ന്യൂഡൽഹി: കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിൽ ശാസ്ത്രലോകം വിജയത്തോടടുക്കുന്നു. ലോകം പ്രതീക്ഷയോടെ കാത്തിരുന്ന കോവിഡ് വാക്‌സിൻ ഏതാനും മാസത്തിനകം വിപണിയിലെത്തും. ഓക്‌സ്‌ഫോർഡ് സർവകലാശാല വികസിപ്പിച്ച വാക്‌സിന്റെ ആദ്യഘട്ട പരീക്ഷണം വിജയകരമായി പൂർത്തിയാക്കി.
ഓക്‌സ്‌ഫോർഡ് സർവകലാശാലയും അസ്ട്രാസെനക ഫാർമസ്യൂട്ടിക്കൽസും സംയുക്തമായാണ് വാക്‌സിൻ വികസിപ്പിച്ചത്. മരുന്നു സുരക്ഷിതമാണെന്ന് ഒന്നും രണ്ടും ഘട്ട കഌനിക്കൽ പരീക്ഷണത്തിൽ തെളിഞ്ഞുവെന്നും പരീക്ഷണത്തിനു വിധേയരായവരിൽ വൈറസിനെതിരായ ആന്റിബോഡി ഉൽപാദിപ്പിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. പരീക്ഷണത്തന്റെ മൂന്നാം ഘട്ടം മാത്രമാണ് ഇനി പൂർത്തീകരിക്കാനുള്ളത്.
ഓക്‌സ്ഫഡ് കോവിഡ് 19 വാക്‌സിൻ ട്രയലിന്റെ ഒന്ന്, രണ്ട് ഘട്ടങ്ങളുടെ റിപ്പോർട്ടാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. വാക്‌സിൻ സുരക്ഷിതവും രോഗപ്രതിരോധശേഷി ഉയർത്താൻ സഹായിക്കുന്നതുമാണെന്നാണ് മെഡിക്കൽ ജേണൽ ദി ലാൻസെറ്റിന്റെ ചീഫ് എഡിറ്റർ പ്രതികരിച്ചത്.
ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി ഗവേഷകർക്കൊപ്പം അസ്ട്രാസെനക ഫാർമസ്യൂട്ടിക്കൽ കമ്പനി വികസിപ്പിച്ചുകൊണ്ടിരിക്കുന്ന വാക്‌സിനെക്കുറിച്ച് ലാൻസെറ്റ് മെഡിക്കൽ ജേണലിൽ വിശദമായ റിപ്പോർട്ടാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
നിലവിലെ പരീക്ഷണങ്ങൾ പ്രതീക്ഷ ഉണർത്തുന്നതാണെങ്കിലും തുടർ പരീക്ഷണങ്ങൾ അനിവാര്യമാണെന്ന് റിപ്പോർട്ട് പറയുന്നു. ChAdOx1 nCoV19 എന്നു പേരിട്ടിരിക്കുന്ന വാക്‌സിൻ ഫലപ്രദമാണെന്ന് തെളിഞ്ഞാൽ ഏതാനും മാസങ്ങൾക്കകം ഇത് വിപണിയിലെത്തിക്കാനാവുമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ.
കൊറോണ വൈറസിനെതിരെ ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി വികസിപ്പിച്ചെടുത്ത കോവിഡ്19 വാക്‌സിന്റെ ഒന്നും രണ്ടും ഘട്ടങ്ങൾ വിജയിച്ചതായി റിപ്പോർട്ട് പുറത്തുവന്നതോടെ മരുന്ന് ഓർഡർ ചെയ്യാൻ മുന്നോട്ടു വന്ന് രാജ്യങ്ങൾ. ഇതോടെ വാക്‌സിൻ നിർമാണത്തിന് അനുമതി തേടി നിരവധി രാജ്യങ്ങൾ അധികൃതരെ സമീപിക്കാൻ തുടങ്ങി. പ്രാരംഭ പരീക്ഷണങ്ങളുടെ ഫലം ദ ലാൻസെറ്റ് മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ചതോടെ വാക്‌സിന്റെ ഒരു കോടി ഡോസുകളാണ് ബ്രിട്ടൻ ഓർഡർ ചെയ്തിരിക്കുന്നത്.








