സുജലം പദ്ധതിയിലൂടെ ഗ്രാമവികസനത്തിന് 1.54 കോടി സംഭാവന നല്‍കി എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ്. കുട്ടനാട്ടിലെ എടത്വയിലെ ചങ്ങംകരിയിലുള്ള ദേവസ്വം ബോര്‍ഡ് യു.പി. സ്‌കൂളില്‍ നടന്ന സുജലം പദ്ധതിയുടെ ചടങ്ങില്‍ എല്‍ഐസി എച്ച്എഫ്എല്‍ ജോയിന്റ് ജനറല്‍ മാനേജര്‍ എ ഗോപകുമാറും ആലപ്പുഴ എല്‍ഐസി എച്ച്എഫ്എല്‍ ഏരിയ മാനേജര്‍ ഗൗതം ഡിയും പങ്കെടുത്തു.
സിഎസ്ആര്‍ സംരംഭത്തിന്റെ കീഴിലാണ് തുക നല്‍കുന്നത്. കാര്‍ഷിക മേഖലയില്‍ നിന്നുള്ള ഭൂരിഭാഗം ആളുകളും താമസിക്കുന്ന ഗ്രാമപ്രദേശമായ കുട്ടനാട്ടിലെ ജലസുരക്ഷയും ഗ്രാമവികസനവും വര്‍ദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ക്കായാണ് തുക വിനിയോഗിക്കുക. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ കുട്ടനാട്ടിലെ ഒമ്പത് പഞ്ചായത്തുകളിലായി 6,600-ലധികം പ്രദേശവാസികള്‍ക്ക് പ്രയോജനപ്പെടുന്ന 560 മഴവെള്ള സംഭരണ ടാങ്കുകളുടെ നിര്‍മ്മാണത്തിനായി എല്‍ഐസി എച്ച്എഫ്എല്‍ 4.36 കോടി രൂപ സംഭാവന ചെയ്തിട്ടുണ്ട്.
കുട്ടനാട്ടിലെ ജലസുരക്ഷയ്ക്കായി സിഎസ് ആര്‍ അധിഷ്ഠിതമായ സുപ്രധാന ഇടപെടലുകളിലൊന്നാണ് എടിആര്‍ഇഇയുടെ കമ്മ്യൂണിറ്റി എന്‍വയോണ്‍മെന്റല്‍ റിസോഴ്സ് സെന്റര്‍ നടപ്പാക്കിയ സുജലം പദ്ധതിയെന്ന് എല്‍ ഐ സി അറിയിച്ചു.
‘സുസ്ഥിര ഗ്രാമവികസനത്തിന്റെ അടിസ്ഥാന ഘടകമാണ് ജലസുരക്ഷ. ഗ്രാമീണ സമൂഹങ്ങളെ ശാക്തീകരിക്കുന്നതിനും ജലക്ഷാമത്തെ നേരിടുന്നതിനും, മൊത്തത്തിലുള്ള കാര്‍ഷിക സ്ഥിരതയ്ക്കും ഗ്രാമീണ ക്ഷേമത്തിനും സംഭാവന നല്‍കുന്നതിനുമാണ് ഇത്തരം സംരംഭങ്ങള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കുന്നതെന്ന് എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ് എംഡിയും സിഇഒയുമായ ത്രിഭുവന്‍ അധികാരി പറഞ്ഞു.


