
തിരുവല്ല : എംസി റോഡില്‍ തുകലശേരി വളവില്‍ അപകടം തുടര്‍ക്കഥയാവുന്നു. ചെങ്ങന്നൂര്‍ ഭാഗത്തു നിന്നും തിരുവല്ലയിലേക്ക് തുകലശേരി ഇറക്കം വരുന്ന ചിക്കുളത്തി പടി വളവിലാണ് തുടരെ അപകടങ്ങള്‍ ഉണ്ടാകുന്നത്. വലിയ സിമന്റ് കോണ്‍ക്രീറ്റ് റെഡിമിക്‌സ് വാഹനം ബുധനാഴ്ച അര്‍ധരാത്രിക്ക് ശേഷം ഇവിടെ നിയന്ത്രണം വിട്ടുമറിഞ്ഞതാണ് ഏറ്റവും ഒടുവിലത്തെ അപകടം. ലോറിയില്‍ ഉണ്ടായിരുന്ന ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും പരിക്കേറ്റു.റോഡിനരികിലെ മതിലും ഉള്ളിലെ ഓടുപാകിയ വീടിന്റെ ഒരു ഭാഗവും കിണറും തൊട്ടടുത്ത വീടിന്റെ മതിലും ഗെയിറ്റും തകര്‍ത്ത് കോണ്‍ക്രീറ്റിലുറപ്പിച്ചിരിക്കുന്ന വൈദ്യുതി പോസ്റ്റില്‍ ഇടിച്ചാണ് വാഹനം തല കീഴായി മറിഞ്ഞത്. മതില്‍ കെട്ടിനുള്ളില്‍ നിന്ന കൂറ്റന്‍ തെങ്ങിന്റെ അടിഭാഗം പിളര്‍ന്ന് തൊട്ടടുത്ത പ്ലാവില്‍ ചാരി നില്‍ക്കുകയാണ്. തുകലശേരിയില്‍ നിന്നും മതില്‍ഭാഗത്തേക്കുള്ള റോഡ് ആരംഭിക്കുന്നതിന്റെ വലത് ഭാഗത്തുണ്ടായിരുന്ന മതിലുകളാണ് തകര്‍ന്നത്. ഒരാഴ്ച മുന്‍പ് നിയന്ത്രണം വിട്ട ലോറി ഇതേ സ്ഥലത്ത് മതിലുകള്‍ തകര്‍ത്ത് മറിഞ്ഞിരുന്നു. രണ്ടു ദിവസം മുന്‍പ് പുനര്‍ നിര്‍മിച്ച മതിലുകളാണ് പിന്നെയും തകര്‍ന്നത്.നാല് വര്‍ഷത്തിനുള്ളില്‍ 30 തവണയാണ് ഇവിടെ അപകടങ്ങള്‍ ഉണ്ടായത്. വിവിധ ഘട്ടങ്ങളിലായി 6 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഈ അപകടങ്ങളെല്ലാം രാത്രി സമയങ്ങളിലാണ് ഉണ്ടായിട്ടുള്ളത്. ഒരേ സ്ഥലത്ത് ഇത്രയും അപകടങ്ങള്‍ ഉണ്ടാകുന്നതിന്റെ കാരണം കണ്ടെത്താന്‍ അധികൃതര്‍ക്കായിട്ടില്ല.അലൈന്‍മെന്റിലെ വ്യതിയാനമാണ് കാരണമെന്ന് വിദഗ്ധര്‍ പറയുന്നു.ഇത് പരിഹരിച്ചില്ലങ്കില്‍ വീണ്ടും മനുഷ്യ ജീവന്‍ നഷ്ടമാകും.









