Home Latest News in Kerala കിന്‍ഫ്രയുടെ മലമ്പുഴ-കഞ്ചിക്കോട് വ്യവസായമേഖല ശുദ്ധജല പദ്ധതി അന്തിമഘട്ടത്തില്‍

കിന്‍ഫ്രയുടെ മലമ്പുഴ-കഞ്ചിക്കോട് വ്യവസായമേഖല ശുദ്ധജല പദ്ധതി അന്തിമഘട്ടത്തില്‍

2
0

വാളയാര്‍ : കിന്‍ഫ്രയുടെ മലമ്പുഴ-കഞ്ചിക്കോട് വ്യവസായമേഖല ശുദ്ധജല പദ്ധതി അന്തിമഘട്ടത്തില്‍. ഏപ്രിലില്‍ കഞ്ചിക്കോട് വ്യവസായമേഖലയിലേക്ക് മലമ്പുഴ അണക്കെട്ടില്‍ നിന്നുള്ള ശുദ്ധജലം എത്തിത്തുടങ്ങും. വ്യവസായമേഖലയിലെ ഭൂഗര്‍ഭജലം ഊറ്റുന്നതു തടഞ്ഞ് ജലക്ഷാമം പരിഹരിക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. മലമ്പുഴ അണക്കെട്ടില്‍ നിന്ന് ശുദ്ധജലത്തിനും കാര്‍ഷികാവശ്യത്തിനുമുള്ള ജലവിഹിതം നീക്കി വച്ച ശേഷം മാത്രമാകും വ്യാവസായിക ആവശ്യത്തിനുള്ള ജലം നല്‍കുകയെന്ന് അധികൃതര്‍ ഉറപ്പു പറയുന്നു.പദ്ധതിയുടെ 95 ശതമാനം നിര്‍മാണ പ്രവൃത്തികള്‍ നിലവില്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന പങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കുന്ന കിന്‍ഫ്ര മെഗാ ഫുഡ്പാര്‍ക്കിലേക്കും നിര്‍ദിഷ്ട കൊച്ചി-കോയമ്പത്തൂര്‍ വ്യവസായ ഇടനാഴിയുടെ ഭാഗമായേക്കാവുന്ന കിന്‍ഫ്ര പാര്‍ക്കുകളിലേക്കും വെള്ളമെത്തിക്കുകയാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. 2019 സെപ്റ്റംബറിലാണ് കിന്‍ഫ്ര ശുദ്ധജല പദ്ധതിക്ക് തുടക്കമിട്ടത്. ജല അതോറിറ്റിക്കായിരുന്നു നിര്‍മാണ ചുമതല.പദ്ധതി യാഥാര്‍ഥ്യമാവുന്നതോടെ വ്യവസായമേഖലയുടെ വികസനത്തിനു കൂടുതല്‍ വേഗം നല്‍കാനാകുമെന്നാണ് പ്രതീക്ഷ. ഭക്ഷ്യ സംഭരണ-സംസ്‌കരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കിന്‍ഫ്ര മെഗാ ഫുഡ് പാര്‍ക്കിലെ മുഴുവന്‍ കമ്പനികള്‍ക്കും മലമ്പുഴ ശുദ്ധജലം ലഭിക്കും. 23 കോടി രൂപയാണ് പദ്ധതിയുടെ നിര്‍മാണ ചെലവ്. മലമ്പുഴ അണക്കെട്ടു മുതല്‍ കഞ്ചിക്കോട് മെഗാഫുഡ് പാര്‍ക്ക് വരെ 600 എംഎമ്മിന്റെ പൈപ്പുകളാണ് ഇതിനായി സ്ഥാപിച്ചിട്ടുള്ളത്.പൈപ്പ് ലൈന്‍ കടന്നുപോവുന്നത് 3 പഞ്ചായത്തുകളിലായി 16 കിലോമീറ്ററില്‍.മലമ്പുഴ, പുതുശ്ശേരി, എലപ്പുള്ളി പഞ്ചായത്തുകളിലായി 16 കിലോമീറ്ററിലാണ് പൈപ്പ് ലൈന്‍ കടന്നു പോവുന്നത്. മലമ്പുഴ മുക്കൈ, കോരയാര്‍ പുഴപ്പാലങ്ങളില്‍ പാലത്തിന് സമാന്തരമായി പ്രത്യേക കൈവരികള്‍ സ്ഥാപിച്ചാണ് പൈപ്പ് ഇട്ടിട്ടുള്ളത്.പൈപ്പ് ഇടാന്‍ കുത്തിപ്പൊളിച്ച ഭാഗങ്ങളിലെ റോഡുകളില്‍ ടാറിങ് ജോലികളും ഉടനടി നടത്തുന്നുണ്ട്. നിലവില്‍ കഞ്ചിക്കോട് സത്രപ്പടിയിലും ഫുഡ് പാര്‍ക്കിലേക്കുള്ള റോഡുകളിലുമാണ് പൈപ്പ് ഇടല്‍ ജോലികള്‍ പുരോഗമിക്കുന്നത്. വ്യവസായ ഇടനാഴി യഥാര്‍ഥ്യമാകുമ്പോള്‍ ഇതിന്റെ ഭാഗമായുള്ള ഒഴലപ്പതിയിലേക്കും അടുത്ത ഘട്ടത്തില്‍ കിന്‍ഫ്ര പൈപ്പ് ലൈന്‍ ദീര്‍ഘിപ്പിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here