ബെംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ് ജെഡിഎസ് സഖ്യം ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നേ വഴിപിരിയുമോ? കര്‍ണാടകയില്‍ എങ്ങനെയും ബിഡെപി അധികാരത്തിലേറുന്നതു തടയുകയെന്ന ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസ് ജെഡിഎസുമായി അധികാരം പങ്കിടാന്‍ തയാറായത്. എന്നാല്‍ അധികാരത്തിലേറിയനാള്‍ മുതല്‍ ഇരുവരും തമ്മിലുള്ള ഭിന്നത പ്രത്യക്ഷമായിരുന്നു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി എച്.ഡി. കുമാരസ്വാമി നടത്തിയ ചില പരാമര്‍ശങ്ങള്‍ ഭിന്നതയുടെ ആഴം വെളിവാക്കുന്നതാണ്.
ജെഡിഎസ് എംഎല്‍എമാരുടെ യോഗത്തിലാണ് കുമാര സ്വാംി വൈകാരികമായി പ്രതികരിച്ചത്. കോണ്‍ഗ്രസിന്റെ ഇടപെടല്‍ മൂലം ഭരണത്തില്‍ താന്‍ ഒരു മുഖ്യമന്ത്രിയായല്ല ഒരു ക്ലര്‍ക്കിനെ പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നു കുമാരസ്വാമി പറഞ്ഞു. കോണ്‍ഗ്രസുമായി കൈകോര്‍ത്ത ശേഷം നിരവധി ബുദ്ധിമുട്ടുകള്‍ നേരിടുന്നതായി കുമാരസ്വാമി തുറന്നടിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ അവര്‍ക്ക് അനുകൂലമായ കാര്യങ്ങള്‍ ചെയ്യുന്നതിന് തന്നെ പ്രേരിപ്പിക്കുന്നുവെന്നും തനിക്ക് മറ്റൊരു മാര്‍ഗ്ഗവുമില്ലാതെ ആയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കടുത്ത സമ്മര്‍ദ്ദത്തിലാണ് താന്‍ ജോലി ചെയ്യുന്നത്. മുഖ്യമന്ത്രിയായ തന്നെ വെറുമൊരു സഹപ്രവര്‍ത്തകനായി മാത്രമാണ് കോണ്‍ഗ്രസ് നേതാക്കള്‍ കാണുന്നതെന്നും കുമാരസ്വാമി യോഗത്തില്‍ പറഞ്ഞു. തന്റെ അനുവാദമില്ലാതെ കോണ്‍ഗ്രസ് കോപ്പറേഷനുകളിലേക്കും ബോര്‍ഡുകളിലേക്കും ചെയര്‍മാനെ നിശ്ചയിച്ചതിലും മന്ത്രിസഭാ പുനസംഘടനയ്ക്ക് നിര്‍ബന്ധിച്ചതിലും ദു:ഖമുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.
കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസിനെ നിയന്ത്രിക്കുന്നത് ഡി കെ ശിവകുമാറാണ്. ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കിയ രാഷ്ട്രീയത്തിന് ചുക്കാന്‍ പിടിച്ചതും ശിവകുമാറാണ്. കോണ്‍ഗ്രസ് ഹൈക്കമാണ്ടിലും നല്ല സ്വാധീനമാണ്. ഇതേ ശിവകുമാറാണ് കര്‍ണ്ണാടക ഭരണത്തിലും ഇപ്പോള്‍ അവസാന വാക്ക്. പേരിന് മുഖ്യമന്ത്രിയെങ്കിലും ഭരണം നടത്തുന്നത് ഡികെ ശിവകുമാറാണെന്ന പരാതിയാണ് കുമാരസ്വാമിക്കുള്ളത്. വഴിയേ പോകുന്ന കോണ്‍ഗ്രസ് നേതാക്കള്‍ പോലും ഉത്തരവുകള്‍ നല്‍കും. ഭരണത്തില്‍ ഇടപെടുന്നു. പൊലീസിലെ സ്ഥലം മാറ്റം പോലും മുഖ്യമന്ത്രി അറിയുന്നില്ലെന്നും കുമാരസ്വാമി പറയുന്നു.
കര്‍ണാടകയില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലാതെ വന്നതിനെ തുടര്‍ന്ന് ജെഡിഎസിന് പിന്തുണ നല്‍കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചപ്പോള്‍ തന്നെ പാര്‍ട്ടി ദേശീയ നേതൃത്വം തന്ത്രങ്ങള്‍ ഏല്‍പ്പിച്ചത് ശിവകുമാറിനെയാണ്. കോണ്‍ഗ്രസ് -ജനതാദള്‍ എസ് സഖ്യസര്‍ക്കാരിന് നീക്കം തുടങ്ങിയപ്പോള്‍ തന്നെ ശിവകുമാര്‍ എംഎല്‍എമാര്‍ മറുകണ്ടം ചാടാനുള്ള സാധ്യത കണ്ട് എല്ലാവരെയും ഒരുമിച്ച് റിസോര്‍ട്ടിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് ഗവര്‍ണര്‍ക്ക് ജെഡിഎസ് -കോണ്‍ഗ്രസ് സഖ്യനേതൃത്വം സര്‍ക്കാരിനായി അവകാശവാദമുന്നയിച്ച് കത്ത് നല്‍കിയപ്പോള്‍ എംഎല്‍എമാരെല്ലാം റിസോര്‍ട്ടില്‍ ശിവകുമാറിന്റെ നിയന്ത്രണത്തിലായിരുന്നു. ഇങ്ങനെ കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കിയത് ശിവകുമാറിന്റെ തന്ത്രങ്ങളാണ്. ഭരണത്തിലും ശിവകുമാര്‍ പിടി മുറുക്കി. ഇതോടെയാണ് കുമാരസ്വാമിക്ക് കഷ്ടകാലം തുടങ്ങിയത്.








