കെ.എം. മാണിയുടെ പിന്തുണ യുഡിഎഫിന്
ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിനെ പിന്തുണയ്ക്കാൻ കേരള കോൺഗ്രസ് (എം)തീരുമാനിച്ചു. പാർട്ടി അധ്യക്ഷൻ മാണിയുടെ പാലായിലുള്ള വീട്ടിൽ ചേർന്ന പാർട്ടി ഉപസമിതി യോഗത്തിന് ശേഷമാണ് ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി ഡി. വിജയകുമാറിനെ പിന്തുണയ്ക്കുമെന്ന് മാണി പ്രഖ്യാപിച്ചത്. മലപ്പുറം വേങ്ങര മോഡൽ സഹകരണമായിരിക്കും നൽകുക. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മാത്രമാണ് ഇപ്പോൾ കേരള കോൺഗ്രസ് (എം) തീരുമാനമെടുത്തിരിക്കുന്നത്.
യോഗത്തിന് തൊട്ടുമുൻപായി മാണിയും പി.ജെ. ജോസഫും ചർച്ച നടത്തിയിരുന്നു. ജോസ് കെ. മാണി, ജോയ് ഏബ്രഹാം, റോഷി അഗസ്റ്റിൻ, പി.ടി. ജോസ്, സി.എഫ്. തോമസ്, തോമസ് ജോസഫ്, മോൻസ് ജോസഫ്, എന്നിവരാണ് ഉപസമിതിയിലെ മറ്റ് അംഗങ്ങൾ. ഇന്നലെ വൈകുന്നേരത്തോടെ യുഡിഎഫിലെ മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല., കുഞ്ഞാലിക്കുട്ടി, എം.എം. ഹസൻ എന്നിവർ മാണിയെ സന്ദർശിച്ച് പിന്തുണ അഭ്യർത്ഥിച്ചിരുന്നു.
- ഇതോടെ മാണി യുഡിഎഫിന് പിന്തുണ നൽകിയേക്കുമെന്ന് അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് മാണി ഔദ്യോഗികമായി പാർട്ടി നയം വ്യക്തമാക്കിയിരിക്കുന്നത്.എന്നാൽ മാണി യുഡിഎഫിന് പിന്തുണ നൽകുന്നത് തന്റെ ജയത്തെ ബാധിക്കില്ലെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാൻ അഭിപ്രായപ്പെട്ടു.







