തിരുവനന്തപുരം: സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്താന്‍ എഐസിസിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേരും. സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കിന്റെ അധ്യക്ഷതയിലാണ് യോഗം. കെപിസിസി നേതാക്കള്‍, ഡിസിസി ഭാരവാഹികള്‍, പാര്‍ലമെന്റ് മണ്ഡലത്തിന്റെ ചുമതലക്കാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിക്കും.
സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലെയും യുഡിഎഫ് പ്രവര്‍ത്തനം യോഗം വിലയിരുത്തും. എഐസിസി അധ്യക്ഷന്‍ രാഹുല്‍ഗാന്ധി മല്‍സരിക്കുന്ന വയനാട്ടിലെ പ്രവര്‍ത്തനങ്ങളും , ഭാവി തന്ത്രങ്ങളും യോഗം ചര്‍ച്ച ചെയ്യും. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ വീഴ്ച പറ്റിയെന്ന് ആക്ഷേപമുള്ള തിരുവനന്തപുരത്തെയും പാലക്കാട്ടെയും പ്രശ്നങ്ങളും യോഗം വിലയിരുത്തും. പാലക്കാട്ടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വി കെ ശ്രീകണ്ഠന്റെ പ്രചാരണപരിപാടികളില്‍ നിന്ന് ഒരു വിഭാഗം വിട്ടുനില്‍ക്കുന്നതായാണ് ആക്ഷേപം ഉയര്‍ന്നിട്ടുള്ളത്.







