അഡ്വ. രാജേഷ് വിജയന്‍
Painting is poetry that is seen rather than felt, and poetry is painting that is felt rather than seen. Leonardo da Vinci
അഥവാ
ഒരു രഹസ്യം പറയാം. പണ്ടൊരു പഞ്ചായത്ത് പ്രസിഡന്റ് ലോകത്തെ ഏറ്റവും വില കൂടിയ ഖദര്‍ മുണ്ടും ഷര്‍ട്ടും ആണെന്ന് പറഞ്ഞ് തുണി ഉടുക്കാതെ വന്നപ്പോ ഇയാള്‍ തുണി ഉടുത്തിട്ടില്ല എന്ന് വിളിച്ചു കൂവിയ ആ ചെക്കനില്ലേ. അത് ഞാനാണ്
ക്രിസ്മസ് ദിവസം ഉണ്ടിരുന്ന നായര്‍ക്ക് ഒരു വിളി വരികയും ഇടക്കിടയ്ക്ക് ഞാന്‍ ഒരു കലാകാരനും കലാസ്വാദകനും ആണെന്ന് സ്വയം തോന്നുകയും ചെയ്യാറുള്ളത് കൊണ്ട് ബിനാലെ കണ്ടേക്കാമെന്ന് വച്ചു. കൂടെ ജിജ്ഞാസ മൂത്ത 3 പതിമൂന്നു വയസ്സുകാരും. എന്റെ മോന്‍ മാധവന്‍, Sathya Sathyaa Anand പിന്നെ Nabil Nabeel Sudheer. എന്റെ തെറ്റിദ്ധാരണകളെല്ലാം അന്ന് മാറി.
കുറെ നീഗ്രോകളുടെ ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോകളിലാണ് സംഗതി തുടങ്ങിയത്. ഇതൊക്കെ ആരാ അച്ഛാ അങ്കിളേ. ചെക്കന്‍മാര്‍ കോറസ് തുടങ്ങി. ഗത്യന്തരമില്ലാതെ ഞാന്‍ പറഞ്ഞു ഇതൊക്കെ വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ന്നപ്പോ മരിച്ച പാവങ്ങളാ. നമുക്കൊരു നിമിഷം പ്രാര്‍ത്ഥിക്കാം. ഞങ്ങള്‍ കണ്ണടച്ചു പ്രാര്‍ത്ഥിച്ചു. ഞാന്‍ മാത്രം ഓട്ടക്കണ്ണിട്ട് നോക്കി. ചെക്കന്‍മാര്‍ ആത്മാര്‍ഥമായി പ്രാര്‍ത്ഥിക്കുന്നുണ്ട്.
പിന്നെ കേറിയ ഇരുട്ട് മുറിയില്‍ ഒരു മൂലയ്ക്ക് അറക്കപ്പൊടി കൂട്ടിയിട്ട് മില്ലില്‍ നിന്നും വേസ്റ്റ് വരുന്ന മരക്കഷണങ്ങള്‍ കൂട്ടി വച്ചിട്ടുണ്ട്. മേശപ്പുറത്ത് എന്തോ എഴുതിയ കുറെ മരക്കഷണങ്ങളും. ഭിത്തി മുഴുവന്‍ അണ്ഡകടാഹം, കൊപ്രാ പിണ്ണാക്ക്, അച്ചുതാനന്ദന്‍, ജയന്‍, പുലിമുരുകന്‍, കുന്നേല്‍ ഔതക്കുട്ടി എന്നെല്ലാം എഴുതിയ കുറെ പോസ്റ്ററുകളും. അച്ഛാ അങ്കിളേ ഇതൊക്കെ എന്താ. വീണ്ടും കോറസ്. കണ്‍ട്രോള്‍ പോയി തുടങ്ങിയ ഞാന്‍ പറഞ്ഞു. മക്കളേ ഭയങ്കര അര്‍ത്താ ഇതിനൊക്കെ.
അടുത്ത മുറിയുടെ പുറത്ത് എഴുതി വച്ചിരിക്കുന്ന കൊതുകാണിന്നെന്റെ ദുഖം. കൊതുകിന്റെ ആത്മാവിനെ ദൈവമായി കണ്ട് അതിന്റെ ശബ്ദത്തെ അണ്ഡകടാഹത്തില്‍ ലയിപ്പിക്കാനുള്ള ശ്രമമാണ് കലാകാരിയുടേത് എന്നൊക്കെ. അകത്ത് കുറെ സ്പീക്കറുകളിലൂടെ എന്തോ മൂളക്കം. ഒരു കാന്‍വാസില്‍ കുറെ കൊതുകിന്റെ പടവും. മൂലയില്‍ പ്രതിമ പോലെ ഒരു സുന്ദരി പെങ്കൊച്ചിരുപ്പുണ്ട്. കൊച്ചാണോ ഇത്രയും വലിയ കല സ്യഷ്ടിച്ച കലാകാരി? അതോ കൊച്ച് വാളന്‍ടിയര്‍ മാത്രമാണോ എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു. ചോദിച്ചില്ല. അതെങ്ങാനും പിടിച്ച് കടിച്ചാലോ. പിള്ളേരുടെ കോറസിനുത്തരം ഗുഡ് നൈറ്റ്, ഒഡോമസ്, മോര്‍ട്ടീന്‍, കൊതുക് വല എന്നൊക്കെ പറഞ്ഞു തടി തപ്പി ഞാന്‍.
