Home Kerala ചര്‍ച്ച പരാജയം; കെഎസ്ആര്‍ടിസിയില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ അനിശ്ചിതകാല പണിമുടക്ക്

ചര്‍ച്ച പരാജയം; കെഎസ്ആര്‍ടിസിയില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ അനിശ്ചിതകാല പണിമുടക്ക്

1
0

തിരുവനന്തപുരം: കെഎസ്ആര്‍ടിസി എംഡിയുമായി യൂണിയന്‍ നേതാക്കള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെ ഇന്ന് അര്‍ധരാത്രി മുതല്‍ കെഎസ്ആര്‍ടിസിയില്‍ അനിശ്ചിതകാല പണിമുടക്ക് ഉറപ്പായി. സമരമല്ലാതെ വേറെ വഴിയില്ലെന്ന് കെഎസ്ആര്‍ടിസി സംയുക്തയൂണിയന്‍ നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. ആവശ്യങ്ങള്‍ അംഗീകരിച്ചുകിട്ടുംവരെ പണിമുടക്കില്‍ നിന്ന് പിന്നോട്ടില്ലെന്നും യൂണിയന്‍ നേതാക്കള്‍ ചര്‍ച്ചയ്ക്ക് ശേഷം പറഞ്ഞു. കെഎസ്ആര്‍ടിസി എംഡി ചര്‍ച്ചയില്‍ ധിക്കാരപരമായ നിലപാടാണ് സ്വീകരിച്ചതെന്നും യൂണിയന്‍ നേതാക്കള്‍ ആരോപിച്ചു.

അതേസമയം, കെഎസ്ആര്‍ടിസി അനിശ്ചിതകാലപണിമുടക്കില്‍ നിന്ന് യൂണിയനുകള്‍ പിന്‍മാറണമെന്ന് കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരി ആവശ്യപ്പെട്ടു. സമരത്തിലുള്ള യൂണിയനുകളുടെ പല ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ളതാണ്. സമരത്തില്‍ നിന്ന് പിന്‍മാറിയിട്ടില്ലെങ്കില്‍ സര്‍ക്കാരുമായി ആലോചിച്ച് ഭാവിനടപടികളുമായി മുന്നോട്ടുപോവുമെന്നും കെഎസ്ആര്‍ടിസി എംഡി മുന്നറിയിപ്പ് നല്‍കി.

അതേസമയം, കെഎസ്ആര്‍ടിസിയില്‍ സംയുക്ത തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച സമരത്തെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. സമരം നിയമപരമായ നടപടിയല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. നേരത്തെ നോട്ടീസ് നല്‍കി എന്നത് പണിമുടക്കാനുള്ള അനുമതിയല്ല. ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തില്‍ പണിമുടക്ക് നീട്ടിവച്ചുകൂടെ എന്ന് ഹൈക്കോടതി ചോദിച്ചു.

പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്നതല്ലേ പ്രധാനം? നിയമപരമായ പരിഹാരം ഉള്ളപ്പോള്‍ എന്തിന് മറ്റ് മാര്‍ഗങ്ങള്‍ തേടണമെന്നും സമരം നീയമപരമായ നടപടിയല്ലെന്നും നിയമപരമായ അവസരം ലഭിക്കുമ്പോള്‍, നിയമവിരുദ്ധമായി സമരത്തിന് പോകുന്നത് തെറ്റാണെന്നും കോടതി പറഞ്ഞു. സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യൂക്കേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ പരാമര്‍ശം. കേസ് ഉച്ചയ്ക്ക് 1.45ന് വീണ്ടും പരിഗണിക്കും.

കെഎസ്ആര്‍ടിസിയിലെ വിവിധ യൂണിയനുകള്‍ സംയുക്തമായാണ് അനിശ്ചിതകാല പണിമുടക്കുമായി രംഗത്തുവന്നിരിക്കുന്നത്. ഡ്യൂട്ടി പരിഷ്‌കരണം സംബന്ധിച്ച് ഗതാഗത സെക്രട്ടറി നല്‍കിയ ശുപാര്‍ശ നടപ്പാക്കുക, ശമ്പള പരിഷ്‌കരണ ചര്‍ച്ച തുടങ്ങുക, പിരിച്ചുവിട്ട താത്കാലിക ജീവനക്കാരെ തിരിച്ചെടുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഇന്ന് അര്‍ധരാത്രി മുതല്‍ പണിമുടക്ക് തുടങ്ങുന്നത്.

കെഎസ്ആര്‍ടിസിയില്‍ സാമ്പത്തിക പ്രതിസന്ധിയും, പ്രശ്‌നങ്ങളും നിലനില്‍ക്കുമ്പോഴും പണിമുടക്കല്ലാതെ മറ്റു മാര്‍ഗ്ഗങ്ങള്‍ മുന്നിലില്ലെന്നാണ് തൊഴിലാളി യൂണിയനുകളുടെ നിലപാട്. ഭരണ, പ്രതിപക്ഷ യൂണിയനുകള്‍ ഉള്‍പ്പെട്ട സമരസമിതിയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. മാനേജ്‌മെന്റ് തലത്തിലുള്ള ചര്‍ച്ചയില്‍ പരിഹാരമുണ്ടായില്ലെങ്കില്‍ മാത്രമേ സര്‍ക്കാര്‍ ഇടപെടുകയുള്ളൂവെന്നാണ് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ വ്യക്തമാക്കിയിരിക്കുന്നത്.

എം.ഡിയുമായി നടത്തുന്ന ചര്‍ച്ച പരാജയപ്പെട്ടതോടെ മന്ത്രിതലത്തില്‍ ഇടപെടല്‍ ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. തുടര്‍ച്ചയായ ഹര്‍ത്താലിനും പണിമുടക്കിനും പിന്നാലെ ബസ് സമരം കൂടി വരുന്നത് ജനജീവിതം ദുസഹമാക്കും. കോര്‍പ്പറേഷന്റെ വരുമാനത്തെയും കാര്യമായി ബാധിക്കും. അതുകൊണ്ടുതന്നെ പ്രശ്നം രമ്യമായി പരിഹരിക്കണമെന്ന് സര്‍ക്കാരും കെ.എസ്.ആര്‍.ടി.സിയോട് ആവശ്യപ്പെട്ടിട്ടിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കെ പണിമുടക്കിനെ അഭിമുഖീകരിക്കാനുള്ള ശേഷിയും കെ.എസ്.ആര്‍.ടി.സിക്കില്ല. ഈ സമരവുമായി ജീവനക്കാര്‍ മുന്നോട്ടു പോയാല്‍ അതിഭീകര പ്രതിസന്ധിയാണ് കോര്‍പ്പറേഷനെ കാത്തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here