തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കോവിഡ് രോ?ഗിയെ പുഴുവരിച്ച സംഭവത്തിൽ ആശുപത്രി അധികൃതരുടെ സസ്‌പെൻഷൻ പിൻവലിച്ച് സർക്കാർ. ഡോ.അരുണ, ഹെഡ് നഴ്‌സുമാരായ ലീന കുഞ്ചൻ , രജനി കെ.വി.എന്നിവരെയാണ് ജോലിയിലേക്ക് തിരികെയെടുത്തത്.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ചുമതലപ്പെടുത്തിയിരുന്ന മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ(ഡി.എം.ഇ.) റംലാബീവി, ആരോഗ്യവകുപ്പ് സെക്രട്ടറി രാജൻ ഖൊബ്രഗഡെയ്ക്കു നൽകിയ റിപ്പോർട്ടിനെത്തുടർന്നാണ് സസ്പെൻഷൻ പിൻവലിച്ചത്.
നേരത്തേ, ഡി.എം.ഇ.യുടെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു മൂന്നുപേരെ സസ്പെൻഡ് ചെയ്തത്. സസ്പെൻഷൻ നടപടിക്കെതിരേ ഡോക്ടർമാരും നഴ്സുമാരും പ്രതിഷേധസമരം നടത്തിയിരുന്നു.
സസ്‌പെൻഷൻ പിൻവലിച്ചെങ്കിലും ഡോക്ടർക്കും ജീവനക്കാർക്കുമെതിരായ വകുപ്പ് തല നടപടികൾ തുടരും. അച്ചടക്ക നടപടിക്കെതിരെ വലിയ എതിർപ്പാണ് ഡോക്ടർമാരുടേയും നഴ്‌സുമാരുടേയും സംഘടനകളുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. ആയിരക്കണക്കിന് രോഗികൾ വരുന്ന കോവിഡ് കാലത്ത് അധിക ഡ്യൂട്ടിയും ആരോഗ്യ മേഖലയിലെ ജീവനക്കാരുടെ പ്രതിസന്ധികളും ഒന്നും സർക്കാർ കണക്കിലെടുത്തില്ലെന്ന ആക്ഷേപവും ശക്തമായിരുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോവിഡ് മേൽനോട്ടത്തിന് പ്രത്യേക സമിതി രൂപീകരിക്കാനും തീരുമാനം ആയി. ഡിഎംഇയുടെ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടി. സർജറി വിഭാഗം പ്രൊഫസർക്ക് കോവിഡ് ചുമതല കൈമാറി.
ഓഗസ്റ്റ് 21-ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച വട്ടിയൂർക്കാവ് സ്വദേശി അനിൽകുമാറിന്റെ ശരീരത്തിലാണ് പുഴുവരിച്ചത്. ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തിയപ്പോഴാണ് ശരീരത്തിൽ പുഴുവരിച്ചത് ബന്ധുക്കൾ കണ്ടെത്തിയത്.





