Home Kerala കൂട്ടിക്കല്‍ ദുരന്തത്തിന് ഇന്ന് ഒരു മാസം

കൂട്ടിക്കല്‍ ദുരന്തത്തിന് ഇന്ന് ഒരു മാസം

1
0


കൂട്ടിക്കല്‍: നാടിനെ കണ്ണീരിലാക്കിയ ദുരന്തമുണ്ടായി ഇന്നു ഒരു മാസം പിന്നിടുമ്പോഴും കൂട്ടിക്കല്‍ കരകയറിയിട്ടില്ല. കഴിഞ്ഞ 16നാണു കൂട്ടിക്കല്‍, കൊക്കയാര്‍ പഞ്ചായത്തുകളിലുണ്ടായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും 21 ജീവനുകള്‍ പൊലിഞ്ഞു. ഒരു മാസം പിന്നിടുമ്പോഴും തുടര്‍ച്ചയായി പെയ്യുന്ന മഴ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുകയും ഈ മേഖലകളിലെ ജനങ്ങളുടെ ഭീതി വര്‍ധിപ്പിക്കുകയുമാണ്. എങ്ങുമെത്താതെ പുനരുദ്ധാരണം കൂട്ടിക്കല്‍ പഞ്ചായത്തിലെ കാവാലിയില്‍ ആറുപേരും പ്ലാപ്പള്ളിയില്‍ നാലുപേരും കൊക്കയാര്‍ പഞ്ചായത്തിലെ മാകോച്ചിയില്‍ ഏഴു പേരുമാണ് ഉരുള്‍പൊട്ടലില്‍ മരണപ്പെട്ടത്. ഇളങ്കാട്, മുക്കുളം, കൊക്കയാര്‍ എന്നിവിടങ്ങളിലായി മൂന്നുപേര്‍ ഒഴുക്കില്‍പ്പെട്ടും മരുതുംമൂട്ടില്‍ ഒരാള്‍ മണ്ണിടിഞ്ഞും മരണപ്പെട്ടു. അപകടം നടന്നു ഒരു മാസം പിന്നിട്ടിട്ടും പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ എങ്ങുമെത്തിയില്ലെന്ന ആക്ഷേപമാണു പ്രദേശവാസികള്‍ക്ക്. ഉരുള്‍ പൊട്ടലിന്റെയും മണ്ണിടിച്ചിലിന്റെയും കെടുതികള്‍ നേരിട്ട് അനുഭവിച്ച നൂറുകണക്കിന് ആളുകള്‍ ഇപ്പോഴും ബന്ധുവീടുകളിലും ക്യാമ്പുകളിലുമായാണു കഴിയുന്നത്. 100ലധികം വീടുകള്‍ പൂര്‍ണമായി തകരുകയും 500 ലധികം വീടുകള്‍ വാസയോഗ്യമല്ലാതാകുകയും ചെയ്തിട്ടുണ്ട്. ഒരായുസിലെ സമ്പാദ്യം മുഴുവന്‍ കണ്ണടച്ചു തുറക്കുന്ന വേഗത്തില്‍ നഷ്ടപ്പെട്ടവര്‍ നിരവധിയാണ്. പല ദുരിതാശ്വാസ ക്യാമ്പുകളും പിരിച്ചു വിട്ടതോടെ സമീപത്തെ പള്ളികളിലും സ്‌കൂളുകളിലും ഇപ്പോഴും നിരവധിപേരാണ് അഭയം തേടിയിരിക്കുന്നത്. ദുരിതത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായം എത്തിച്ചു നല്‍കിയെങ്കിലും ബാക്കിയുള്ളവര്‍ ഇനി എത്രനാള്‍ കാത്തിരിക്കണമെന്ന് അറിയില്ല. ഇതിനു പുറമെ മുണ്ടക്കയം ഇളംകാട് റോഡ് അടക്കം ചെറുതും വലുതുമായ നിരവധി റോഡുകളും തകര്‍ന്നിട്ടുണ്ട്. ഇവയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളും ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. മേഖലയില്‍ ചെറുതും വലുതുമായ 49 പാലങ്ങളാണ് ഒഴുകി പോയത്. കോട്ടയം – ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന ഏന്തയാര്‍ പാലം, കൊക്കയാര്‍ പാലം എന്നിവ തകര്‍ന്ന് ഒഴുകിയതോടെ എട്ടോളം ഗ്രാമങ്ങള്‍ ഒറ്റപ്പെട്ട നിലയിലാണ്. ആശുപത്രി, വിദ്യാഭ്യാസം, തുടങ്ങി എല്ലാ കാര്യങ്ങള്‍ക്കും മറുകര കടക്കാന്‍ സാധിക്കാത്ത അവസ്ഥിലാണ് പ്രദേശവാസികള്‍. ഏന്തയാര്‍ പാലത്തിന്റെ പാതി ഭാഗത്ത് താത്കാലികമായി