Home Kerala കേരളത്തില്‍ ഈ വര്‍ഷം ഇതുവരെ പുതുതായി കണ്ടെത്തിയ 273 കുഷ്ഠരോഗികളില്‍ 21 പേര്‍ കുട്ടികള്‍

കേരളത്തില്‍ ഈ വര്‍ഷം ഇതുവരെ പുതുതായി കണ്ടെത്തിയ 273 കുഷ്ഠരോഗികളില്‍ 21 പേര്‍ കുട്ടികള്‍

1
0

തിരുവനന്തപുരം: കേരളത്തില്‍ ഈ വര്‍ഷം ഇതുവരെ പുതുതായി കണ്ടെത്തിയ 273 കുഷ്ഠരോഗികളില്‍ 21 പേര്‍ കുട്ടികള്‍. കേരളത്തിലെ കുട്ടികള്‍ക്കിടയിലെ രോഗബാധ ദേശീയ ശരാശരിയെക്കാള്‍ കൂടുതലാണെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ഈ സാഹചര്യത്തില്‍ ഡിസംബര്‍ അഞ്ചുമുതല്‍ രണ്ടാഴ്ച വീടുകള്‍ സന്ദര്‍ശിച്ച് പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു.

കൂടുതല്‍ രോഗികളെ കണ്ടെത്തിയ എട്ട് ജില്ലകളിലാണ് പരിശോധന. ഒരു ആശാവര്‍ക്കറും ഒരു പുരുഷ വൊളന്റിയറും വീടുകളിലെത്തി പരിശോധിക്കും. രോഗബാധ കണ്ടെത്തുന്നവര്‍ക്ക് ചികിത്സ നല്‍കും. തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് പരിശോധന.

2005-ല്‍ രാജ്യത്ത് കുഷ്ഠരോഗം നിവാരണം ചെയ്തതായി പ്രഖ്യാപിച്ചിരുന്നു. രോഗികളുടെ എണ്ണം പതിനായിരത്തില്‍ ഒന്നില്‍ത്താഴെ മാത്രമാകുമ്പോഴാണ് രോഗം നിവാരണം ചെയ്തതായി പ്രഖ്യാപിക്കുന്നത്. ഇപ്പോള്‍ കേരളത്തില്‍ രോഗം കണ്ടെത്തിയിട്ടുള്ളത് പതിനായിരത്തില്‍ 0.2 പേരിലാണ്. ഏതാനും വര്‍ഷങ്ങളായി ഈ നിരക്കില്‍ മാറ്റമില്ല.

രോഗികളുടെ എണ്ണത്തില്‍ കുട്ടികളുടെ ശതമാനം കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളില്‍ 6.9-ല്‍നിന്ന് 9.42 ആയി വര്‍ധിച്ചതായി സംസ്ഥാന ലെപ്രസി ഓഫീസര്‍ ഡോ. പദ്മലത പറഞ്ഞു. 2016-17-ല്‍ 36 കുട്ടികളിലും കഴിഞ്ഞവര്‍ഷം 49 കുട്ടികളിലുമാണ് പുതുതായി രോഗബാധ കണ്ടെത്തിയത്. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍വരെ 21 കുട്ടികളില്‍ പുതുതായി രോഗബാധ കണ്ടെത്തി.
രോഗബാധ കൊണ്ട് പ്രകടമായ വൈകല്യങ്ങള്‍ ഉണ്ടായശേഷം മാത്രം ചികിത്സയ്ക്കായി എത്തുന്നവരുടെ എണ്ണവും കേരളത്തില്‍ കൂടുന്നുണ്ട്. രോഗാരംഭത്തില്‍ അല്ലാതെ, പകര്‍ച്ചശേഷിയുള്ള വിഭാഗമായ ശേഷമാണ് 60-70 ശതമാനം രോഗബാധയും സംസ്ഥാനത്ത് കണ്ടെത്താനാവുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here