
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കുന്ന ശമ്പളക്കരാര്‍ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ സാന്നിധ്യത്തില്‍ സിഎംഡി ബിജു പ്രഭാകറും ജീവനക്കാരുടെ സംഘടനാ പ്രതിനിധികളും ഒപ്പുവച്ചു. സര്‍ക്കാര്‍ ജീവനക്കാരുടെ പതിനൊന്നാം ശമ്പള കമ്മീഷന്‍ സ്‌കെയിലാണ് മാസ്റ്റര്‍ സ്‌കെയിലായി നിശ്ചയിച്ചിരിക്കുന്നത്. പരിഷ്‌കരിച്ച അടിസ്ഥാന ശമ്പളത്തിന്റെ നാലു ശതമാനം എന്ന നിരക്കില്‍ കുറഞ്ഞത് 1,200 രൂപയും പരമാവധി 5,000 രൂപയും പ്രതിമാസം വീട്ടുവാടക അലവന്‍സ് നല്‍കും. ഫിറ്റ്‌മെന്റ് സര്‍ക്കാരില്‍ നിശ്ചയിച്ചതുപോലെ 10 ശതമാനമാണ്. ഡിസിആര്‍ജി ഏഴു ലക്ഷത്തില്‍നിന്ന് പത്തു ലക്ഷം രൂപയായി വര്‍ധിപ്പിക്കും. 2021 ജൂണ്‍ ഒന്നു മുതല്‍ പുതിയ സ്‌കെയിലിന് പ്രാബല്യം കണക്കാക്കും.പ്രതിമാസം 20 ഡ്യൂട്ടി എങ്കിലും ചെയ്യുന്ന ഡ്രൈവര്‍ക്ക് ഒരു ഡ്യൂട്ടിക്ക് 50 രൂപ വീതവും 20 ല്‍ അധികം ചെയ്യുന്ന ഓരോ ഡ്യൂട്ടിക്കും 100 രൂപ വീതവും കണക്കാക്കി ശമ്പളത്തോടൊപ്പം അധിക ബത്തയായി അനുവദിക്കും.




