
കൊല്ലം: കേരളത്തെ ഞെട്ടിച്ച ഉത്ര വധക്കേസില്‍ നാളെ കോടതി വിധി പറയും. കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. അഞ്ചല്‍ സ്വദേശി ഉത്രയെ ഭര്‍ത്താവ് സൂരജ് പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. സൂരജ് മാത്രമാണ് കൊലക്കേസിലെ പ്രതി. സൂരജിന് പാമ്പിനെ നല്‍കിയ സുരേഷിനെ കേസില്‍ മാപ്പ് സാക്ഷിയാക്കി.സാമ്പത്തികനേട്ടം മാത്രം ലക്ഷ്യമാക്കി ഉത്രയെ വിവാഹംചെയ്ത സൂരജ് ഭിന്നശേഷിക്കാരിയായ ഉത്രയെ ആസൂത്രിതമായി കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ കുറ്റപത്രം.സ്ത്രീധനമായി ലഭിച്ച സ്വര്‍ണ്ണാഭരണങളും കാറും പണവും നഷ്ടപെടുമെന്ന ആശങ്കയില്‍ പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊല്ലുകയായിരുന്നു.2020 മെയ് ഏഴിന് പുലര്‍ച്ചെ അഞ്ചലിലെ വീട്ടില്‍ കിടപ്പുമുറിക്കുള്ളിലാണ് ഉത്രയെ പാമ്പുകടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് മരിച്ച ഉത്രക്ക് ഭര്‍തൃവീട്ടില്‍ വെച്ച് മാര്‍ച്ച് രണ്ടിനും പാമ്പുകടിയേറ്റിരുന്നു. തുടര്‍ച്ചയായ രണ്ടുതവണ ഉത്രയ്ക്ക് പാമ്പ് കടിയേറ്റതോടെ സംശയം തോന്നിയ ബന്ധുക്കള്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്.ഭിന്നശേഷിക്കാരിയായ ഭാര്യയെ അവരുടെ സ്വത്ത് നിലനിര്‍ത്തണമെന്നുമുള്ള ഉദ്ദേശത്തോടെ കൊലപ്പെടുത്തുകയും അത് സര്‍പ്പകോപമാണെന്ന് വരുത്തി തീര്‍ക്കാനുള്ള പ്രതിയുടെ ശ്രമമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം.ഭാര്യയെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സൂരജ് കരുതലും സ്‌നേഹവും അഭിനയിക്കുകയായിരുന്നു. ഭര്‍ത്താവിന്റെത് ആത്മാര്‍ഥ സ്‌നേഹമാണെന്ന് ഉത്ര തെറ്റിദ്ധരിച്ചു. അതുകൊണ്ടാണ് കൊലപ്പെടുത്തുന്നതിന് മുമ്പ്് സൂരജ് നല്‍കിയ മയക്കുമരുന്ന് കലര്‍ന്ന പാനീയം വിശ്വാസത്തോടെ വാങ്ങിക്കുടിച്ചത്. ആദ്യം അണലിയെ കൊണ്ട് കടുപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു. അത് പരാജയപ്പെട്ട് ഉത്ര ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ സൂരജ് അടുത്ത പദ്ധതി തയാറാക്കി. അത്യപൂര്‍വവ്വമാകുന്നത് കൊലപാതകം നടപ്പിലാക്കാനുള്ള പ്രതിയുടെ സമാനതകളില്ലാത്ത കുബുദ്ധിയും ഉപയോഗിച്ച പാമ്പ്് എന്ന ആയുധവുമാണ്. രണ്ടു തവണ നിരാലംബയായ ഒരു സ്ത്രീയില്‍ ഏല്‍പ്പിച്ച സഹിക്കാനാവാത്ത വേദനയും എല്ലാ കുറ്റകൃത്യവും മൂടിവെയ്ക്കാന്‍ ഉപയോഗിച്ച സര്‍പ്പകോപം എന്ന മിത്തും മാത്രമല്ല കൊലപാതകം നടപ്പിലാക്കാന്‍ വേണ്ടി പ്രതി ഉത്രയോട് കാണിച്ച സ്‌നേഹവും കരുതലും കൂടിക്കൊണ്ടാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.