Home Latest News in Kerala കെ-റെയില്‍: നാല് വില്ലേജുകളില്‍ സര്‍വേയും കല്ലിടല്‍ പൂര്‍ത്തിയായി

കെ-റെയില്‍: നാല് വില്ലേജുകളില്‍ സര്‍വേയും കല്ലിടല്‍ പൂര്‍ത്തിയായി

4
0

ചാത്തന്നൂര്‍: അതിവേഗ റെയില്‍ പദ്ധതിയായ കെ-റെയിലിന് വേണ്ടി സ്ഥലമേറ്റെടുക്കുന്നതിനുള്ള അതിര്‍ത്തി കല്ലിടല്‍ നാല് വില്ലേജുകളില്‍ പൂര്‍ത്തിയായി. ആദിച്ചനല്ലൂര്‍ വില്ലേജിലെ മൈലക്കാട് മൂഴിയില്‍ ഭാഗത്ത് അതിര്‍ത്തി കല്ല് സ്ഥാപിച്ചപ്പോള്‍ ബിജെപിയും യൂത്ത് കോണ്‍ഗ്രസും പ്രതിഷേധവുമായി രംഗത്തെത്തി. ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധ മറിയിച്ചശേഷം പിന്‍വാങ്ങി. കല്ലിടല്‍ തടസപ്പെടുത്താന്‍ ശ്രമിച്ച ആറ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് മാറ്റി. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. ചാത്തന്നൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ജസ്റ്റിന്‍ ജോണിന്റെ നേതൃത്വത്തില്‍ ശക്തമായ പോലീസ് സന്നാഹത്തോടെയായിരുന്നു കല്ലിടല്‍ . ജില്ലയിലെ തെക്കന്‍ പ്രദേശങ്ങളായ കല്ലുവാതുക്കല്‍, പാരിപ്പള്ളി, ചിറക്കര, മീനാട് എന്നീ വില്ലേജുകളിലായി 10.8 കിലോമീറ്ററിലാണ് 570 ഓളം കല്ലുകള്‍ സ്ഥാപിച്ചത്. ജില്ലാ അതിര്‍ത്തിയായ കാട്ടുപുതുശേരി 38.2കിലോമീറ്ററില്‍ നിന്നാണ് കെ-റെയില്‍ ജില്ലയിലേക്ക് കടക്കുന്നത്.ജില്ലയുടെ വടക്കന്‍ പ്രദേശമായ പോരുവഴി വില്ലേജിലെ 80.8 കിലോമീറ്ററിലുടെയാണ് ആലപ്പുഴ ജില്ലയിലേയ്ക്ക് പ്രവേശിക്കുന്നത്. ജില്ലയില്‍ 42.6 കിലോമീറ്ററാണ് കെ-റെയിലിന്റെ സഞ്ചാര പാത. ജില്ലയില 15 വില്ലേജുകളിലൂടെയാണ് കടന്നു പോകുന്നത്. കല്ലുവാതുക്കല്‍, പാരിപ്പള്ളി വില്ലേജുകളില്‍ സുഗമമായി കല്ലിടല്‍ നടന്നുവെങ്കിലും ചാത്തന്നൂരിലെ മീനാട് വില്ലേജിലെത്തിയപ്പോള്‍ പ്രതിഷേധങ്ങള്‍ ശക്തമായി. സര്‍വ്വേ നടപടികള്‍ തടസപ്പെടുത്താന്‍ ശ്രമിച്ചതിന് രണ്ട് ദിവസങ്ങളിലായി 23 പേരെ അറസ്റ്റ് ചെയ്യുകയും പോലീസ് കേസെടുക്കുകയും ചെയ്തു.മൂന്നാം ദിവസം 16 കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുന്‍കരുതലായി അറസ്റ്റ് ചെയ്‌തെങ്കിലും അവര്‍ക്കെതിരെ കേസെടുത്തില്ല. കഴിഞ്ഞ തിങ്കളാഴ്ച ഉപഗ്രഹത്തില്‍ നിന്നുള്ള സിഗ്‌നല്‍ കിട്ടാതായതിനെ തുടര്‍ന്ന് കല്ലിടല്‍ നിര്‍ത്തിവെയ്‌ക്കേണ്ടിയും വന്നു. ഇന്നലെ ആദിച്ചനല്ലൂര്‍ വില്ലേജില്‍പ്പെട്ട ഇത്തിക്കര, മൈലക്കാട് പ്രദേശങ്ങളിലാണ് കല്ലിടല്‍ നടന്നത്. ബിജെപിയും യൂത്ത് കോണ്‍ഗ്രസും പ്രതിഷേധവുമായെത്തിയെങ്കിലും കല്ലിടല്‍ സുഗമമായി നടന്നു.

LEAVE A REPLY

Please enter your comment!
Please enter your name here