
കൊണ്ടോട്ടി: വ്യാജ പുരാവസ്തുക്കള്‍ കളം നിറയുന്ന കാലത്ത് കാഴ്ചയുടെ കൗതുകം നിറക്കുകയാണ് കൊണ്ടോട്ടി വൈദ്യര്‍ അക്കാദമി മ്യൂസിയം. മ്യൂസിയത്തിനകത്ത് കടന്നാല്‍ കാഴ്ചക്കാരുടെ ഓര്‍മകള്‍ വര്‍ഷങ്ങള്‍ പിന്നോട്ട് സഞ്ചരിക്കും. പൂര്‍വികരുടെ ജീവിതത്തെ അടയാളപ്പെടുത്തിയ ഒരുപിടി പുരാവസ്തുക്കള്‍ കണ്ടിറങ്ങാം. പുരാവസ്തു വകുപ്പ് പരിശോധിച്ച് സാക്ഷ്യപ്പെടുത്തിയവയെന്ന് അക്കാദമിയുടെ ഉറപ്പ്.പുതുതലമുറക്ക് അന്യമായ പഴയ കാര്‍ഷിക സംസ്‌കൃതിയുടെ ഭാഗമായ നുകം, പറ, ഏത്തക്കൊട്ട, പോസ്റ്റ് ഓഫിസ് ത്രാസുകള്‍, വിവിധതരം തിലാന്‍, താളിയോലകള്‍, ടൈപ്‌റൈറ്റര്‍, റെയില്‍വേ റാന്തല്‍, ആദ്യകാലത്തെ കാമറ, വാല്‍വ് റേഡിയോ, വിവിധ രാജ്യങ്ങളിലെ നാണയങ്ങള്‍, സുറുമച്ചെപ്പ്, വാദ്യോപകരണങ്ങള്‍, ആയുധങ്ങള്‍ തുടങ്ങി വര്‍ഷങ്ങള്‍ പഴക്കമുള്ള ഒട്ടനവധി പുരാവസ്തുക്കളാണ് മ്യൂസിയത്തിലുള്ളത്.ചരിത്ര വിദ്യാര്‍ഥികള്‍ക്കടക്കം ഏറെ ഗുണം ചെയ്യുന്ന വിവിധ ഗ്രന്ഥങ്ങളും ഇവിടെയുണ്ട്. മരിച്ച ലോക സഞ്ചാരി മൊയ്തു കിഴിശ്ശേരി മുപ്പതോളം രാജ്യങ്ങളില്‍നിന്നും സ്വദേശത്തുനിന്നും ശേഖരിച്ചവയാണ് അക്കാദമി മ്യൂസിയത്തിലുള്ളത്. 65 ലക്ഷം രൂപ നല്‍കിയാണ് ഇവ സ്വന്തമാക്കിയത്. ഇതിന് പുറമെ 1921ലെ മലബാര്‍ സമരത്തിന്റെ നേര്‍ചിത്രങ്ങളും മ്യൂസിയത്തിലുണ്ട്. ബ്രിട്ടീഷുകാര്‍ അറസ്റ്റ് ചെയ്തവരെ വിട്ടുകിട്ടാന്‍ ആലി മുസ്‌ലിയാരും അനുയായികളും നിരായുധരായി പട്ടാളത്തിന് മുന്നില്‍ നില്‍ക്കുന്നതും ആലി മുസ്‌ലിയാരെ ജയിലിലേക്ക് കൊണ്ടുപോകുന്നതും ഉള്‍പ്പെടെ സമരത്തിന്റെ സംഭവബഹുലമായ ചരിത്രം ഓര്‍മിപ്പിക്കുന്ന നൂറോളം ചിത്രങ്ങളാണ് അക്കാദമി ഗാലറിയിലുള്ളത്.മ്യൂസിയത്തിന്റെ ആദ്യ ഘട്ടം നേരത്തേ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തിരുന്നു. മിക്ക വസ്തുക്കളും ഇതില്‍ ഉള്‍ക്കൊള്ളിക്കാന്‍ കഴിയാതെ വന്നതോടെ മ്യൂസിയം നവീകരിക്കുകയായിരുന്നു. രണ്ടാം ഘട്ടത്തില്‍ കൊണ്ടോട്ടി നേര്‍ച്ചയുടെയും കൊണ്ടോട്ടിയിലെയും പഴകാല ചിത്രങ്ങള്‍ കാണാനും അവസരമൊരുക്കും. കലാകാരന്മാരുടെ നേതൃത്വത്തില്‍ ‘ബദ്‌റുല്‍ മുനീര്‍ ഹുസ്‌നുല്‍ ജമാല്‍’ ചിത്രവും മ്യൂസിയത്തോടനുബന്ധിച്ച് ഒരുക്കുന്നുണ്ട്. അടുത്ത ഘട്ടത്തില്‍ കലയും സംസ്‌കാരവുമായും ബന്ധപ്പെട്ട വസ്തുക്കള്‍ മ്യൂസിയത്തിലെത്തിക്കും. ഇതിനായി സര്‍ക്കാറിന് പദ്ധതി സമര്‍പ്പിച്ചിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുന്ന മുറക്ക് കാഴ്ചക്കാര്‍ക്കായി മ്യൂസിയം വീണ്ടും തുറന്നുകൊടുക്കുമെന്ന് അക്കാദമി സെക്രട്ടറി റസാഖ് പയമ്‌ബ്രോട്ട് പറഞ്ഞു.





