
പാലക്കാട്: കല്പാത്തി കാത്തിരുന്ന നിമിഷം പിറന്നു. ഗ്രാമദേവതകളെ വിശ്വാസത്തേരേറ്റി കല്പാത്തിയില്‍ രഥപ്രയാണം തുടങ്ങി. ഒന്നാംതേരുദിനമായ ഞായറാഴ്ച കല്പാത്തി വിശാലാക്ഷീ സമേത വിശ്വനാഥസ്വാമി ക്ഷേത്രത്തിലെ രഥമാണ് ഗ്രാമവീഥിയിലെത്തിയത്. രണ്ടാംതേരുനാളായ തിങ്കളാഴ്ച പുതിയകല്പാത്തി മന്തക്കര മഹാഗണപതിയുടെയും മൂന്നാംതേരുനാളായ ചൊവ്വാഴ്ച പഴയകല്പാത്തി ചാത്തപ്പുരം രഥങ്ങളും രഥവീഥിയിലെത്തും.കോവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ പതിവുള്ള വലിയ രണ്ട് തേരുകള്‍ ഒഴിവാക്കി ചെറിയ തേരിലായിരുന്നു രഥാരോഹണം. സുബ്രഹ്മണ്യസ്വാമിയുടെ അലങ്കരിച്ച ചെറിയ തേരില്‍ വിശാലാക്ഷീസമേത വിശ്വനാഥസ്വാമി പ്രയാണംനടത്തി. ഗണപതിയെയും വള്ളി-ദൈവാന സമേത സുബ്രഹ്മണ്യസ്വാമിയെയും അലങ്കരിച്ച പല്ലക്കുകളിലും എഴുന്നള്ളിച്ചു. അഗ്രഹാര വീഥികളിലൂടെ നീങ്ങിയ ദേവതകളെ നിറദീപങ്ങള്‍ തെളിയിച്ച് ഗ്രാമം വരവേറ്റു.തിങ്കളാഴ്ച പുതിയകല്പാത്തി മന്തക്കര മഹാഗണപതി ക്ഷേത്രത്തില്‍ രാവിലെ 10നും 10.30 നും ഇടയ്ക്കാണ് രഥാരോഹണം. രഥാരോഹണസമയത്തും രഥപ്രയാണസമയത്തും കല്പാത്തിക്ക് പുറത്തുനിന്നുള്ളവര്‍ക്ക് നിയന്ത്രണമുണ്ട്. കോവിഡ് പ്രതിരോധ കുത്തിവെപ്പ് രണ്ടും പൂര്‍ത്തിയാക്കിയ ഗ്രാമവാസികള്‍ക്കുമാത്രമാണ് രഥംവലിക്കാന്‍ അനുമതിയുള്ളത്.