മൂര്‍ഖന്റെ കടിയേറ്റാണ് മരണമടഞ്ഞതെന്നു പരിഗണിക്കുമ്പോള്‍ സാധാരണഗതിയില്‍ പാമ്പിനെ ഉപയോഗിച്ചുള്ള കൊലപാതകം മറ്റ് സാഹചര്യങ്ങളില്‍ നിന്നു മാത്രമെ തിരിച്ചറിയാന്‍ കഴിയുകയുള്ളു. കേസില്‍ മൂര്‍ഖന്റെ കടി തന്നെ അസ്വാഭാവികമാണെന്ന് തെളിയിക്കാനായതായി പ്രോസിക്യൂഷന്‍ അറിയിച്ചു. പാമ്പ് കടിയേറ്റു മരിച്ചാല്‍ അതു കൊലപാതകമാണെന്നു തെളിയിക്കാന്‍ ബുദ്ധിമുട്ടാണെന്നതു തന്നെയാണ് സൂരജ് പാമ്പിനെ ഉപയോഗിച്ച് കൊലപാതകം നടത്തിയതെന്നു വ്യക്തമാണ്. എന്നാല്‍ സാഹചര്യങ്ങള്‍ കാവ്യനീതി പോലെ പ്രതിയുടെ കുറ്റകൃത്യം പുറത്തു കൊണ്ടുവന്നുവെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.ഉത്രയുടെ മരണത്തിനിടയാക്കിയ പാമ്പുകടി സ്വാഭാവികമാണോ എന്നറിയാന്‍ സര്‍പ്പശാസ്ത്രജ്ഞനായ മവീഷ് കുമാര്‍ വനം വകുപ്പ് ഉദ്യോഗസ്ഥന്‍ മുഹമ്മദ് അന്‍വര്‍, വെറ്റിനറി സര്‍ജന്‍ ഡോ. കിഷോര്‍കുമാര്‍, ഫോറന്‍സിക് മെഡിസിന്‍ തിരുവനന്തപുരം എം.സി.എച്ച് മേധാവി ഡോ. ശശികല എന്നിവരടങ്ങിയ എക്‌സ്‌പെര്‍ട്ട് കമ്മിറ്റി മരണത്തിനിടയാക്കിയ പാമ്പുകടി സ്വാഭാവികമല്ലെന്നും കൊലപാതകമാണെന്നും വസ്തുതകള്‍ പരിശോധിച്ച് കണ്ടെത്തിയിരുന്നു. പാമ്പുകളെ കൈകാര്യം ചെയ്യുന്നതില്‍ വിദഗ്ധനായ വാവ സുരേഷിനെയും ഇതേ വസ്തുതകള്‍ തെളിയിക്കാനായി കോടതിയില്‍ വിസ്തരിച്ചു.മൂര്‍ഖന്‍ പാമ്പിന് ഉത്ര കിടന്ന മുറിയില്‍ കയറുവാനുള്ള പഴുതുകള്‍ ഇല്ലായിരുന്നുവെന്നും ജനല്‍ വഴി കയറാനുള്ള സാധ്യത ഇല്ലെന്നും എല്ലാ വിദഗ്ധ സാക്ഷികളും മൊഴി നല്‍കിയിരുന്നു. മൂര്‍ഖന്‍ സാധാരണ ഗതിയില്‍ മനുഷ്യരെ ആവശ്യമില്ലാതെ കൊത്താറില്ല എന്നും പുലര്‍ച്ചെ സമയത്ത് ആക്ടീവ് അല്ലെന്നും തെളിവുകളെ ഉദ്ധരിച്ച് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.മയക്കുമരുന്ന് നല്‍കി ചലനമില്ലാതെ ഉറങ്ങിക്കിടന്ന ഉത്രയെ മൂര്‍ഖന്‍ ഒരു കാരണവുമില്ലാതെ രണ്ട് പ്രാവിശ്യം കൊത്തിയെന്നത് വിശ്വസനീയമല്ല. കടികള്‍ തമ്മിലുള്ള അസാമാന്യ വലിപ്പ വ്യത്യാസം പാമ്പിന്റെ തലയില്‍ പിടിച്ചമര്‍ത്തിയാലാണ് ഉണ്ടാകാറുള്ളത് എന്നത് ഡമ്മി പരീക്ഷണം കോടതിയില്‍ പ്രദര്‍ശിപ്പിച്ച് വാദം പറഞ്ഞു. മൂര്‍ഖന്‍ പാമ്പിന്റെ തലയില്‍ പിടിച്ചമര്‍ത്തുമ്പോള്‍ പല്ലുകള്‍ വികസിക്കുന്ന ചിത്രമാണ് കോടതിയില്‍ പ്രദര്‍ശിപ്പിച്ചത്.ഇത്തരം സാഹചര്യങ്ങളെ ഒറ്റയ്‌ക്കൊറ്റക്ക് എടുക്കാതെ ഒരുമിച്ച് പരിഗണിക്കുകയാണെങ്കില്‍ ഉത്രയ്‌ക്കേറ്റ പാമ്പുകടി സ്വാഭാവികമല്ല എന്ന് വ്യക്തമാകുന്നു. ശാസ്ത്രീയവും വൈദ്യശാസ്ത്രപരവുമായ തെളിവുകള്‍ കൊണ്ടും മറ്റ് സാഹചര്യങ്ങള്‍ കൊണ്ടും ഉത്ര മരണപ്പെട്ടത് അസ്വാഭാവികവും കൊലപാതകവുമായ മൂര്‍ഖന്‍ പാമ്പിന്റെ കടി കൊണ്ടാണെന്ന് പ്രോസിക്യൂഷന്‍ നിസംശയം തെളിയിച്ചതായി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയെ ധരിപ്പിച്ചു. ഉത്ര വധക്കേസില്‍ മൂര്‍ഖന്‍ പാമ്ബിനെ കൊണ്ട് ഡമ്മിയില്‍ കടിപ്പിച്ചുള്ള തെളിവെടുപ്പും നടത്തിയിരുന്നു.





