
പെരിന്തല്‍മണ്ണ: കസ്തൂരിരംഗന്‍ അന്തിമ വിജ്ഞാപനത്തിലെ ജനദ്രോഹ ശിപാര്‍ശകള്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ടു കത്തോലിക്കാ കോണ്‍ഗ്രസ് ജില്ലയില്‍ വിവിധയിടങ്ങളില്‍ ഉപജീവന സമരം നടത്തി. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിലെ അപാകതകള്‍ പരിഹരിച്ച ഉമ്മന്‍ വി. ഉമ്മന്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് കേന്ദ്രം അംഗീകരിച്ചിട്ടും അതിനെ അട്ടിമറിച്ച് കേരള സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന ശിപാര്‍ശകള്‍ മലയോര മേഖലയിലെ 25 ലക്ഷത്തോളം ജനങ്ങളെ ആപത്കരമായി ബാധിക്കുന്നതാണ്. സംസ്ഥാന സര്‍ക്കാര്‍ ശിപാര്‍ശകള്‍ പരസ്യമാക്കുക, ഇവ തിരുത്തുക, കൃഷിയിടങ്ങളും ജനവാസ മേഖലകളും പൂര്‍ണമായും ഇഎസ്‌ഐ പരിധിയില്‍ നിന്നൊഴിവാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കത്തോലിക്കാ കോണ്‍ഗ്രസ് ഉപജീവന സമരം നടത്തിയത്. ഇതിന്റെ ഭാഗമായി അതിജീവന പ്രതിജ്ഞ ചൊല്ലി. പെരിന്തല്‍മണ്ണ യൂണിറ്റ് ഭാരവാഹികളായ ബിനോയ് മേട്ടയില്‍, ബോബന്‍ കൊക്കപ്പുഴ, വര്‍ഗീസ് കണ്ണാത്ത്, ട്രീസ സെബാസ്റ്റ്യന്‍ എന്നിവര്‍ നേതൃത്വം നല്‍കി. പരിയാപുരം, താഴേക്കോട്, നെന്‍മിനി, വെട്ടത്തൂര്‍ എന്നിവിടങ്ങളിലും പ്രതിഷേധ യോഗം നടത്തി. നൂറുക്കണക്കിനാളുകള്‍ ഉപജീവന സമരത്തില്‍ പങ്കെടുത്തു. അങ്ങാടിപ്പുറം: മലയോര മേഖലയെ ആപല്‍ക്കരമായി ബാധിക്കുന്ന കസ്തൂരിരംഗന്‍ അന്തിമ വിജ്ഞാപനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ജനദ്രോഹ ശിപാര്‍ശകള്‍ തിരുത്തണമെന്ന് ആവശ്യപ്പെട്ട് പരിയാപുരത്ത് കത്തോലിക്കാ കോണ്‍ഗ്രസ് ഉപജീവനസമരം സംഘടിപ്പിച്ചു. പരിയാപുരം ഫാത്തിമ മാതാ ഫൊറോന ദേവാലയത്തില്‍ എകെസിസിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധസംഗമം വികാരി ഫാ.സെബാസ്റ്റ്യന്‍ പുരയിടത്തില്‍ ഉദ്ഘാടനം ചെയ്തു.എകെസിസി മേഖലാ പ്രസിഡന്റ് ജോളി പുത്തന്‍പുരയ്ക്കല്‍, സെക്രട്ടറി വര്‍ഗീസ് പുതുശേരി, രൂപത യൂത്ത് കൗണ്‍സില്‍ കോ-ഓര്‍ഡിനേറ്റര്‍ ഷാന്റോ തകിടിയേല്‍, എകെസിസി ട്രഷറര്‍ ഷാജു നെല്ലിശേരി, വൈസ് പ്രസിഡന്റ് ജോയ്‌സി വാലോലിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. നടപടിയില്‍ പ്രതിഷേധിച്ച് ഇടവകാംഗങ്ങള്‍ അതിജീവന പ്രതിജ്ഞയെടുത്തു. തോട്ടുമുക്കം: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച ഇഎസ്എ കരടു വിജ്ഞാപനത്തിലെ വീഴ്ചകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കത്തോലിക്ക കോണ്‍ഗ്രസ് തോട്ടുമുക്കം യൂണിറ്റ് അതിജീവന സമരം നടത്തി. രൂപത വൈസ് പ്രസിഡന്റ് തോമസ് മുണ്ടപ്ലാക്കല്‍, ഫൊറോന പ്രസിഡന്റ് സാബു വടക്കേപ്പടവില്‍, യൂണിറ്റ് പ്രസിഡന്റ് ഷാജു പനക്കല്‍, സെബാസ്റ്റ്യന്‍ പൂവ്വത്തും കുടിയില്‍ എന്നിവര്‍ പ്രസംഗിച്ചു.














