കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തെ രൂക്ഷമായി വിമര്‍ശിച്ച് കെസിബിസി മദ്യവിരുദ്ധസമിതി. കേരളത്തെ മദ്യത്തില്‍ മുക്കി കൊല്ലാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടുനടത്തുന്ന ലഹരി വിരുദ്ധ പരിപാടികള്‍ പൂര്‍ണമായും ഫലം കാണുന്നില്ലെന്നുമാണ് വിമര്‍ശനം. മദ്യ, ലഹരി വിരുദ്ധദിനത്തോടനുബന്ധിച്ച് ഞായറാഴ്ച പള്ളികളില്‍ വായിക്കാന്‍ പുറപ്പെടുവിച്ച സര്‍ക്കുലറിലാണ് സര്‍ക്കാരിനെതിരേ കെസിബിസി രംഗത്തുവന്നിരിക്കുന്നത്.
‘തുടര്‍ഭരണംനേടി അധികാരത്തിലെത്തുന്ന പല സര്‍ക്കാരുകളും വരുമാനം വര്‍ധിപ്പിക്കുന്നതിനായി സ്വീകരിക്കുന്ന മാര്‍ഗങ്ങള്‍ മദ്യ ഉത്പാദനവും മദ്യ വിതരണവും ഉള്‍പ്പടെയുള്ളവയാണ്. ഇതിന്റെ ഭാഗമായാണ് കേരളത്തില്‍ ബാറുകളുടെയും ബിയര്‍ പാര്‍ലറുകളുടെയും എണ്ണം വര്‍ധിക്കുന്നത്.
ഐടി പാര്‍ക്കുകളില്‍ ഉള്‍പ്പെടെ ബാറുകളും പബ്ബുകളും വരുന്നു. ഇലപ്പുള്ളിയില്‍ മദ്യനിര്‍മാണശാലയ്ക്ക് അനുമതി നല്‍കുന്നു. ഇത്തരത്തില്‍ കേരളത്തെ മദ്യത്തില്‍ മുക്കി കൊല്ലാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതരസംസ്ഥാനങ്ങളില്‍നിന്ന് തൊഴില്‍തേടി കേരളത്തിലെത്തുന്നവരെ സമ്പൂര്‍ണമായി പരിശോധനയ്ക്കു വിധേയമാക്കണം’, സര്‍ക്കുലറില്‍ പറയുന്നു.


