Home Special Story കണ്ണൂരിന്റെ ചിറകില്‍ കേരളത്തിന്റെ കുതിപ്പ്

കണ്ണൂരിന്റെ ചിറകില്‍ കേരളത്തിന്റെ കുതിപ്പ്

1
0

പിണറായി വിജയന്‍(മുഖ്യമന്ത്രി)
കേരളത്തിന്റെ അഭിമാന പദ്ധതിയായ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം നാളെ തുറക്കുകയാണ്. ഉത്തരകേരളത്തിലെ ജനങ്ങളുടെ ഏറെക്കാലത്തെ അഭിലാഷമാണ് ഇതുവഴി പൂര്‍ത്തിയാകുന്നത്. രാജ്യത്തെ ഏതു വിമാനത്താവളത്തോടും കിടപ്പിടിയ്ക്കുന്ന ആധുനിക സൗകര്യങ്ങളാണ് കണ്ണൂരില്‍ ഒരുക്കിയിട്ടുളളത്. യാത്രക്കാര്‍ക്ക് മികച്ച സൗകര്യം ഉറപ്പുനല്‍കാന്‍ അത്യാധുനിക സാങ്കേതിക വിദ്യ പരമാവധി പ്രയോജനപ്പെടുത്തിയിട്ടുണ്ട്.

അടിസ്ഥാന സൗകര്യവികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന വലിയ പ്രാധാന്യവും പരിഗണനയുമാണ് ഇതില്‍ പ്രകടമാകുന്നത്. കൊച്ചി മെട്രോയ്ക്കു ശേഷം ഉദ്ഘാടനം ചെയ്യപ്പെടുന്ന വന്‍കിട അടിസ്ഥാന സൗകര്യപദ്ധതിയാണ് കണ്ണൂര്‍ വിമാനത്താവളം. ദേശീയപാതാ വികസനം, ഗെയില്‍ പ്രകൃതിവാതക പൈപ്പ്‌ലൈന്‍, കൂടംകുളം വൈദ്യുതി ലൈന്‍, കോവളം-ബേക്കല്‍ ദേശീയ ജലപാത, മലയോര-തീരദേശ ഹൈവേകള്‍ തുടങ്ങിയ പദ്ധതികളും അടുത്ത രണ്ടുവര്‍ഷത്തിനുളളില്‍ പൂര്‍ത്തിയാക്കാനാണ് ശ്രമിക്കുന്നത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ആദ്യഘട്ടവും അടുത്തവര്‍ഷം പൂര്‍ത്തിയാകും. പ്രളയദുരന്തം നമ്മുടെ വന്‍കിട അടിസ്ഥാന സൗകര്യപദ്ധതികളുടെ പ്രവര്‍ത്തനത്തെ ബാധിച്ചിരുന്നു. അവയുടെ നിര്‍മ്മാണം വേഗത്തിലാക്കാനുളള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഈ വന്‍കിട പദ്ധതികളെല്ലാം പൂര്‍ത്തിയാകുമ്പോള്‍ കേരളത്തിന്റെ മുഖച്ഛായ തന്നെ മാറും. ടൂറിസം വികസനത്തിനും വ്യവസായ നിക്ഷേപം ആകര്‍ഷിക്കുന്നതിനും മികച്ച അടിസ്ഥാന സൗകര്യം അത്യന്താപേക്ഷിതമാണ്. ഈ കാഴ്ചപ്പാടോടെയാണ് സര്‍ക്കാര്‍ മുന്നോട്ടുനീങ്ങുന്നത്. മികച്ച ആധുനിക സൗകര്യങ്ങളുളള വിമാനത്താവളമാണ് കണ്ണൂരെന്ന് നേരത്തെ പരാമര്‍ശിച്ചുവല്ലോ. അക്കൂട്ടത്തില്‍ സവിശേഷമായ സൗകര്യമാണ് ‘ഡേ-ഹോട്ടല്‍’. യാത്രക്കാര്‍ക്ക് വിശ്രമിക്കാനും പ്രാഥമിക കര്‍മ്മങ്ങള്‍ നിര്‍വഹിക്കാനും ഇവിടെ സൗകര്യമുണ്ട്. രണ്ടോ മൂന്നോ മണിക്കൂര്‍ നേരത്തേക്കും മുറി ലഭിക്കും. അതിനുളള വാടകയേ നല്‍കേണ്ടതുളളു. ഈ രീതിയില്‍ യാത്രക്കാര്‍ക്ക് ഒരുവിധ അസൗകര്യവും അനുഭവപ്പെടാത്ത രീതിയിലാണ് വിമാനത്താവളം രൂപകല്‍പ്പന ചെയ്തിട്ടുളളത്.

