Home National മുസാഫര്‍നഗര്‍ കലാപത്തിലേക്ക് നയിച്ച കൊലപാതകക്കേസിലെ 7 പ്രതികള്‍ക്ക് ജീവപര്യന്തം

മുസാഫര്‍നഗര്‍ കലാപത്തിലേക്ക് നയിച്ച കൊലപാതകക്കേസിലെ 7 പ്രതികള്‍ക്ക് ജീവപര്യന്തം

1
0

ന്യൂഡല്‍ഹി: മുസാഫര്‍നഗര്‍ കലാപത്തിലേക്ക് നയിച്ച കൊലപാതകക്കേസിലെ 7 പ്രതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ. മുസാഫര്‍നഗര്‍ ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്. ജാട്ട് വിഭാഗക്കാരായ രണ്ട് യുവാക്കളെ കൊന്ന പ്രതികള്‍ക്കാണ് ശിക്ഷ ലഭിച്ചത്. ഇവരുടെ കൊലപാതകമാണ് പിന്നീട് 2013ലെ മുസാഫര്‍നഗര്‍ കലാപത്തിലേക്ക് നയിച്ചത്. 2013 ഓഗസ്റ്റ് 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സച്ചിന്‍, ഗൗരവ് എന്നീ യുവാക്കളാണ് കൊല്ലപ്പെട്ടത്.

ഇവരെ കൊന്ന കേസില്‍ പ്രതികളായ മുസമ്മില്‍, മുജാസിം, ഫര്‍കാന്‍, നദീം, ജ്ഞാന്‍ഗിര്‍, അഫ്സല്‍, ഇക്ബാല്‍ എന്നിവരെയാണ് ശിക്ഷിച്ചത്.

പത്ത് പ്രോസിക്യൂഷന്‍ സാക്ഷികളുടെയും മറ്റ് തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതികളെ ശിക്ഷിച്ചത്. ഏഴ് പ്രതികളില്‍ അഞ്ച് പേര്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി ജയിലിലാണ്. രണ്ട് പ്രതികള്‍ക്ക് ഇടയ്ക്ക് ജാമ്യം ലഭിച്ചിരുന്നു. കൊല്ലപ്പെട്ട ഗൗരവ് എന്ന യുവാവിന്റെ ബൈക്ക് ഷാനവാസ് എന്നയാളുടെ ബൈക്കില്‍ തട്ടിയതിനെച്ചൊല്ലി ഉണ്ടായ തര്‍ക്കവും വഴക്കുമാണ് പിന്നീട് ഗൗരവിന്റെയും സച്ചിന്റെയും കൊലപാതകത്തിലും കലാപത്തിലേക്കും നയിച്ചത്.

കൊലപാതകത്തെ തുടര്‍ന്ന് ഇരുവിഭാഗങ്ങള്‍ തമ്മില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷമുണ്ടാവുകയും മുസാഫര്‍നഗറിലും ഷാമിലിയിലും വര്‍ഗീയ കലാപം പൊട്ടിപ്പുറപ്പെടുകയും ചെയ്തിരുന്നു. ഈ കലാപത്തില്‍ 65 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും 50,000 പേര്‍ പലായനം ചെയ്യേണ്ടിയും വന്നു. കലാപവുമായി ബന്ധപ്പെട്ട് 6000 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here