സ്ഥാപിച്ച തടിപ്പാലവും കഴിഞ്ഞ ദിവസം ഉണ്ടായ വെള്ളപ്പാച്ചിലില്‍ മുങ്ങിപ്പോയി. പൂവഞ്ചി തൂക്കുപാലം തകര്‍ന്നതോടെ കിലോമീറ്ററുകള്‍ സഞ്ചരിച്ച് വേണം ഇവിടുത്തുകാര്‍ക്ക് മുണ്ടക്കയത്ത് എത്താന്‍. ഇവിടങ്ങളില്‍ ഒന്നും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ എങ്ങുമെത്തിയിട്ടില്ല. മണിമലയാറ്റിലെ തീരപ്രദേശങ്ങളിലെ പുറന്‌പോക്ക് നിവാസികളുടെ വീടും സ്വത്തുമെല്ലാം മഴവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയയെങ്കിലും ഇവരില്‍ പലരും സര്‍ക്കാരിന്റെ കണക്കിന് പുറത്താണ്.പേടി മാറാതെ കൂട്ടിക്കല്‍ നിവാസികള്‍ മഴയ്ക്കു മുന്നേ മാനം കറക്കുമ്പോള്‍ കൂട്ടിക്കല്‍ നിവാസികളുടെ നെഞ്ചിടിക്കുകയാണ്. കഴിഞ്ഞ 16നുണ്ടായ ഉരുള്‍പൊട്ടലിന്റെയും മണ്ണിടിച്ചിലിന്റെയും നടുക്കുന്ന ഓര്‍മകള്‍ അവര്‍ക്കു വിട്ടുമാറിയിട്ടില്ല. ഇതിന്റെ ബാക്കി പത്രമേന്നോണം കൊക്കയാര്‍ പഞ്ചായത്തിലെ മാക്കൊച്ചിയില്‍ നിരവധി കൂറ്റന്‍പാറകള്‍ വിവിധ ഭാഗങ്ങളിലായി തങ്ങി നില്‍ക്കുകയാണ്. മരങ്ങളിലും മറ്റുമായി തങ്ങിനില്‍ക്കുന്ന പാറകള്‍ താഴേയ്ക്ക് ഉരുണ്ടാല്‍ ഇനി ഒരു ദുരുന്തത്തിനുകൂടി മാക്കൊച്ചി സാക്ഷിയാകേണ്ടി വരും. ഇവ പൊട്ടിച്ച് മാറ്റാന്‍ താത്കാലികമായി ശ്രമം നടത്തിയെങ്കിലും പാതിവഴിയില്‍ അതും ഉപേക്ഷിച്ചിരിക്കുന്ന അവസ്ഥയാണ്. നഷ്ടക്കണക്കില്‍ വലഞ്ഞ് കര്‍ഷകരും വ്യാപാരികളും കൂട്ടിക്കല്‍, മുണ്ടക്കയം, കൊക്കയാര്‍, പെരുവന്താനം പഞ്ചായത്തുകളിലായി ആയിരക്കണക്കിന് ഏക്കര്‍ കൃഷിഭൂമിയാണ് പ്രളയത്തില്‍ നശിച്ചത്. എന്നാല്‍ ഇവര്‍ക്കാര്‍ക്കും കാര്യമായ നഷ്ടപരിഹാരത്തുക ലഭിക്കില്ല. കൃഷിഭവനുകളില്‍ കയറിയിറങ്ങിയാല്‍ ലഭിക്കുന്ന തുക തുച്ഛമായതു കൊണ്ട് തന്നെ പല കര്‍ഷകരും അപേക്ഷ പോലും നല്‍കാന്‍ തയാറായിട്ടില്ല. ഒരായുസു മുഴുവന്‍ അധ്വാനിച്ചുണ്ടായ കൃഷി നശിച്ചതിന്റെ ആഘാത്തില്‍നിന്നും പലരും മുക്തരായിട്ടില്ല. കര്‍ഷകര്‍ക്കു പുറമെ വ്യാപാരികളുണ്ടായ നഷ്ടവും ചെറുതല്ല. പ്രളയബാധിത പ്രദേശങ്ങളില്‍ നിരവധി വ്യാപാര സ്ഥാപനങ്ങളാണ് വെള്ളത്തില്‍ മുങ്ങിയത്. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് വ്യാപാരികള്‍ക്കുണ്ടായത്. ചില സന്നദ്ധ സംഘടനകള്‍ നല്‍കിയ സഹായമല്ലാതെ വ്യാപാരികള്‍ക്ക് മറ്റു സഹായമൊന്നും ലഭിച്ചില്ലെന്ന് ഇവരും പരാതിപ്പെടുന്നു. പ്രളയം നടന്ന ഏതാനും ദിവസങ്ങളില്‍ സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചെങ്കിലും പിന്നീട് ഇത് ഉണ്ടായില്ലെന്നും പരാതിയുണ്ട്. പ്രളയ ബാധിത മേഖല ഉള്‍പ്പെടുത്തി പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്നാണ് വ്യാപാരികളുടെയും കര്‍ഷകരുടെയും ആവശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here