത് വീണ്ടും സന്ദര്‍ശകരുടെ ആരവം

കടപ്പുറത്ത് വീണ്ടും സന്ദര്‍ശകരുടെ ആരവം

2
0

കോഴിക്കോട്: മാസങ്ങളായി അടഞ്ഞു കിടന്ന ബീച്ചില്‍ പ്രവേശനം തുടങ്ങി. ഞായറാഴ്ച രാവിലെ തന്നെ ബീച്ചിലേക്ക് കൂട്ടമായി ആളുകളെത്തി. ഉന്തുവണ്ടികളിലും കച്ചവടം ആരംഭിച്ചു.
അവധി ദിവസമായതിനാല്‍ വൈകുന്നേരമായതോടെ നല്ല തിരക്കായി. സൗത് ബീച്ചിലും രാവിലെ മുതല്‍ ഏറെ പേര്‍ എത്തിയിരുന്നു. ബീച്ച് നോക്കി നടത്താന്‍ കരാര്‍ നല്‍കി, നവീകരണം പൂര്‍ത്തിയായ ശേഷം ആദ്യമായാണ് കടപ്പുറം സന്ദര്‍ശകര്‍ക്കായി തുറന്നത്.
പരിപാലനത്തിന് പകരമായി ചെറിയ വ്യാപാര കേന്ദ്രങ്ങളും പരസ്യവും മറ്റും നല്‍കി പണം കണ്ടെത്താന്‍ ശ്രമിക്കുന്ന കരാറുകാര്‍ക്കും സന്ദര്‍ശകര്‍ എത്തിയത് ആശ്വാസമായി.
കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് രാത്രി എട്ട് വരെയാണ് പ്രവേശനം. തിരക്ക് അധികമുള്ള സമയങ്ങളില്‍ പൊലീസ് ബാരിക്കേഡുകള്‍ അല്ലെങ്കില്‍ കയര്‍ സ്ഥാപിച്ച് പ്രവേശനം നിയന്ത്രിക്കണമെന്നാണ് ജില്ല കലക്ടറുടെ നിര്‍ദേശം. ഇതിനായി രാവിലെ മുതല്‍ പൊലീസ് സന്നാഹം ഒരുക്കിയിരുന്നു.
ഈയിടെ നവീകരിച്ച സൗത് ബീച്ച് മുതല്‍ വടക്ക് ഓപണ്‍ സ്‌റ്റേജിന് മുന്‍വശം വരെയുള്ള കടപ്പുറവും നടപ്പാതയുമടങ്ങിയ ഭാഗമാണ് സോളസ് ആഡ് സൊലൂഷന്‍സ് എന്ന സ്വകാര്യ സംരംഭകര്‍ സംരക്ഷിക്കുക. ഇതുവരെ കുടുംബശ്രീ പ്രവര്‍ത്തകരായിരുന്നു ബീച്ചില്‍ ശുചീകരണം നടത്തിയിരുന്നത്. മൂന്ന് കൊല്ലത്തേക്കാണ് പുതിയ കരാര്‍.
പുല്‍ത്തകിടികളും ചെടികളും സ്ഥാപിച്ച് മനോഹരമാക്കാനും പുതിയ ലൈറ്റുകളും പൊട്ടിയ ടൈലുകളും മറ്റു സംവിധാനങ്ങളും സ്ഥാപിക്കാനും പരിപാലിക്കാനുമാണ് കരാര്‍. 3.8 കോടി രൂപ ചെലവില്‍ വികസനവും സൗന്ദര്യവത്കരണവും നടത്തിയ കോഴിക്കോട് തെക്കേ കടപ്പുറത്തെ കോര്‍ണിഷ് ബീച്ചിന്റെ 600 മീറ്ററോളം നീളത്തില്‍ വര്‍ണചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയെങ്കിലും ലോക് ഡൗണില്‍ അടച്ചിട്ടിരിക്കുകയായിരുന്നു.
ലൈറ്റ് പോളുകളില്‍ പരസ്യം വെക്കാനുള്ള അവകാശം കരാറുകാര്‍ക്കാണ്. നാലിടത്ത് ഐസ്‌ക്രീം-പോപ്‌കോണ്‍ കിയോസ്‌ക്കുകള്‍ സ്ഥാപിക്കും. പരസ്യങ്ങള്‍ വെക്കുന്നതിന് തുക ഡി.ടി.പി.സിക്ക് നിശ്ചിത കാലാവധിയില്‍ അടക്കണം. വൈദ്യുതി ബില്ലടക്കം ലൈറ്റ് കത്തിക്കാനുള്ള ചെലവുകള്‍ വഹിക്കേണ്ടത് കരാറുകാരാണെന്നാണ് ധാരണ.

LEAVE A REPLY

Please enter your comment!
Please enter your name here