സാധാരണ ഗതിയില്‍ വിമാനങ്ങളില്‍ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ടുമാത്രം വിമാനത്താവളം ലാഭകരമായി നടത്താനാവില്ല. അതു കണക്കിലെടുത്ത് വ്യോമയാനത്തിന് പുറമെയുളള വരുമാനം വര്‍ധിപ്പിക്കുന്നതിന് വിമാനത്താവള കമ്പനി തീരുമാനങ്ങളെടുത്തിട്ടുണ്ട്. പ്രധാന വിമാനത്താവളങ്ങളിലെല്ലാം വരുമാനത്തിന്റെ പകുതിയോളം നോണ്‍ ഏവിയേഷനില്‍ നിന്നാണെന്ന് മനസ്സിലാക്കാന്‍ കഴിയും. ഉത്തരകേരളത്തിന്റെ മാത്രമല്ല, കേരളത്തിന്റെയാകെ വികസനത്തിന് കുതിപ്പ് നല്‍കാന്‍ കണ്ണൂര്‍ വിമാനത്താവളത്തിന് കഴിയും. 1996-ലെ നായനാര്‍ സര്‍ക്കാരാണ് വിമാനത്താവളത്തിനുളള നടപടികള്‍ ആരംഭിച്ചത്. ഏറ്റവും അനുയോജ്യമായ സ്ഥലം തന്നെ കണ്ടെത്തുകയും ചെയ്തു. മട്ടന്നൂര്‍ മുനിസിപ്പാലിറ്റിയിലും കീഴല്ലൂര്‍ പഞ്ചായത്തിലും ഉള്‍പ്പെടുന്ന മൂര്‍ഖന്‍ പറമ്പില്‍ 2,300 ഏക്കര്‍ സ്ഥലത്താണ് ലോകനിലവാരത്തിലുളള സൗകര്യങ്ങളോടെ വിമാനത്താവളം പൂര്‍ത്തിയാക്കിയത്.

കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട് ജില്ലകളുടെയും കര്‍ണാടകത്തില്‍ ഉള്‍പ്പെടുന്ന കുടകിന്റെയും ടൂറിസം വികസനത്തിന് പുതിയ വിമാനത്താവളം വലിയ പ്രയോജനം ചെയ്യും. ഈ മേഖലയില്‍ കൂടുതല്‍ വ്യവസായ നിക്ഷേപം ഉണ്ടാവാനും വിമാനത്താവളം സഹായിക്കും. വിമാനത്താവളത്തിന് ആവശ്യമായ അനുമതികള്‍ താമസംവിനാ ലഭ്യമാക്കുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് സഹായകരമായ നിലപാടാണ് ഉണ്ടായിട്ടുളളത്. പ്രമുഖ അന്താരാഷ്ട്ര വിമാനകമ്പനികള്‍ കണ്ണൂരില്‍നിന്നും സര്‍വ്വീസ് ആരംഭിക്കാന്‍ മുന്നോട്ടുവന്നിട്ടുണ്ട്. തുടക്കത്തില്‍ തന്നെ ധാരാളം അന്താരാഷ്ട്ര സര്‍വ്വീസുകള്‍ കണ്ണൂരില്‍ നിന്ന് ഓപ്പറേറ്റ് ചെയ്യാന്‍ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്.

വിനോദസഞ്ചാരത്തിനും വ്യവസായത്തിനും വലിയ സാധ്യതകളുളള ജില്ലകളാണ് കണ്ണൂരും കാസര്‍ഗോഡും. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത കാരണം നമുക്ക് ഈ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞിരുന്നില്ല. ഈ കുറവാണ് ഒരു പരിധിവരെ ഇപ്പോള്‍ പരിഹരിക്കപ്പെടുന്നത്. ടൂറിസത്തിനു മാത്രമല്ല വ്യവസായത്തിനും വാണിജ്യത്തിനും വിമാനത്താവളം വലിയ ഉത്തേജനം നല്‍കും. കണ്ണൂര്‍ കാസര്‍ഗോഡ് മേഖലകളില്‍ ടൂറിസം വികസനത്തിന് ബഹുമുഖമായ പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിവരികയാണ്. വിമാനത്താവളം തുറക്കുന്നതോടെ ടൂറിസം മേഖലയില്‍ കുതിച്ചുചാട്ടമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിമാനത്താവളത്തിനു ചുറ്റുമുളള പ്രദേശങ്ങളുടെ വികസനത്തിനും സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ട്. ഈ രീതിയില്‍ കണ്ണൂര്‍ മേഖലയുടെ സര്‍വതോ•ുഖമായ അഭിവൃദ്ധിക്ക് വിമാനത്താവളം സഹായിക്കും. പ്രവാസികള്‍ ധാരാളമുളള ജില്ലകളാണ് കണ്ണൂരും കാസര്‍ഗോഡും. പ്രവാസി കുടുംബങ്ങളുടെ യാത്രാസൗകര്യവും വര്‍ധിക്കും. കോഴിക്കോട് ജില്ലയിലെ വടകര, നാദാപുരം മേഖലകളിലുളളവര്‍ക്കും യാത്രയ്ക്ക് ഇതു സൗകര്യമാവും. കണ്ണൂര്‍ വരുന്നതോടെ കേരളത്തില്‍ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളാകും. ആകാശയാത്രയ്ക്ക് ഇത്രയും സൗകര്യമുളള മറ്റൊരു സംസ്ഥാനമില്ല. കേരളത്തിനകത്തെ യാത്രയ്ക്ക് ജനങ്ങള്‍ വിമാനം കൂടുതലായി ഉപയോഗിക്കാനുളള സാധ്യതയും വന്നിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here