ഇവിടേക്ക് പെരുമ്പാവൂരുള്ള സുഹൃത്ത് സന്തോഷും (മൊതലാളിയെ ആന സന്തോഷ് എന്ന് പറയാതെ ആരും അറിയില്ലാന്ന് വച്ചോ) കുടുംബവും കടന്നു വരുന്നു. എങ്ങനെയുണ്ട് എന്ന ചോദ്യത്തിന് ‘ഇതിലും കൂടുതല്‍ ചവറ് എന്റെ വീടിന്റെ പുറക് വശത്ത് കൂട്ടിയിട്ടിട്ടുണ്ട് എന്ന ക്ലാസിക് മറുപടിയുമായി മൂപ്പര്‍ പോയി.
അടുത്ത മുറിയില്‍ കടലില്‍ കാണുന്ന തരം കുറെ കല്ല് അവിടെയവിടെ വച്ചിട്ടുണ്. ആ സൃഷ്ടിയുടെ വേദന കടിച്ചമര്‍ത്തിയാണെന്ന് തോന്നുന്നു ഒരു കലാകാരി ഇരുട്ടത്തിരുപ്പുണ്ട്. ധൈര്യം സംഭരിച്ച് ഞാന്‍ ചോദിച്ചു. ഇതെന്താ മാഡം? വിഡ്ഡി, കല തൊട്ടു തീണ്ടാത്ത എരപ്പേ കടക്കെടാ പുറത്ത് എന്ന ഭാവം മുഖത്ത് വരുത്തി ആ കൊച്ചെന്നെ നോക്കി. ഒന്നുല്ല കുട്ടിക്ക് ഒന്നൂല്ല എന്ന ഭാവം മുഖത്ത് വരുത്തി ഞാന്‍ പിള്ളേരെം കൊണ്ട് ചാടി പുറത്തിറങ്ങി.
ചകിരി കൊണ്ടുണ്ടാക്കിയ കുറെ കാക്കകളുടെ മുറിയിലാണ് പിന്നെ കേറിയത്. ഇടക്കിടയ്ക്ക് കാക്ക കരയുന്നതും മറ്റ് ചില ശബ്ദങ്ങളും കേള്‍ക്കാനുണ്ട്. ഇതെങ്കിലും മനസ്സിലാകുമോ എന്ന് കൂലങ്കഷമായി ചിന്തിച്ചു നോക്കുമ്പോള്‍ പുറകില്‍ നിന്ന് കോറസ്. അച്ഛാ അങ്കിളേ എന്താ ഇതിന്റെ അര്‍ത്തം. കണ്‍ട്രോള്‍ മുഴുവന്‍ പോയ ഞാന്‍ ഉറക്കെ അലറി. ഇനി ഒരൊറ്റ അക്ഷരം മിണ്ടിയാല്‍ മൂന്നിനേം കായലില്‍ തളളി ഇട്ട് ഞാനും ചാടും. ബ്ലഡി ഫൂള്‍സ്. കല തൊട്ടു തീണ്ടാത്ത വര്‍ഗ്ഗം.
അപ്പൊ എന്റെ ചെക്കന്റെ സ്റ്റേറ്റ്‌മെന്റ്‌റ്. അച്ചന് ഒരു കുന്തവും അറിയാന്‍ പാടില്ല. എന്നാ ഒരു ഐസ്‌ക്രീമെങ്കിലും വാങ്ങിച്ചു തരാമോ.
രക്ഷപെട്ട. ഞാന്‍ പറഞ്ഞു. ഐസ്‌ക്രീം മാത്രമാക്കണ്ട. നമുക്ക് ശാപ്പിട്ടു കളയാം. സീ ഗള്‍ ഹോട്ടലില്‍ പൊറോട്ട ഗ്രില്‍ഡ് ഫിഷ് ചേര്‍ത്ത് വായിലിട്ട് ആസ്വദിച്ച് ചവക്കുമ്പോ എന്റെ മോന്‍ പറഞ്ഞു. ഇതിലും നല്ല ഒരു കല ലോകത്ത് വേറെയില്ല. അല്ലേ അച്ഛാ.
അപ്പൊ ഞാന്‍ ഓര്‍ത്തു. എന്റെ ഇന്‍സ്റ്റലേഷന്‍ പാഴായില്ല.
വാല്‍ക്കഷണം
ഉം ആഹ് ഔ ശ്ശൊ വേ ണ്ട ഗം വേ പ്ലക്ക് ചീ ഒ. നി
ന്ന് ആ. ഹ. യ്യോ എന്നീ അക്ഷരങ്ങള്‍ വലിയ ഒരു വെളള കാന്‍വാസില്‍ എഴുതി സൃഷ്ടി കാന്‍വാസിലേക്ക് ആവാഹിച്ചിരിക്കുകയാണ് കലാകാരന്‍ എന്ന് പുറത്തെഴുതി വച്ച് ഞാനും പോകും അടുത്ത ബിനാലെക്ക്.
സത്യ ആനന്ദ് നബീല്‍ സുധീര്‍




