കേരളം ലോകത്തിന് മുന്നില്‍ അവതരിപ്പിച്ച വാട്ടര്‍ മെട്രോ പദ്ധതി മുംബൈയിലേക്ക്. പദ്ധതിയുടെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ കൊച്ചി വാട്ടര്‍ മെട്രോ അതോറിറ്റിയെ ചുമതലപ്പെടുത്തിയെന്ന് മഹാരാഷ്ട്രയിലെ തുറമുഖ ഫിഷറീസ് വകുപ്പ് മന്ത്രി നിതേഷ് റാണ പ്രഖ്യാപിച്ചു. 2026 തുടക്കത്തോടെ മുംബൈ മെട്രോപൊളിറ്റന്‍ മേഖലയില്‍ വാട്ടര്‍ മെട്രോ യാഥാര്‍ത്ഥ്യമാക്കാനാണ് ശ്രമം.
രണ്ട് മാസത്തിനുള്ളില്‍ ഡിപിആര്‍ തയ്യാറാകുമെന്നും പിന്നാലെ പദ്ധതി അതിവേഗം പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മഹാരാഷ്ട്രയില്‍ 720 കിലോമീറ്റര്‍ നീളമുള്ള തീര മേഖല ഇപ്പോഴും വികസനം കാത്ത് കിടക്കുന്ന സാഹചര്യത്തിലാണ് ഈ പദ്ധതി എത്തുന്നത്.
വാട്ടര്‍ മെട്രോയുടെ ഭാഗമായി തീരദേശ മേഖലയില്‍ പുതിയ റോഡുകളും കടലാക്രമണം പ്രതിരോധിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നുണ്ട്. മുംബൈയിലെ നവി മുംബൈ, അലിബാഗ് തുടങ്ങിയ സ്ഥലങ്ങളെ പ്രധാന കരഭാഗവുമായി ബന്ധിപ്പിക്കുന്ന നിലവിലെ ജലഗതാഗത പദ്ധതി വാട്ടര്‍മെട്രോ യാതാര്‍ത്ഥ്യമാകുന്നതോടെ അന്തര്‍ദേശീയ ശ്രദ്ധ നേടുമെന്നാണ് മഹാരാഷ്ട്ര മന്ത്രിയുടെ പ്രതീക്ഷ.







